5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന സ്വപ്‌നം

5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന സ്വപ്‌നം

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ മാറ്റുമെന്നാണ് മോദി സര്‍ക്കാരിന്റെ അവകാശാവാദം. ഇത് സാധ്യമാകണമെങ്കില്‍ അസാധാരണ പ്രകടനം തന്നെ വേണം

ശനിയാഴ്ച്ച ഹൈദരാബാദില്‍ ഒരു ചടങ്ങിനിടെ സംസാരിക്കവെ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യന്‍ പറഞ്ഞത് അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ കാര്യമാണെന്ന് തന്നെയാണ്. അതിമോഹമാണെന്ന് തോന്നിയേക്കാമെങ്കിലും അഞ്ച് ട്രില്യണ്‍ ഡോളറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യബോധമുള്‍ക്കൊണ്ടുള്ളതാണ്. അത് സാധ്യവുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനമാണ് അതിന് സാധൂകരണമായി സുബ്രഹ്മണ്യന്‍ പറഞ്ഞത്.

2018 ജനുവരിയില്‍ ദാവോസില്‍ വെച്ചുനടന്ന ലോകസാമ്പത്തിക ഫോറം ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന മോഹം പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് പറഞ്ഞത്. 2025 ആകുമ്പോഴേക്കും ഈ ലക്ഷ്യത്തില്‍ ഇന്ത്യ എത്തിച്ചേരുമെന്നായിരുന്നു മോദിയുടെ ലോകനേതാക്കളെ സാക്ഷിയാക്കി മോദിയുടെ പ്രഖ്യാപനം. അതിന് ശേഷം ഈ ജൂണ്‍ മാസത്തില്‍ നടന്ന നിതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ 2019ലെ ബജറ്റില്‍ പുതിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമനും അത് പ്രഖ്യാപിച്ചു, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറിലെത്തു.

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന 2014ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം ഏകദേശം 1.85 ട്രില്യണ്‍ ഡോളറായിരുന്നു. പോയ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് 2.7 ട്രില്യണ്‍ ഡോളറിലെത്തി. അതുകൊണ്ടതന്നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളറെന്നത് അത്ര അപ്രാപ്യമായ സംഗതിയൊന്നുമല്ല എന്നാണ് ടീം മോദിയുടെ പക്ഷം.

ഒരു ട്രില്യണ്‍ ഡോളര്‍ എന്ന നാഴിലക്കല്ലിലെത്താന്‍ ഇന്ത്യ 55 വര്‍ഷമെടുത്തു. അതിനു ശേഷം തരക്കേടില്ലാത്ത വേഗത്തിലായിരുന്നു മുന്നേറ്റം. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അഞ്ച് ട്രില്യണ്‍ ഡോളറിലെത്തിയാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഭാരതം മാറും. മുന്നില്‍ അവശേഷിക്കുന്നത് യുഎസും ചൈനയും മാത്രമാകും. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ അനുസരിച്ച് ഇത് ലക്ഷ്യം കൈവരിക്കാനാകുമോയെന്നതാണ് പലരുടെയും സംശയം. ഏഴ് ശതമാനത്തില്‍ താഴെയായ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടിന് മുകളിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല നിക്ഷേപ വളര്‍ച്ചയിലെ മന്ദഗതി മാറ്റേണ്ടതുമുണ്ട്. പൊതുചെലവിടലിലെ വര്‍ധനയ്ക്ക് പുറമെ സ്വകാര്യ നിക്ഷേപത്തില്‍ അസാമാന്യമായ കുതിപ്പ് തന്നെ വേണം. ഉപഭോഗ വളര്‍ച്ചയില്‍ മന്ദിപ്പ് നേരിട്ടത് വരുന്ന പാദങ്ങളില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലായേക്കും. ഇന്ത്യ പോലെ വലിയൊരു രാജ്യത്തിന് വളരാന്‍ അനുഗുണമായ സ്ഥിതി വിശേഷങ്ങളുണ്ട് നിലവില്‍ എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിക്ഷേപ അനുകൂലമാണ് കാലാവസ്ഥയെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. ജീവിതനിലവാരവും ബിസിനസ് നിലവാരവും അതനുസരിച്ച് ഉയരുകയും വേണം.

Categories: Editorial, Slider