പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ സൗദി ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റിയാദ്: വനിതകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പതിനെട്ട് വയസിന് മുകളിലുള്ള പുരുഷനും സ്ത്രീയും കുടുംബത്തിലെ രക്ഷിതാവായ പുരുഷന്റെ അനുമതിയോട് കൂടിയേ യാത്ര ചെയ്യാവൂ എന്ന് നിഷ്കര്‍ഷിക്കുന്ന കര്‍ശന നിയമ വ്യവസ്ഥ ഇല്ലാതാക്കാനാണ് സൗദി ആലോചിക്കുന്നതെന്ന് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ രക്ഷിതാവായ പുരുഷന്റെ സമ്മതമില്ലാതെ തന്നെ സ്ത്രീകള്‍ക്ക് രാജ്യ വിടാന്‍ സാധിക്കും. അതേസമയം സ്ത്രീകളുടെ വിവാഹം, തൊഴില്‍ തുടങ്ങി നിരവധി അവകാശങ്ങളുമായി ബന്ധപ്പെട്ട പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങള്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ഈ തീരുമാനം എപ്പോഴാണ് പ്രാബല്യത്തില്‍ വരികയെന്ന് വ്യക്തമല്ലെങ്കിലും സമീപകാലത്ത് തന്നെ ഇത് നടപ്പാകുമെന്നാണ് റിപ്പോര്‍ട്ട്. സൗദി സര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച പ്രതികരണം ലഭ്യമായിട്ടില്ല.
കുടുംബത്തില്‍ നിന്നും രക്ഷപ്പെട്ട് നിരവധി സൗദി വനിതകള്‍ വിദേശങ്ങളില്‍ അഭയം തേടുന്ന സംഭവങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സൗദി സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. സ്ത്രീകളുടെ സംരക്ഷണം പുരുഷന്മാരുടെ കടമയാണെന്ന പഴഞ്ചന്‍ ചിന്താഗതിയുടെ പിന്‍ബലത്തിലാണ് ഇത്തരം യാഥാസ്ഥിതിക നിയമങ്ങള്‍ സൗദിയില്‍ നിലനിന്ന് പോരുന്നത്. പുരുഷ രക്ഷിതാവിന്റെ അനുവാദമില്ലാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് സഞ്ചരിക്കാനോ, വിവാഹം ചെയ്യാനോ, ജോലി ചെയ്യാനോ സാധിക്കില്ല. സ്ത്രീകള്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്താല്‍ അക്കാര്യം പുരുഷ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്ന സര്‍ക്കാര്‍ ആപ്പ് പോലും സൗദിയില്‍ നിലവിലുണ്ട്.
ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ നിന്നും മോചിപ്പിച്ച് സൗദിയെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് രാജ്യത്തിന്റെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട വിലക്കിന് ശേഷം 2017ല്‍ സൗദിയില്‍ സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിച്ച് കൊണ്ടുള്ള ഉത്തരവുണ്ടായത് അത്തരം പരിഷ്കാരങ്ങളില്‍ ഒന്നാണ്.