മൂല്യവര്‍ധിത നികുതി സംവിധാനം ഏര്‍പ്പെടുത്താന്‍ ഒമാന് മേല്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ സമ്മര്‍ദ്ദം

മൂല്യവര്‍ധിത നികുതി സംവിധാനം ഏര്‍പ്പെടുത്താന്‍ ഒമാന് മേല്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ സമ്മര്‍ദ്ദം

ഒമാന്റെ സാമ്പത്തിക ഏകീകരണ പദ്ധതികള്‍ അന്താരാഷ്ട്ര നാണ്യനിധി സ്വാഗതം ചെയ്തു സര്‍ക്കാര്‍ ചിലവിടലുമായി ഒത്തുപോകാന്‍ മൂല്യവര്‍ധിത നികുതി വ്യവസ്ഥയും മറ്റ് നടപടികളും ഉണ്ടാകണം

മസ്‌കറ്റ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എത്രയും പെട്ടെന്ന് രാജ്യത്ത് മൂല്യവര്‍ധിത നികുതി സംവിധാനം(വാറ്റ്) ഏര്‍പ്പെടുത്തണമെന്ന് ഒമാനോട് അന്താരാഷ്ട്ര നാണ്യനിധി. 2014ലെ എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും തിരിച്ചുകയറാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാറ്റ് നടപ്പിലാക്കാന്‍ അന്താരാഷ്ട്ര നാണ്യനിധി ഒമാന് മേല്‍ സമ്മര്‍ദ്ദം ചെലത്തുന്നത്.

2014ലെ എണ്ണവിലത്തകര്‍ച്ച ഗള്‍ഫ് മേഖലയിലെ സമ്പദ് വ്യവസ്ഥകളെ ഒന്നാകെ പിടിച്ചുലച്ചിരുന്നു. ഇതെതുടര്‍ന്ന് 2018 ജനുവരി 1 മുതല്‍ സൗദി അറേബ്യയും യുഎഇയും ജിസിസിയില്‍ ആദ്യമായി 5 ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിന് ശേഷം ബഹ്‌റൈനും ഇതേ പാത സ്വീകരിച്ചു. എന്നാല്‍ ഒമാന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ രാജ്യത്ത് ഇതുവരെയും മൂല്യവര്‍ധിത നികുതി വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടില്ല.

നിലവിലെ സാമ്പത്തിക ഏകീകരണ പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള ഒമാന്റെ തീരുമാനത്തെ അന്താരാഷ്ട്ര നാണ്യനിധി സ്വാഗതം ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ ചിലവിടലുമായി ഒത്തുപോകുന്നതിന് വേണ്ടി ശക്തമായ മൂല്യവര്‍ധിത നികുതി സംവിധാനവും മറ്റ് നടപടികളും സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും അന്താരാഷ്ട്ര നാണ്യനിധി മുന്നോട്ട് വെച്ചു. ഫണ്ട് ചിലവഴിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍, പൊതുനിക്ഷേപങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍, എണ്ണവിപണിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ എന്നിവയെ ആധാരമാക്കിയുള്ള ഇടക്കാല സാമ്പത്തിക ക്രമീകരണ പദ്ധതി നടപ്പിലാക്കാനുള്ള ഒമാന്‍ അധികൃതരുടെ തീരുമാനത്തെ അന്താരാഷ്ട്ര നാണ്യനിധി സ്വാഗതം ചെയ്തു.

അന്താരാഷ്ട്ര നാണ്യനിധിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. 2014ലെ എണ്ണവിലത്തകര്‍ച്ചയ്ക്ക് ശേഷം സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള വളര്‍ച്ചയും നിയമനങ്ങളും ശക്തിപ്പെടുത്തി, വൈവിധ്യവല്‍ക്കരണം പ്രോല്‍സാഹിപ്പിച്ച് കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വര്‍ധിപ്പിക്കാനുള്ള നയങ്ങളാണ് ഒമാന്‍ കൈക്കൊണ്ടതെന്ന് അന്താരാഷ്ട്ര നാണ്യനിധി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മുതല്‍ മാത്രമാണ് രാജ്യത്തെ സാമ്പത്തിക മേഖല തളര്‍ച്ചയില്‍ നിന്നും കരകയറാന്‍ ആരംഭിച്ചത്. മൊത്തത്തിലുള്ള ധന, കറന്റ് എക്കൗണ്ട് കമ്മിയില്‍ വലിയ അഭിവൃദ്ധി ഉണ്ടായിട്ടുണ്ടെന്നും എണ്ണവിലയിലുണ്ടായ പുരോഗതി മൂലമാണിതെന്നും അന്താരാഷ്ട്ര നാണ്യനിധി കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും രാജ്യം നേരിടുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര നാണ്യനിധി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്റെയും മറ്റ് മേഖലകളുടെയും കടങ്ങള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ചില സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ വൈകിയെന്നും അന്താരാഷ്ട്ര നാണ്യനിധി കുറ്റപ്പെടുത്തി.

2017ല്‍ 0.5 ശതമാനം വരെ താഴ്ചയില്‍ എത്തിയ ശേഷം ഒമാന്‍ സമ്പദ് വ്യവസ്ഥ പതുക്കെ തളര്‍ച്ചയില്‍ നിന്നും തിരിച്ചുകയറാന്‍ ആരംഭിച്ചിട്ടുണ്ട്. എണ്ണ ഇതര മേഖലയില്‍ നിന്നുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം 1.5 ശതമാനമായി ഉയര്‍ന്നു. എണ്ണവിലയിലുണ്ടായ വിലവര്‍ധനവ് വിപണിയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു എന്നതിന് തെളിവാണിത്. കൂടാതെ, എണ്ണ, വാതക ഉല്‍പ്പാദനം വര്‍ധിപ്പിച്ചത് എണ്ണ വിപണിയില്‍ നിന്നുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2018ല്‍ 3.1 ശതമാനമായി ഉയരാന്‍ ഇടയാക്കിയെന്നും അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ റിയല്‍ ജിഡിപി 2.2 ശതമാനമായി വളരാന്‍ ഇടയാക്കി.

സാമ്പത്തിക വൈവിധ്യവല്‍ക്കരണം തുടരുകയാണെങ്കില്‍ എണ്ണ ഇതര മേഖലയുടെ വളര്‍ച്ച 7 ശതമാനം വരെയായി വര്‍ധിക്കാനാണ് സാധ്യത. സമ്പദ് മേഖലയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായി കൂടുതല്‍ സാമ്പത്തിക ക്രമീകരണങ്ങള്‍ തുടരണമെന്ന് അന്താരാഷ്ട്ര നാണ്യനിധി എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Arabia