ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വിട വാങ്ങി

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വിട വാങ്ങി

പ്യൂബ്ലയില്‍ നിര്‍മ്മിച്ച രണ്ടും മൂന്നും തലമുറ ബീറ്റിലുകള്‍ ലോകമാകെ 91 വിപണികളില്‍ വിറ്റു

പ്യൂബ്ല, മെക്‌സിക്കോ : ആഗോള വാഹന വിപണിയിലെ പ്രതിഭാസമായ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഇനിയില്ല. കുഞ്ഞന്‍ കാറിന്റെ ഉല്‍പ്പാദനം ഫോക്‌സ്‌വാഗണ്‍ അവസാനിപ്പിച്ചു. ഫോക്‌സ്‌വാഗണിന്റെ മെക്‌സിക്കോ പ്ലാന്റില്‍നിന്ന് അവസാന ബീറ്റില്‍ പുറത്തെത്തിച്ചു. പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് ഡെനിം ബ്ലൂ നിറത്തില്‍ പുറത്തുവന്ന ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വില്‍പ്പനയ്ക്കുള്ളതല്ല. മറിച്ച്, പ്യൂബ്ലയിലെ ഫോക്‌സ്‌വാഗണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെയ്ക്കും. വിവിധ തലമുറകളിലായി ആഗോള വിപണികളിലെത്തിയ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ബീറ്റിലിന് പകരം വടക്കേ അമേരിക്കന്‍ വിപണി ലക്ഷ്യമാക്കി കോംപാക്റ്റ് എസ്‌യുവി നിര്‍മ്മിക്കാനാണ് ഫോക്‌സ്‌വാഗണ്‍ മെക്‌സിക്കോ യൂണിറ്റിന്റെ തീരുമാനം.

ഏകദേശം അമ്പത് ലക്ഷത്തോളം ബീറ്റിലുകളാണ് യുഎസ്സില്‍ മാത്രം ഫോക്‌സ്‌വാഗണ്‍ വിറ്റത്. ടൈപ്പ് വണ്‍ എന്ന പേരിലാണ് അമേരിക്കയില്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ പരിചയപ്പെടുത്തിയത്. ലോകമാകെ 2.15 കോടി യൂണിറ്റ് ബീറ്റില്‍ വില്‍ക്കാന്‍ ജര്‍മ്മന്‍ കമ്പനിക്ക് സാധിച്ചു. 1998 ല്‍ ‘പുതിയ ബീറ്റില്‍’ വിപണിയില്‍ അവതരിപ്പിച്ചു. ‘മോഡേണ്‍ റെട്രോ’ ഡിസൈന്‍ ഭാഷയിലാണ് പുതിയ ബീറ്റില്‍ വിപണിയിലെത്തിയത്. 1998 നും 2010 നുമിടയില്‍ 12 ലക്ഷത്തില്‍ കൂടുതല്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റിലുകള്‍ വിറ്റു. 2011 ല്‍ മൂന്നാമത്തെയും ഇപ്പോഴത്തെയും തലമുറ ബീറ്റില്‍ 2012 മോഡലായി യുഎസ്സില്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. ഈ മോഡലിന്റെ അഞ്ച് ലക്ഷത്തിലധികം യൂണിറ്റാണ് നിര്‍മ്മിച്ചത്.

കൂപ്പെ, കണ്‍വെര്‍ട്ടിബിള്‍ എന്നീ ബോഡി സ്‌റ്റൈലുകളിലാണ് രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ ബീറ്റില്‍ നിര്‍മ്മിച്ചിരുന്നത്. ഈ രണ്ട് തലമുറകളിലെയും ബീറ്റില്‍ ആകെ 23 വ്യത്യസ്ത ബോഡി നിറങ്ങളിലും 32 ഇന്റീരിയര്‍ ട്രിമ്മുകളിലും 13 വ്യത്യസ്ത എന്‍ജിന്‍ കോണ്‍ഫിഗറേഷനുകളിലും ഡ്യൂണ്‍, ഡെനിം, കോസ്റ്റ്, പിങ്ക് ബീറ്റില്‍ എന്നിങ്ങനെ 19 സ്‌പെഷല്‍ എഡിഷനുകളിലുമാണ് വിപണിയിലെത്തിച്ചത്. പ്യൂബ്ലയില്‍ നിര്‍മ്മിച്ച രണ്ടും മൂന്നും തലമുറ ബീറ്റിലുകള്‍ ലോകമാകെ 91 വിപണികളില്‍ വിറ്റു.

Comments

comments

Categories: Auto