കഥകളിലൂടെ ടെക്പഠനം രസകരമാക്കാം

കഥകളിലൂടെ ടെക്പഠനം രസകരമാക്കാം

സയന്‍സ്, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങള്‍ ലളിതവും രസകരവുമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കുന്ന സംരംഭമാണ് സ്ട്രീം മൈന്‍ഡ്‌സ്.

സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ് ഇന്ന് ലോകം. ജീവിതത്തിലെ ഓരോ മുക്കിലും മൂലയിലും കടന്നുകയറി അവ നമുക്കുമേല്‍ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, 3ഡി പ്രിന്റിംഗ് എന്നിങ്ങനെയുള്ള നവീന സാങ്കേതിക പദങ്ങള്‍ ഇന്ന് നമുക്ക് ഏറെ പരിചിതമാണ്. സാങ്കേതികവിദ്യ ഇന്ന് നമ്മുടെ ഏവരുടേയും ഹീറോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഹീറോയെ പുതിയ തലമുറയിലെ കൊച്ചുകുട്ടികള്‍ക്ക് അവര്‍ക്ക് മനസിലാകും വിധം ലളിതമായ ഭാഷയില്‍ പറഞ്ഞു പഠിപ്പിക്കുന്ന സംരംഭമാണ് സ്ട്രീം മൈന്‍ഡ്‌സ്. സയന്‍സും ടെക്‌നോളജിയും ലളിതമാക്കപ്പെടുകയാണിവിടെ.

ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ട്രീം മൈന്‍ഡ്‌സ് ഒരു കുടുംബ സംരംഭമാണെന്നു പറയാം. 2017ല്‍ ജയ പരാശറിനൊപ്പം മകള്‍ അങ്കിത പരാശറും ചേര്‍ന്നാണ് ഈ സംരംഭം പടുത്തുയര്‍ത്തിയത്.

ടെക്‌നോളജി കുട്ടികളിലേക്ക്

സയന്‍സ്, സാങ്കേതികവിദ്യ, എഴുത്ത്/വായന, കണക്ക്, കലകള്‍ എന്നിവയെല്ലാം ലളിതമായി കുട്ടികളെ പഠിപ്പിക്കുന്ന സംരംഭമാണ് സ്ട്രീം മൈന്‍ഡ്‌സ്. സാങ്കേതികവിദ്യ എന്തെന്ന് ചെറിയ കുട്ടികളെ പഠിപ്പിക്കുക അത്ര എളുപ്പമല്ല. കഥകളിലൂടെയും വരകളിലൂടെയും നിറം കൊടുത്തുമൊക്കെ കുട്ടികള്‍ക്ക് ദൈനംദിനം ജീവിതത്തിലെ സയന്‍സ, സാങ്കേതിക വിദ്യ വിഷയങ്ങളെ കുറിച്ചുള്ള അറിവ് പകരാനുള്ള ശ്രമമാണ് സംരംഭത്തിലൂടെ നല്‍കപ്പെടുന്നത്. ചെറുപ്പം മുതല്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനമറിഞ്ഞു വളരാന്‍ സംരംഭത്തിന്റെ പരിശീലനരീതി സഹായിക്കും.

ദുബായില്‍ താമസിച്ചിരുന്ന ജയയും അങ്കിതയും ഇന്ത്യയിലെത്തിയ ശേഷമാണ് സംരംഭത്തിന് തുടക്കമിട്ടത്. ദുബായില്‍ പ്രീമിയര്‍ ജെനി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ നേടിയ റോബോട്ടിക്‌സ് പരിശീലനം അങ്കിതയ്ക്ക് സ്ട്രീം മൈന്‍ഡ് തുടങ്ങാനുള്ള ഊര്‍ജ്ജം നല്‍കി. ദുബായില്‍ രണ്ടു വര്‍ഷത്തോളം നാനൂറില്‍ പരം കുട്ടികള്‍ക്ക് അങ്കിത പരിശീലനം നല്‍കിയിരുന്നു. ” ഒരു സംരംഭം തുടങ്ങുന്നതിലേക്ക് ഞങ്ങള്‍ എത്തിയത് വളരെ സ്വാഭാവികമായാണ്. വിദ്യാഭ്യാസം രസകരമാക്കുകയാണ് ലക്ഷ്യം, കുട്ടികളെ ബോറടിപ്പിക്കാതെയുള്ള പഠന രീതിക്കാണ് ഇവിടെ പ്രാധാന്യം,” അങ്കിത പറയുന്നു.

സ്ട്രീം മൈന്‍ഡ്‌സില്‍ സ്‌ക്രീന്‍ ഒഴിവാക്കിക്കൊണ്ടുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടാതെ പോകുന്ന കാര്യങ്ങള്‍ കഥകളിലൂടെയും കലാരൂപങ്ങളിലൂടെയും കുട്ടികളുടെ മനസിലേക്ക് എത്തിക്കുന്നു. കഥകളിലൂടെ രസകരമായി അവര്‍ കാണുന്ന കാഴ്ചകള്‍ അത്ര പെട്ടെന്ന് മായുന്നില്ല എന്നതാണ് ഈ പരിശീലനത്തിന്റെ ഏറ്റവും വലിയ സവിശേഷത.

കഥകളിലൂടെ ഇലക്ട്രോണിക്‌സ് പാഠങ്ങള്‍

കഥകളിലൂടെയാണ് ഇവിടെ ഇലക്ട്രോണിക്‌സ് കുട്ടികളെ പഠിപ്പിക്കുന്നത്. ഷോര്‍ട്‌സ് സര്‍ക്യൂട്ട് എന്ന പേരിലറിയപ്പെടുന്ന പേപ്പര്‍ സര്‍ക്യൂട്ട് ബുക്കിലൂടെ കഥപറച്ചില്‍ രൂപത്തിലാണ് ഇലക്‌ട്രോണിക്‌സ് പഠനം ഇവര്‍ കുട്ടികളിലേക്ക് എത്തിക്കുന്നത്. കുട്ടികള്‍ക്ക് കഥയിലെ കഥാപാത്രങ്ങളുമായി ഇഴചേര്‍ന്ന അടുപ്പമുണ്ടാകും. ഈ അടുപ്പം അവരെ പഠനവുമായി ബന്ധിപ്പിക്കുന്നു, കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കുന്നു. കുട്ടികളെ ബോറടിപ്പിക്കാതെ പഠനം ഇത്തരത്തില്‍ രസകരമാക്കാം. സംരംഭത്തിന് പേറ്റന്റ് ലഭിച്ച ഉല്‍പ്പന്നമാണ് ഷോര്‍ട് സര്‍ക്യൂട്ട്‌സ്.

രണ്ടാം നിര, മൂന്നാംനിര നഗരങ്ങളിലെ വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. ഗുരുഗ്രാമിലെ അഞ്ചോളം സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഷോര്‍ട് സര്‍ക്യൂട്‌സിലൂടെ പരിശീലന ക്ലാസുകളും നല്‍കിവരുന്നു. ഗുരുഗ്രാമില്‍ തന്നെയുള്ള സംരംഭ കേന്ദ്രത്തില്‍ സാങ്കേതികവിദ്യയോട് അഭിരുചിയുള്ള കുട്ടികള്‍ക്ക് വിവിധ മേഖലകളെ കുറിച്ച് പഠിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംരംഭത്തിന്റെ തുടക്കത്തില്‍ ആശയം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനും വിദ്യാര്‍ത്ഥികളെ ലഭിക്കുന്നതിനും ഏറെ ബുദ്ധിമുട്ടിയെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ അവ തരണം ചെയ്യാനായെന്ന് അങ്കിത പറയുന്നു. ”സംരംഭത്തെ കുറിച്ച് അറിവുള്ള, ഞങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളിലൂടെയാണ് സ്ഥാപനത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. രക്ഷിതാക്കള്‍ പഠനരീതിയുടെ നല്ല വശങ്ങള്‍ മനസിലാക്കി സ്‌കൂളുകളില്‍ പരാമര്‍ശിക്കുകയും ചെയ്യും. കുട്ടികള്‍ക്കു വേണ്ടിയുള്ള സംരംഭം കുട്ടികളിലൂടെ വളരുന്നു,” അങ്കിത പറയുന്നു.

ഷോര്‍ട് സര്‍ക്യൂട്ട്‌സിന്റെ പ്രോട്ടോടൈപ്പ് മാതൃക കുടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും അവ അന്താരാഷ്ട്ര വിപണിയിലെത്തിക്കാനുമാണ് സംരംഭത്തിന്റെ അടുത്ത ശ്രമം. പരീക്ഷണാടിസ്ഥാനത്തിലുളള പാഠ്യരീതിക്ക് പ്രാധാന്യം നല്‍കുന്ന സംരംഭം ഭാവിയില്‍ പഠനം രസകരമാക്കുന്ന മാതൃകയില്‍ ഒരു സ്‌കൂള്‍ തുടങ്ങാനും ലക്ഷ്യമിടുന്നു.

Categories: FK Special, Slider
Tags: Tech studies