ജുലൈ മഴയിലും കുറവ്: ഇന്ത്യ നേരിടാന്‍ പോകുന്നത് വരള്‍ച്ചയോ ?

ജുലൈ മഴയിലും കുറവ്: ഇന്ത്യ നേരിടാന്‍ പോകുന്നത് വരള്‍ച്ചയോ ?

ന്യൂഡല്‍ഹി: ഈ വര്‍ഷം ജുലൈ ഏഴ് വരെയുള്ള ദിവസങ്ങളിലെ കണക്ക്പ്രകാരം ഇന്ത്യയിലെ 266 ജില്ലകളില്‍ മഴയുടെ തോതിലുണ്ടായ കുറവ് 40 ശതമാനത്തിലും കൂടുതലാണ്. പകുതി ജില്ലകളില്‍ 60 ശതമാനവും, 46 ജില്ലകളില്‍ 80 ശതമാനവും മഴയുടെ കുറവാണുണ്ടായിരിക്കുന്നത്. ഭൂരിഭാഗവും വടക്കേ ഇന്ത്യയിലുള്ള ജില്ലകളിലാണു മഴയുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് അവിടെ മണ്‍സൂണെത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലും മഴ യഥാക്രമം 45ും 48ും ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ഭൂരിഭാഗം സ്ഥലങ്ങളും അഭിമുഖീകരിക്കാന്‍ പോകുന്നത് കടുത്ത വരള്‍ച്ചയെയായിരിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ദക്ഷിണേന്ത്യയില്‍ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ച സംസ്ഥാനങ്ങള്‍ കര്‍ണാടകയും, ആന്ധ്രപ്രദേശുമാണ്. 1877 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ആറ് വരള്‍ച്ച സംഭവിച്ചത് ജുലൈ മാസത്തിലെ മഴയിലുണ്ടായ കുറവിനെ തുടര്‍ന്നായിരുന്നെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് പറയുന്നു. മണ്‍സൂണ്‍ എത്താന്‍ വൈകിയതാണു മഴയില്‍ കുറവ് സംഭവിക്കാന്‍ കാരണമായതെന്നു കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മണ്‍സൂണ്‍ മഴയിലുണ്ടാകുന്ന കുറവ് ജലസ്രോതസുകള്‍ വറ്റാനും, ഭൂഗര്‍ഭ ജലനിരപ്പ് കുറയാനും ഇടയാക്കും. ഇത് വേനല്‍ക്കാലത്ത് ജലക്ഷാമത്തിന്റെ രൂക്ഷത വര്‍ധിക്കാനും കാരണമാകും. കേരളത്തില്‍ ഈ വര്‍ഷം ജൂണില്‍ മണ്‍സൂണ്‍ മഴയുടെ 69 ശതമാനം മാത്രമാണ് ലഭിച്ചതെന്നു വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വി.പി.ദിനേശന്‍ പറഞ്ഞു.

Comments

comments

Categories: FK News, Life