പുതിയ ഇ-കൊമേഴ്‌സ് നിയമം സൗദി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: വാണിജ്യ മന്ത്രി

പുതിയ ഇ-കൊമേഴ്‌സ് നിയമം സൗദി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: വാണിജ്യ മന്ത്രി

വാണിജ്യ രജിസ്‌ട്രേഷന്‍ ഇല്ലാതെയും ബിസിനസ് നടത്താം

റിയാദ്: പുതിയ ഇ-കൊമേഴ്‌സ് നയം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മജിദ് അല്‍ ഖാസബി. വാണിജ്യ രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഇ-കൊമേഴ്‌സ് മേഖലയില്‍ ബിസിനസ് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം.

ബിസിനസ് ഇടപാടുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുക, ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഉപഭോക്താക്കളുട അവകാശം സംരക്ഷിക്കുക, വഞ്ചനകളില്‍ നിന്നും അവരെ രക്ഷിക്കുക തുടങ്ങിയവയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്ന് ഖാസബി പറഞ്ഞു. ഉപഭോക്താക്കളെയും ഇ-ട്രേഡുകാരെയും ചതിക്കുഴികളില്‍ നിന്നും രക്ഷിക്കുന്നതിനായുള്ള 26 വകുപ്പുകളും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അതേസമയം ഇ-കൊമേഴ്‌സ് ബിസിനസ് ചെയ്യാന്‍ ആലോചിക്കുന്നവര്‍ അതിനുവേണ്ടി ഒരു സ്ഥലം കണ്ടെത്തുകയും ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുകയും എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തി വെക്കുകയും വേണം. ഇവര്‍ തങ്ങളുടെ വ്യാപാരം, ചരക്ക്, സേവനം സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കളോട് വെളിപ്പെടുത്തണമെന്നും ഉപഭോക്തൃ അവകാശങ്ങള്‍ ഉറപ്പ് വരുത്തണമെന്നും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല, ഉല്‍പ്പന്നങ്ങളുടെ വൈകിയുള്ള ഡെലിവറി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം. വഞ്ചന തടയുന്നതിനായി ഇ-കൊമേഴ്‌സ് രംഗം വഴിയുള്ള പരസ്യങ്ങള്‍ക്കും പുതിയ നിയമം നിയന്ത്രണമേര്‍പ്പെടുത്തുന്നു.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നം തിരിച്ചയക്കാനുള്ള അവകാശവും ഈ നിയമം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഉല്‍പ്പന്നം കിട്ടിയില്ലെങ്കില്‍ ഓര്‍ഡര്‍ റദ്ദ് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഒന്നോ അതിലധികമോ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും അത്തരം ലംഘനങ്ങള്‍ക്ക് ഒരു മില്യണ്‍ സൗദി റിയാല്‍ വരെ പിഴ ചുമത്തണമെന്നും നിയമത്തില്‍ പറയുന്നു.

സര്‍ക്കാര്‍-സ്വകാര്യ മേഖല പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇ-കൊമേഴ്‌സ് ബോര്‍ഡിന്റെ രൂപീകരണത്തിന് നേരത്തെ മന്ത്രിസഭ പച്ചക്കൊടി കാട്ടിയിരുന്നു. ഇ-കൊമേഴ്‌സ് മേഖലയ്ക്ക് പിന്തുണ നല്‍കുന്ന 39 പദ്ധതികള്‍ നടപ്പിലാക്കേണ്ട ചുമതലയാണ് ഈ ബോര്‍ഡിനുള്ളത്.

Comments

comments

Categories: Arabia