പുതിയ ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കാര്യക്ഷമം

പുതിയ ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കാര്യക്ഷമം

പുതിയ കാലത്തെ ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാണെന്ന് റിപ്പോര്‍ട്ട്. ഒരേ സമയം നിരവധി ബാക്റ്റീരിയകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന രണ്ട് പുതിയ ആന്റിബയോട്ടിക്കുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇവ എലികളില്‍ പരീക്ഷിച്ചപ്പോള്‍ കാര്യമായ പാര്‍ശ്വഫലങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി. പിഎല്‍ഒഎസ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെ പോരാടുന്നതിന്‍ പുത്തന്‍ പ്രചോദനമാകുന്നതിനൊപ്പം ഇവയുടെ പുതിയ സാധ്യതകളും വ്യക്തമാക്കുന്നു.

ആന്റിബയോട്ടിക്കുകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വളരെയധികം മനുഷ്യരുടെ ജീവന്‍ രക്ഷിച്ചു, അവ സമകാലിക വൈദ്യശാസ്ത്രത്തിന്റെ പ്രധാന മുന്നേറ്റമായി കണക്കാക്കപ്പെടുന്നുവെന്ന് ഫ്രാന്‍സിലെ റെന്നസ് 1 സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന പ്രതിരോധം ക്രമേണ അവയെ ഫലപ്രദമല്ലാതാക്കുന്നുവെന്നതാണ് ഇവയെപ്പറ്റിയുള്ള പ്രധാന വിമര്‍ശനം.
വിപണിയില്‍ കൊണ്ടുവരുന്ന കുറച്ച് പുതിയ ആന്റിബയോട്ടിക്കുകള്‍ അടിസ്ഥാനപരമായി നിലവിലുള്ള ആന്റിബയോട്ടിക്കുകളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ്. മനുഷ്യരില്‍ അണുബാധകള്‍ക്ക് കാരണമാകുന്ന വിവിധ ബാക്ടീരിയകള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ശക്തിയുള്ള മറുമരുന്നായി മാറുന്നു. പല ആന്റിബയോട്ടിക്കുകളും അണുബാധ ബാധിച്ച കോശങ്ങള്‍ക്കൊപ്പം നല്ല രക്താണുക്കളെ കൂടി നശിപ്പിക്കുന്നുവെന്ന വിമര്‍ശനം വന്നപ്പോഴാണ് ശരീരത്തിന് ഹാനികരമല്ലാത്തവയെ ഒഴിവാക്കി, അണുബാധയുള്ള കോശങ്ങളെ മാത്രം നശിപ്പിക്കുന്ന അത്യാധുനിക മരുന്നുകള്‍ കണ്ടെത്തുന്നതിലേക്ക് വൈദ്യശാസ്ത്രലോകം ശ്രദ്ധ കേന്ദ്രീകരിച്ചത്. പുതിയ ആന്റിബയോട്ടിക്ക് സംയുക്തങ്ങള്‍ സജീവമായിത്തന്നെ രോഗനിവാരണത്തിനായി പ്രവര്‍ത്തിക്കുന്നു, മാത്രമല്ല ഇത്തരം സംയുക്തങ്ങളുമായി പലപ്പോഴും നേരിടുന്ന വൃക്കസംബന്ധമായ വിഷാംശത്തിന്റെ കാര്യത്തിലും കുറവുണ്ടാക്കുന്നു. മൃഗങ്ങളില്‍ 10 മുതല്‍ 50 മടങ്ങ് വരെ ഉയര്‍ന്ന അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെച്ചു പരീക്ഷിച്ചുനോക്കിയപ്പോള്‍ പാര്‍ശ്വഫലങ്ങളൊന്നും കാണിച്ചില്ലെന്നും ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: Health
Tags: Antibiotics