സോളാറില്‍ സൂപ്പര്‍ പവറാകാന്‍ മൊറോക്കോ

സോളാറില്‍ സൂപ്പര്‍ പവറാകാന്‍ മൊറോക്കോ

മരുഭൂമിയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള മൊറോക്കോയുടെ ആഗ്രഹം അവരെ ആഗോളതലത്തില്‍ സൗരോര്‍ജ്ജ രംഗത്ത് സൂപ്പര്‍ പവറാക്കാന്‍ പോവുകയാണ്. മൊറോക്കന്‍ നഗരമായ ക്വാര്‍സാസേറ്റില്‍ നാല് പവര്‍ സ്റ്റേഷനുകളാണു തയാറാക്കി കൊണ്ടിരിക്കുന്നത്. മൊറോക്കോയുടെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ സാധിക്കുമെന്നു മാത്രമല്ല, പവര്‍ സ്റ്റേഷനുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പുനരുപയോഗ ഊര്‍ജ്ജം യൂറോപ്പിലേക്കു കയറ്റുമതി ചെയ്ത് രാജ്യത്തിന്റെ കരുതല്‍ ധനശേഖരം ശക്തിപ്പെടുത്തുവാനും സാധിക്കുമെന്നു കരുതുന്നുണ്ട്.

ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ആണവ റിയാക്ടറുകളെ ആശ്രയിക്കുന്നുണ്ട്. 1986-ല്‍ ചെര്‍ണോബില്‍ ആണവ ദുരന്തമുണ്ടായതിനു ശേഷം ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ജെറാര്‍ഡ് നൈസ് പറയുകയുണ്ടായി, ഒരു വര്‍ഷം മുഴുവന്‍ മനുഷ്യരാശിയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ഊര്‍ജ്ജം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നല്‍കാന്‍ ലോകത്തിലെ മരുഭൂമികള്‍ക്കു സാധിക്കുന്നുണ്ടെന്ന്. എന്നാല്‍ പ്രധാന വെല്ലുവിളി എന്നത്, ആ ഊര്‍ജ്ജം പിടിച്ചെടുക്കുകയും അത് ആവശ്യമുള്ള ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിര്‍ദേശം ഇപ്പോള്‍ മൊറോക്കോ എന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. ഇന്നു ഭൂമിയില്‍ വസിക്കുന്ന എല്ലാ മനുഷ്യരും അവരുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 80 ശതമാനവും കല്‍ക്കരി, വാതകം, എണ്ണ എന്നിവ ഉപയോഗിച്ചാണു നിറവേറ്റുന്നത്. ഇവ ഫോസില്‍ ഇന്ധനങ്ങളെന്നാണ് അറിയപ്പെടുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിനും ആഗോളതാപനത്തിനും കാരണമാകുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഇതിന്റെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ലോകം.

ക്ലൈമറ്റ് സയന്‍സിലും (കാലാവസ്ഥാവിജ്ഞാനീയം) ടെക്‌നോളജി രംഗത്തുമുണ്ടായ മുന്നേറ്റം ഊര്‍ജ്ജ രംഗത്ത് ഡിസ്‌റപ്ഷന്‍ (disruption) തീര്‍ത്തതോടെ, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ, തടസമില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന മൊറോക്കോ എന്ന രാജ്യം അതിനെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ചിരിക്കുന്ന ഭീഷണിയെത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ പത്തു വര്‍ഷത്തെ സമയപരിധി ലോകരാഷ്ട്രങ്ങള്‍ക്കു നല്‍കിയിരിക്കുകയാണ്. ചില രാജ്യങ്ങള്‍ ഇപ്പോഴും കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തില്‍ വികസിത രാജ്യങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും, ഈ വിഷയത്തില്‍ സജീവമായി പ്രവര്‍ത്തിക്കണോ എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ മൊറോക്കോ മാതൃകാപരമെന്നു വിശേഷിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാര്‍ ഫാം എന്നു വിശേഷിപ്പിക്കാവുന്ന നാലു ഘട്ടങ്ങളുള്ള ഫാമിന്റെ രണ്ട് ഘട്ടങ്ങള്‍ 2018-ല്‍ പൂര്‍ത്തിയാക്കിരിക്കുന്നു. മൊത്തം 580 മെഗാവാട്ട് ഊര്‍ജ്ജശേഷിയുള്ളതാണു ഫാം. പാരീസ് നഗരത്തിന്റെ വലുപ്പമുള്ള, 3000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന സോളാര്‍ ഫാം മൊറോക്കോയിലെ സഹാറ മരുഭൂമിയുടെ പ്രാന്തപ്രദേശത്തുള്ള ക്വാര്‍സാസേറ്റ് എന്ന നഗരത്തിലാണു നിര്‍മിച്ചിരിക്കുന്നത്. മിറര്‍ ടെക്‌നോളജിയാണ് നൂര്‍ സോളാര്‍ പവര്‍ പ്ലാന്റില്‍ ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജി അധികം പ്രചാരം നേടിയവയല്ല. സോളാര്‍ പവര്‍ പ്ലാന്റില്‍ സാധാരണ ഉപയോഗിച്ചുവരുന്ന ഫോട്ടോവോള്‍ട്ടൈക് പാനലുകളേക്കാള്‍ ചെലവേറിയതുമാണ് മിറര്‍ ടെക്‌നോളജി. 900 കോടി ഡോളറാണു പദ്ധതിക്കായി ചെലവഴിക്കുന്നത്. സോളാര്‍ ഫാമിലെ നൂര്‍ സോളാര്‍ പവര്‍ പ്ലാന്റില്‍ നാല് പവര്‍ സ്റ്റേഷനുകളാണുള്ളത്. മൊറോക്കോയിലെ 1.1 ദശലക്ഷം പേര്‍ക്കു വൈദ്യുതി വിതരണം ചെയ്യാനുള്ള ശേഷി ഈ നാല് പവര്‍ സ്റ്റേഷനുകള്‍ക്കുണ്ട്. നൂര്‍ എന്നാല്‍ അറബിയില്‍ പ്രകാശമെന്നാണ് അര്‍ഥം. നൂര്‍ 1,2,3,4 എന്നിങ്ങനെയാണു നാല് പവര്‍ സ്റ്റേഷനുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

പ്രതിവര്‍ഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ തോത് ഏകദേശം 7,00,000 ടണ്ണിലധികം കുറച്ചു കൊണ്ടുവരാന്‍ നൂര്‍ സോളാര്‍ പ്ലാന്റ് സഹായിക്കുമെന്നു കണക്കാക്കുന്നു. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഒന്നാം നമ്പറാകാന്‍ ലക്ഷ്യമിടുകയാണു മൊറോക്കോ. 2020-ാടെ ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ 42 ശതമാനവും, 2030-ാടെ 52 ശതമാനവും പുനരുപയോഗ ഊര്‍ജ്ജ സ്രോതസില്‍നിന്നും ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണു മൊറോക്കോ കരുതുന്നത്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളെ പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതിയിലൂടെ പാരിസ്ഥിതിക കരാറുകളോടുള്ള അന്താരാഷ്ട്ര പ്രതിബദ്ധത നിറവേറ്റാന്‍ മൊറോക്കോയെ സഹായിക്കുന്നു. അതോടൊപ്പം വികസന പ്രക്രിയയെ തടസപ്പെടുത്താതെ ഊര്‍ജ്ജ ചെലവ് കുറയ്ക്കാനും സഹായിക്കും. ഈ പദ്ധതിയിലൂടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരാന്‍ മൊറോക്കോയെ സഹായിക്കും. അതായത്, ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ മൊറോക്കോ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. മൊറോക്കോയ്ക്ക് ആവശ്യമായി വരുന്ന ഊര്‍ജ്ജത്തിന്റെ 96 ശതമാനം പുറത്തുനിന്നാണു വിതരണം ചെയ്യുന്നത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയ്ക്കിടെയാണ് ഇത്തരത്തില്‍ മൊറോക്കോ ഊര്‍ജ്ജത്തിനായി ഗണ്യമായി ആശ്രയിക്കുന്നത്. അതിലൂടെ രാജ്യത്തിന്റെ നാഷണല്‍ ബജറ്റിന്റെയും വ്യാപാര സന്തുലിതാവസ്ഥയെയും (trade balance) ദോഷകരമായി ബാധിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജ്ജം സംഭരിക്കാനുള്ള ശേഷിയും നൂര്‍ സോളാര്‍ പവര്‍ പ്ലാന്റിലുണ്ട്. ഈ പദ്ധതിയിലൂടെ ക്ലീന്‍ എനര്‍ജി കയറ്റുമതി ചെയ്യാനും മൊറോക്കോയെ സജ്ജമാക്കുന്നുണ്ട്. അതിലൂടെ രാജ്യത്തിന്റെ കരുതല്‍ ധനശേഖരം ശക്തിപ്പെടുത്താനും സുസ്ഥിര വികസന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നതാണു മറ്റൊരു കാര്യം പ്രത്യേകിച്ച്, സഹാറ മേഖലയിലെ അവികസിത ഗ്രാമപ്രദേശങ്ങളില്‍ വലിയ തോതിലുള്ള തൊഴിലവസരമാണു സൃഷ്ടിച്ചിരിക്കുന്നത്. നൂര്‍ സോളാര്‍ പ്ലാന്റില്‍ ഇപ്പോള്‍ തന്നെ 5,000-ത്തോളം ജീവനക്കാരുണ്ട്. ഇവരില്‍ 22 ശതമാനം പേര്‍ മാത്രമാണു വിദേശ ജീവനക്കാര്‍. നൂര്‍ പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ചതോടെ ഒരുകാലത്ത് അവികസിതമായിരുന്ന പ്രദേശത്തേയ്ക്കു പുതിയ റോഡുകള്‍ നിര്‍മിച്ചു. ഗതാഗതം സുഗമമാക്കുന്ന റോഡുകള്‍ വന്നതോടെ മേഖലയിലെ വാണിജ്യരംഗത്തു പുത്തനുണര്‍വ് പ്രകടമാവുകയും ചെയ്തു. നൂര്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാഹചര്യം വന്നതോടെ, സര്‍ക്കാര്‍ 1400 ാളം പേരെ താമസിപ്പിക്കാന്‍ പാര്‍പ്പിട സൗകര്യങ്ങളൊരുക്കുകയും ചെയ്തു. ഈ ഊര്‍ജ്ജ പദ്ധതിക്ക് പ്രാദേശിക ജനങ്ങളുടെ ജീവിതനിലവാരത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു, പ്രത്യേകിച്ച് ഗ്രാമീണ വിദ്യാഭ്യാസ രംഗത്ത്. മൊറോക്കോയും ആഫ്രിക്കന്‍ വികസന ബാങ്കും ചേര്‍ന്ന് 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സൗരോര്‍ജ്ജ ശേഷി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

Comments

comments

Categories: Top Stories