കൂടുതല്‍ വനിതകള്‍ എന്‍ജിനീയര്‍മാരാകട്ടെ; വൈഗഗ്ധ്യമികവോടെ

കൂടുതല്‍ വനിതകള്‍ എന്‍ജിനീയര്‍മാരാകട്ടെ; വൈഗഗ്ധ്യമികവോടെ

എന്‍ജിനീയറിംഗ് രംഗത്തേക്ക് കൂടുതല്‍ വനിതകള്‍ എത്തുന്നുണ്ടെന്നത് ശുഭവാര്‍ത്തയാണ്. എന്നാല്‍ പൊതുവേ മേഖലയിലുള്ള വൈദഗ്ധ്യക്കുറവ് അവരേയും ബാധിക്കുന്നുണ്ട്. അത് കൂടി പരിഹരിക്കപ്പെടണം

രക്ഷിതാക്കളുടെ വരുമാനമോ കുടുംബപശ്ചാത്തലമോ എന്‍ജിനീയര്‍മാരാകുന്നതില്‍ നിന്ന് വനിതകളുടെ തടയുന്നില്ലെന്ന് അടുത്തിടെ ഒരു പഠനറിപ്പോര്‍ട്ട് വന്നിരുന്നു. ഹൈദരാബാദ് കേന്ദ്രമാക്കിയ ടാലന്റ്‌സ്പ്രിന്റ് എന്ന സ്ഥാപനമാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. തങ്ങളുടെ രക്ഷിതാക്കളുടെ വരുമാനമോ വിദ്യാഭ്യാസ പശ്ചാത്തലമോ ഒന്നും ആഗോള ടെക് കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയിലെ യുവതികളെ തടയുന്നില്ല എന്ന സാമാന്യ വിലയിരുത്തല്‍ നടത്തുന്നതായിരുന്നു റിപ്പോര്‍ട്ട്.

വനിതാശാക്തീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ഇക്കാലത്ത് എന്‍ജിനീയറിംഗ് രംഗത്തെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കൂടുതല്‍ വനിതകള്‍ രംഗത്തുവരുന്നുവെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ അതിസാധാരണമായ കുടുംബത്തില്‍ നിന്നും ഇന്ന് ലോകത്തെ യുവഎന്‍ജിനീയര്‍മാരില്‍ പ്രമുഖയായി മാറിയ നികിത ഹരിയെപ്പോലുള്ളവരെല്ലാം നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുന്നുമുണ്ട്. യുകെയില്‍ ഉന്നത പഠനത്തിനായി സ്‌കോളര്‍ഷിപ്പോടെ പോയ നികിത മികച്ച വനിതാ എന്‍ജിനീയര്‍മാരുടെ പട്ടികയിലും ഇടം നേടി. ലോകത്തിന്റെ ഘടന കെട്ടിപ്പടുക്കുന്നത് എന്‍ജിനീയര്‍മാരാണ്, എല്ലാ തൊഴില്‍ രംഗങ്ങളും ശ്രേഷ്ഠമാണെങ്കിലും എന്‍ജിനീയറിംഗ് അല്‍പ്പം വേറിട്ടുനില്‍ക്കുന്നതും അതുകൊണ്ടാണ്. പുതുതലമുറ വിപ്ലവത്തിന്റെ നാന്ദി കുറിക്കപ്പെടുന്ന മേഖലയാണിത്.

എന്നാല്‍ ഇന്ത്യയിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസരംഗത്ത് ചില പോരായ്മകളുമുണ്ടെന്ന് കാണാതിരുന്നുകൂടാ. അതാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയവും. വനിതാ എന്‍ജിനീയര്‍മാരാകാന്‍ അനവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും മേഖലയില്‍ നിലനില്‍ക്കുന്ന പൊതുവായ പ്രശ്‌നം ഇവരെയും ബാധിക്കുന്നുണ്ട്. ടെക്‌നോളജി രംഗത്തെ പുതുപ്രവണതകളെക്കുറിച്ചുള്ള ബോധ്യം ഇന്ത്യന്‍ എന്‍ജിനീയറിംഗ് രംഗത്തുള്ളവര്‍ക്ക് കുറവുണ്ടെന്ന വിമര്‍ശനങ്ങള്‍ തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. ആഗോള തലത്തിലെ വലിയെ ടെക് പദവികളിലേക്ക് എത്തിച്ചേരാന്‍ പലര്‍ക്കും വിലങ്ങുതടിയാകുന്നതും ഇതുതന്നെയാണ്. വേണ്ടത്ര നൈപുണ്യം സിദ്ധിച്ചല്ല ഇന്ത്യന്‍ കാംപസുകളില്‍ നിന്ന് എന്‍ജിനീയര്‍മാര്‍ പുറത്തിറങ്ങുന്നതെന്ന വിമര്‍ശനം ഇപ്പോള്‍ സാധാരണമായി തീര്‍ന്നിട്ടുമുണ്ട്.

ടാലന്റ് സ്പ്രിന്റിന്റെ വനിതാ എന്‍ജിനീയേഴ്‌സ് പദ്ധതിയിലേക്ക് അപേക്ഷിച്ചത് 7276 പേരാണ്. ഇന്ത്യയിലെ 664 കോളെജുകളില്‍ നിന്നും 83 സര്‍വകലാശാലകളില്‍ നിന്നുമായാണ് ഈ ആപ്ലിക്കേഷനുകള്‍ എത്തിയത്. ആഗോള ടെക് ഭീമന്‍ ഗൂഗിളിന്റെ പിന്തുണയോടെയുള്ളതാണ് ഈ പദ്ധതി. 600 വനിതാ എന്‍ജിനീയര്‍മാരെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഗോള ടെക്‌നോളജി രംഗത്ത് വമ്പന്‍ ജോലി നേടാന്‍ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇതിലേക്ക് അപേക്ഷ നല്‍കിയവരില്‍ പകുതി പേര്‍ക്ക് മാത്രമേ പൈത്തോണ്‍, റുബി, സ്‌കല, കോട്‌ലിന്‍, എലിക്‌സിര്‍, ക്ലോജര്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിലെ പുതിയ പ്രവണതകളെകുറിച്ച് ബോധ്യമുള്ളൂവെന്ന് ടാലന്റ് സ്പ്രിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ടെക്‌നോളജി രംഗത്ത് വലിയ ജോലി നേടാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളവരാണ് ഈ കുട്ടികളെങ്കിലും വ്യവസായത്തില്‍ അതിവേഗം വരുന്ന മാറ്റങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരാകുന്നില്ല എന്നത് ഇന്ത്യന്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. സങ്കീര്‍ണമായ നൈപുണ്യ മികവ് ആര്‍ജിക്കുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നാണ് ഇത്തരം പഠന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വിമര്‍ശകര്‍ വാദിക്കുന്നത്. വ്യവസായത്തിന് അനുഗുണമാകുന്ന വിദ്യാര്‍ത്ഥികളെ പുറത്തിറക്കുന്ന നയപരിപാടികളായിരിക്കണം മാനവവിഭവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്.

Categories: Editorial, Slider
Tags: Engineering