മിനി കൂപ്പര്‍ എസ്ഇ അനാവരണം ചെയ്തു

മിനി കൂപ്പര്‍ എസ്ഇ അനാവരണം ചെയ്തു

235-270 കിമീ റേഞ്ച് ലഭിക്കും. ടോപ് സ്പീഡ് മണിക്കൂറില്‍ 150 കിലോമീറ്ററായി പരിമിതപ്പെടുത്തി. 0-60 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 3.9 സെക്കന്‍ഡ് മതി

ഓക്‌സ്‌ഫോഡ് : ബ്രിട്ടീഷ് ബ്രാന്‍ഡായ മിനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ കൂപ്പര്‍ എസ്ഇ അനാവരണം ചെയ്തു. ഐ3 പുറത്തിറക്കിയ ശേഷം ബിഎംഡബ്ല്യു ഗ്രൂപ്പില്‍നിന്ന് പുറത്തുവരുന്ന പുതിയ ഇലക്ട്രിക് കാര്‍ കൂടിയാണ് മിനി കൂപ്പര്‍ എസ്ഇ. മാത്രമല്ല, ബിഎംഡബ്ല്യു ഐ3 ഉപയോഗിച്ച അതേ പ്ലാറ്റ്‌ഫോമിലാണ് മിനി കൂപ്പര്‍ എസ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ഐ3 റിയര്‍ വീല്‍ ഡ്രൈവ് വാഹനമാണെങ്കില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് ഹാച്ച്ബാക്കാണ് മിനി കൂപ്പര്‍ എസ്ഇ. ജര്‍മ്മന്‍ സഹോദരനുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായ പവര്‍, പെര്‍ഫോമന്‍സ് കണക്കുകളിലാണ് മിനി കൂപ്പര്‍ എസ്ഇ വരുന്നത്. ലിഥിയം അയണ്‍ ബാറ്ററികള്‍ നല്‍കുന്ന റേഞ്ചിലും വ്യത്യാസമുണ്ട്.

കാഴ്ച്ചയില്‍, പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേഡ് കൂപ്പര്‍ എസ് മോഡലുമായി സാമ്യം തോന്നാം. എന്നാല്‍ ഇലക്ട്രിക് വാഹനമാണെന്ന് സൂചിപ്പിക്കുന്ന നിരവധി മാറ്റങ്ങള്‍ കൂപ്പര്‍ എസ്ഇ മോഡലില്‍ നല്‍കിയിരിക്കുന്നു. ഗ്രില്ലിലും പുറം കണ്ണാടികളിലും തിളക്കമുള്ള മഞ്ഞ നിറം കാണാം. 2017 മിനി ഇലക്ട്രിക് കണ്‍സെപ്റ്റില്‍ കണ്ടതുതന്നെയാണ് വിചിത്രമായ അലോയ് വീലുകള്‍. ഇലക്ട്രിക് കാര്‍ ആയതുകൊണ്ടുതന്നെ കൂപ്പര്‍ എസ്ഇ യില്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം കാണാന്‍ കഴിയില്ല. കാറിനകത്ത് അതേ ഡാഷ്‌ബോര്‍ഡ്, വൃത്താകൃതിയിലുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കി.

ഇലക്ട്രിക് ഹാച്ച്ബാക്കിലെ ഇലക്ട്രിക് മോട്ടോര്‍ 184 ബിഎച്ച്പി കരുത്തും 270 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.9 സെക്കന്‍ഡും 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജ്ജിക്കാന്‍ 7.3 സെക്കന്‍ഡും മതി. 32.6 കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മിനി കൂപ്പര്‍ എസ്ഇ ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ (വേള്‍ഡ്‌വൈഡ് ഹാര്‍മണൈസ്ഡ് ലൈറ്റ് വെഹിക്കിള്‍സ് ടെസ്റ്റ് പ്രൊസീജര്‍) അനുസരിച്ച് 235-270 കിലോമീറ്റര്‍ റേഞ്ച് സമ്മാനിക്കും. നിസാന്‍ ലീഫുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, 214 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കുമാണ് നിസാന്‍ ലീഫിലെ ഇലക്ട്രിക് മോട്ടോര്‍ പുറപ്പെടുവിക്കുന്നത്. 62 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന നിസാന്‍ ലീഫ് നല്‍കുന്ന റേഞ്ച് ആകട്ടെ 384 കിലോമീറ്റര്‍ (ഡബ്ല്യുഎല്‍ടിപി സൈക്കിള്‍). മിനി കൂപ്പര്‍ എസ്ഇ യുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 150 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കാറിന്റെ അടിത്തട്ടിലാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്. ഗുരുത്വ കേന്ദ്രം 30 എംഎം താഴ്ന്നതാണ്. ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന 3 ഡോര്‍ മിനിയിലെ അതേ കാര്‍ഗോ ശേഷി മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ലഭ്യമാണ്. അതായത് 211 ലിറ്റര്‍. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ ബൂട്ട് ശേഷി 731 ലിറ്ററായി വര്‍ധിപ്പിക്കാം. ബാറ്ററികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഗ്രൗണ്ട് ക്ലിയറന്‍സ് 18 എംഎം വര്‍ധിപ്പിച്ചിരിക്കുന്നു. കൂപ്പര്‍ എസ്ഇ വാഹനത്തിലെ മൊത്തം ഭാരവിതരണം മികച്ച രീതിയില്‍ ആയതിനാല്‍ വളവുകളില്‍ ശരീരലാഘവത്തോടെ വേഗത്തിലും അനായാസവും സഞ്ചരിക്കാന്‍ കഴിയുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു. കൂപ്പര്‍ എസ് ഓട്ടോമാറ്റിക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 145 കിലോഗ്രാം മാത്രമാണ് ഭാരം കൂടുതലുള്ളത്. ബാറ്ററിയുടെ ഭാരമാണ് പ്രധാനമായും വാഹനത്തിന്റെ ആകെ ഭാരം വര്‍ധിപ്പിച്ചത്.

2020 മിനി കൂപ്പര്‍ എസ്ഇ യില്‍ നാല് ഡ്രൈവിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, 2 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, നാവിഗേഷന്‍ സഹിതം 6.5 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓക്‌സിലിയറി ഹീറ്റിംഗ് എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ്, തുകല്‍ അപ്‌ഹോള്‍സ്റ്ററി, നാല് എക്‌സ്റ്റീരിയര്‍ & ഇന്റീരിയര്‍ പാക്കേജുകള്‍ എന്നിവ ഓപ്ഷണലായി ലഭിക്കും.

എസി, ഡിസി ചാര്‍ജിംഗിനായി ടൈപ്പ് 2, സിസിഎസ് കോംബോ 2 പ്ലഗുകള്‍ ഉപയോഗിക്കാം. ഇലക്ട്രിക് ഹാച്ച്ബാക്ക് 35 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാമെന്ന് (പരമാവധി ശേഷി 50 കിലോവാട്ട്) ബിഎംഡബ്ല്യു അറിയിച്ചു. സാധാരണ രീതിയില്‍, 80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിന് രണ്ടര മണിക്കൂര്‍ സമയമെടുക്കും (11 കിലോവാട്ട്).

ഈ വര്‍ഷം നവംബറില്‍ യുകെയിലെ ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ മിനി കൂപ്പര്‍ എസ്ഇ നിര്‍മ്മിച്ചുതുടങ്ങും. പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയതായി ബിഎംഡബ്ല്യു അറിയിച്ചു. 40,000 ത്തിലധികം പേര്‍ ഇതിനകം താല്‍പ്പര്യം അറിയിച്ചുകഴിഞ്ഞു. യൂറോപ്പില്‍ ആദ്യം വില്‍പ്പന ആരംഭിക്കും. മിനി കൂപ്പര്‍ എസ്ഇ ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം പ്രഖ്യാപിച്ചില്ല. ജര്‍മ്മനിയില്‍ 32,000 യൂറോയാണ് വില. ഏകദേശം 24.59 ലക്ഷം ഇന്ത്യന്‍ രൂപ.

Comments

comments

Categories: Auto