പാല്‍ വിതരണത്തില്‍ പോര് മുറുകുന്നു

പാല്‍ വിതരണത്തില്‍ പോര് മുറുകുന്നു

ഓണ്‍ലൈന്‍ പാല്‍ വിതരണം ജീവിതശൈലിയുടെ ഭാഗമായി മാറുമ്പോള്‍ മേഖലയിലെ കിടമത്സരത്തിന് കൊഴുപ്പേകി വന്‍കിട കമ്പനികളും രംഗത്തിറങ്ങുന്നു.

ദൈനംദിന ജീവിതത്തില്‍ പാലിന് ആവശ്യക്കാര്‍ ഏറെയുണ്ട്. ഒട്ടുമിക്ക വീടുകളിലും ഫഌറ്റുകളിലും ഡിമാന്‍ഡുള്ളതിനാല്‍ പാല്‍ വിതരണം ഇന്ന് മികച്ച സ്റ്റാര്‍ട്ടപ്പ് ആശയങ്ങളിലൊന്നായി മാറിയിരിക്കുന്നു. തിരക്കേറിയ നഗരങ്ങളിലും ഫഌറ്റുകളിലും ഇന്ന് ആഴ്ചയില്‍ എല്ലാ ദിവസവും വീട്ടുപടിക്കല്‍ പാല്‍ എത്തിക്കുന്ന സംരംഭങ്ങളുണ്ട്. സംരംഭത്തിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പേര് നല്‍കിയാല്‍ മാത്രം മതിയാകും. ചെറു സംരംഭങ്ങള്‍ മുതല്‍ വന്‍കിട പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും ഇന്ന് പാല്‍ വിതരണ ശൃംഖല വികസിപ്പിക്കാനൊരുങ്ങുകയാണ്.

പാല്‍ വിതരണം ലക്ഷ്യമിട്ട് വന്‍കിട കമ്പനികള്‍

പാലുള്‍പ്പെടെ ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള മറ്റുല്‍പ്പന്നങ്ങളും വീട്ടുപടിക്കലെത്തിക്കുന്ന സംരംഭമാണ് സൂപ്പര്‍ ഡെയ്‌ലി. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി 100 ദശലക്ഷം ഡോളര്‍ സൂപ്പര്‍ ഡെയ്‌ലിയില്‍ നിക്ഷേപിച്ചുകൊണ്ടാണ് പാല്‍ വിതരണത്തിലേക്ക് ചുവടുവെക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി സൂപ്പര്‍ ഡെയ്‌ലിയെ ഏറ്റെടുത്തിരുന്നു. 2015ല്‍ ശ്രേയസ് നാഗ്ദവേന, പുനീത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട സൂപ്പര്‍ ഡെയ്‌ലി ബെംഗളുരു, മുംബൈ, ഡെല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ആറോളം പ്രധാന നഗരങ്ങളില്‍ പാല്‍ വിതരണം ചെയ്തിരുന്നു. സ്വിഗ്ഗി എറ്റെടുത്തതോടുകൂടി ബിസിനസ് കൂടുതല്‍ വ്യാപിച്ചിരിക്കുകയാണിപ്പോള്‍. തിരക്കേറിയ ജീവിതവും ഫഌറ്റ് സംസ്‌കാരവുമാണ് പലപ്പോഴും നഗരങ്ങളെ ഓണ്‍ലൈന്‍ പാല്‍ വിതരണത്തിന്റെ ഉപഭോക്താക്കളാക്കി മാറ്റുന്നത്. ഇവിടെ ഉപഭോക്താക്കള്‍ സബസ്‌ക്രിപ്ഷന്‍ മാതൃകയിലാകും പാല്‍ വിതരണം തെരഞ്ഞെടുക്കുക. ആഴ്ചകള്‍, മാസങ്ങള്‍ അഥവാ മൂന്നു മാസം എന്നിങ്ങനെ നീളുന്നു സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ്. സൂപ്പര്‍ ഡെയ്‌ലി പാലിനു പുറമെ ബ്രെഡ്, മുട്ട എന്നിവയും വിതരണം ചെയ്യുന്നുണ്ട്. സൂപ്പര്‍ ഡെയ്‌ലിയുടെ 70ശതമാനം വരുമാനവും പാല്‍ വിതരണത്തിലൂടെയാണ് ലഭിക്കുന്നത്.

ബിഗ്ബാസ്‌ക്കറ്റ് പാല്‍ വിതരണ ശൃംഖലയിലേക്ക് കടന്നിരിക്കുന്നത് റെയ്ന്‍കാന്‍, മോണിംഗ്കാര്‍ട്ട് എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തുകൊണ്ടാണ്.

ചെറുസംരംഭങ്ങളും മത്സരനിരയില്‍

ഡെയ്‌ലിനിന്‍ജ, മില്‍ക്ക് ബാസ്‌ക്കറ്റ്, ദൂത്‌വാല എന്നിവരും പാല്‍ വിതരണ ശൃംഖലയില്‍ പുതിയ താരങ്ങളായി വളരുകയാണ്. വീടുകളില്‍ പാല്‍ എത്തിക്കുന്ന രീതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇവര്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചെറുസംരംഭങ്ങളെ പാടെ തച്ചുടച്ച് മേഖലയില്‍ വന്‍കിട മല്‍സരത്തിനാണ് ഇതു കളമൊരുക്കുന്നത്. രാവിലെ എഴു മണിക്കു മുമ്പായി വീടുകളില്‍ പാല്‍ വിതരണം നടത്തുന്നതിലൂടെയാണ് ഡെയ്‌ലിനിന്‍ജ ഉപഭോക്താക്കളുടെ പ്രിയങ്കരനായി മാറുന്നത്. പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗകര്യപ്രദമായ സമയത്ത് പാല്‍ ലഭിക്കുന്നതിനാകും അവര്‍ പ്രാധാന്യം നല്‍കുക. രാത്രി 11 മണിക്ക് പാലിന് ഓര്‍ഡര്‍ നല്‍കിയാല്‍ പോലും രാവിലെ 7 മണിക്കു വീട്ടുപടിക്കല്‍ പാല്‍ എത്തിക്കാന്‍ ഡെയ്‌ലിനിന്‍ജ മുന്‍കെയെടുക്കുമെന്ന് ഉപഭോക്താക്കള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയിലും അല്ലാതെയും ഈ മൂന്ന് സ്റ്റാര്‍ട്ടപ്പുകളും പാല്‍ വിതരണം നടത്തുന്നുണ്ട്.

മില്‍ക്ക്ബാസ്‌ക്കറ്റ് ഒഴികെയുള്ള മറ്റ് രണ്ട് സംരംഭങ്ങളുടേയും 70 ശതമാനം വരുമാനവും പാല്‍ വിതരണത്തിലൂടെയാണ് ലഭിക്കുന്നത്. ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൂത്‌വാല രണ്ടാംനിര നഗരങ്ങളിലേക്ക് വിതരണ ശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ബെംഗളുരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് വിതരണം നടത്തുന്നത്. ഓര്‍ഗാനിക് പാലിനും എ2 ഇനത്തിനും ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടിവരികയാണിപ്പോള്‍.

2015ല്‍ അഷുതോഷ് ജോഹ്‌രിയും മനു റാണയും ചേര്‍ന്നു തുടങ്ങിയ ബൈക്ക് ടാക്‌സി സംരംഭമായ ബക്‌സിയും പാലും പച്ചക്കറിയും വീടുകളില്‍ വിതരണം ചെയ്യാന്‍ തയാറെടെക്കുകയാണിപ്പോള്‍.

വിതരണ ചെലവ് കുറയുന്നു

പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പുകളെ വന്‍കിട കമ്പനികള്‍ ഏറ്റെടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സൂപ്പര്‍ഡെയ്‌ലിയെ സ്വിഗ്ഗി ഏറ്റെടുക്കുന്നതോടെ പാല്‍ വിതരണത്തിലെ അവരുടെ ചെലവില്‍ വന്‍ കുറവാകും ഉണ്ടാകുക. സ്വിഗ്ഗിയുടെ 60ശതമാനം ഉപഭോക്താക്കളും സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവരാണ്. ഈ ഉപഭോക്താക്കളിലേക്ക് പാല്‍ വിതരണം കൂടി നേരിട്ട് എത്തുമ്പോള്‍ ശൃംഖല വിപുലമാക്കപ്പെടുക മാത്രമല്ല, വിതരണ ചെലവും ലാഭിക്കാനാകും.

മില്‍ക്ക് ബാസ്‌ക്കറ്റ് പിഎസ്ആര്‍ സപ്ലൈ ചെയിനിനെ ഏറ്റെടുത്തുകൊണ്ട് വിതരണം ബെംഗളുരുവിലേക്കു കൂടി വ്യാപിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെജി എന്ന പച്ചക്കറി വിതരണ സംരംഭത്തെ ഏറ്റെടുത്തുകൊണ്ട് മില്‍ക്ക് ബാസ്‌ക്കറ്റ് തങ്ങളുടെ വിതരണ ശൃംഖല ഡെല്‍ഹി-എന്‍സിആര്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചത്.

വളരുന്ന വിപണി

മില്‍ക്ക് ബാസ്‌ക്കറ്റ്, ഡെയ്‌ലിനിന്‍ജ തുടങ്ങിയ സംരംഭങ്ങളില്‍ ഒരു ദിവസത്തെ ശരാശരി ഓര്‍ഡര്‍ നിരക്ക് 70-90 രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സില്‍ നിന്നും ഡെയ്‌ലിനിന്‍ജ നിക്ഷേപം നേടിയിരുന്നു. നിക്ഷേപതുകയുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഡെയ്‌ലിനിന്‍ജയുടെ പ്രതിദിന ഓര്‍ഡര്‍ ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ 30,000ല്‍ നിന്നും 90,000 ആയി ഉയര്‍ന്നിട്ടുണ്ട്.

Categories: FK Special, Slider