80 ശതമാനം നിക്ഷേപകരും പ്രവാസികളും യുഎഇയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നു

80 ശതമാനം നിക്ഷേപകരും പ്രവാസികളും യുഎഇയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നു
  • സ്ഥിരതാമസ പദ്ധതിയുടെ ഗുണഭോക്താക്കളാകുകയാണ് ലക്ഷ്യം
  • പ്രവാസികള്‍ക്ക് താല്‍പ്പര്യം പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളില്‍
  • റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉണര്‍വിന് സാധ്യത

ദുബായ്: 80 ശതമാനം യുഎഇ നിവാസികളും നിക്ഷേപകരും രാജ്യത്ത് അവര്‍ക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥിരതാമസ പദ്ധതിയുടെ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് പത്തില്‍ എട്ട് നിക്ഷേപകരും അവരുടെ നിക്ഷേപം വിപുലപ്പെടുത്താന്‍ പദ്ധതിയിടുന്നത്.

ലൂത്ത ഹോള്‍ഡിംഗിന്റെ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് വിഭാഗമായ ലൂത്ത റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് നടത്തിയ സര്‍വേയില്‍ പ്രതികരിച്ച 79 ശതമാനം ആളുകളും ദുബായില്‍ തങ്ങളുടെ നിക്ഷേപക പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്താന്‍ ആലോചിക്കുന്നതായി വ്യക്തമാക്കി. മേയില്‍ പ്രഖ്യാപിച്ച ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയാണ് ഇതിനുള്ള മുഖ്യകാരണമായി ലൂത്ത വിലയിരുത്തുന്നത്. സര്‍വേയില്‍ പ്രതികരിച്ച 68 ശതമാനം പ്രവാസികള്‍ വസ്തുവകകളില്‍, പ്രത്യേകിച്ച് ദുബായിലെ വസ്തുവകകളില്‍ നിക്ഷേപം നടത്താനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. മൂന്നിലൊരു വിഭാഗം മാത്രമാണ് ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെട്ടത്. അതേസമയം നാല് ശതമാനം ആളുകള്‍ ഓഹരികളില്‍ നിക്ഷേപം നടത്താനും താല്‍പ്പര്യം അറിയിച്ചു.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ പ്രവാസികള്‍ കൂടുതലായി ആകൃഷ്ടരാകുന്നത് വിപണിയില്‍ അവര്‍ക്കുള്ള വിശ്വാസം വര്‍ധിച്ചതിന് തെളിവാണെന്ന് ലൂത്ത റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ചീഫ് എക്‌സിക്യുട്ടീവ് സലേഹ് അബ്ദുള്ള ലൂത്ത അഭിപ്രായപ്പെട്ടു. യുഎഇ സമ്പദ് വ്യവസ്ഥയെ മുമ്പോട്ടുനയിക്കുന്ന പ്രധാന മേഖലകളില്‍ ഒന്നാണ് പ്രോപ്പര്‍ട്ടി രംഗമെന്നും വാടകയ്ക്ക് താമസിക്കുക എന്നതില്‍ നിന്നും വീടുകള്‍ സ്വന്തമായി വാങ്ങുക എന്ന രീതിയില്‍ ഉപഭോക്താക്കളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകുന്നത് പ്രോപ്പര്‍ട്ടി വിപണിയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നും ലൂത്ത പറഞ്ഞു.

രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ സര്‍ക്കാര്‍ മേയില്‍ സ്ഥിര താമസ പദ്ധതിയായ ഗോള്‍ഡന്‍ കാര്‍ഡ് വിസ അവതരിപ്പിച്ചത്. 10 വര്‍ഷം കൂടുമ്പോള്‍ ഗോള്‍ഡന്‍ കാര്‍ഡ് തനിയേ പുതുക്കപ്പെടും. പക്ഷേ ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കേ ഈ പദ്ധതി പ്രയോജനപ്പെടുകയുള്ളൂ. 50 ലക്ഷം ദിര്‍ഹത്തിന്റെ മൂല്യമുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, യുഎഇയില്‍ പത്ത് മില്യണ്‍ ദിര്‍ഹം മൂല്യമുള്ള നിക്ഷേപവും നിലവില്‍ 500,000 ദിര്‍ഹം ചിലവിലുള്ള പ്രോജക്ട് നടത്തുകയും ചെയ്യുന്ന നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്ക് എമിറേറ്റില്‍ പത്ത് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാം.ബിരുദ യോഗ്യതയും യുഎഇയില്‍ അഞ്ച് വര്‍ഷത്തെ അനുഭവപരിചയവും 30,000 ദിര്‍ഹത്തിന് മുകളില്‍ പ്രതിമാസ വരുമാനവും ഉള്ള സീനിയര്‍ ഡയറക്ടര്‍മാര്‍ക്കും സീനിയര്‍ മാനേജ്‌മെന്റിനും സ്‌പെഷല്‍ ടാലന്റ് സെക്ഷനിലൂടെ ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാം.

ഏതാണ്ട് 70 രാജ്യങ്ങളില്‍ നിന്നുള്ള 100 ബില്യണ്‍ ദിര്‍ഹം ആസ്തിയുള്ള 6,800 നിക്ഷേപകരെയും താമസക്കാരെയും ഗോള്‍ഡന്‍ കാര്‍ഡ് വിസയ്ക്ക് തെരഞ്ഞെടുത്തതായി യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം എ യൂസഫലി, അല്‍ ഹറാമിയന്‍ ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ മുഹമ്മദ് റഹ്മാന്‍, എന്‍എംസി ഹെല്‍ത്ത്‌കെയറിന്റെയും ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ഫിനെബ്ലറിന്റെയും

സ്ഥാപകനായ ബി ആര്‍ ഷെട്ടി എന്നിവര്‍ ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളാണ്.

യുഎഇയില്‍ ഇതുവരെയും നിക്ഷേപം നടത്താത്ത പ്രവാസികളെയും സ്ഥിതാമസ പദ്ധതി ആകര്‍ഷിച്ചിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത, നിക്ഷേപകര്‍ അല്ലാത്ത 819 പേരില്‍ 29 ശതമാനം പേര്‍ ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുടെ പ്രേരണയില്‍ യുഎഇയില്‍ പുതിയതായി നിക്ഷേപം ആരംഭിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദൃഢമാക്കുന്നതിന് സര്‍ക്കാര്‍ മുമ്പോട്ടുവെച്ച പദ്ധതിയാണ് സ്ഥിരതാമസ വിസ പദ്ധതിയെന്ന് അബ്ദുള്ള ലൂത്ത പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ് ഈ പദ്ധതി ഏറ്റവും നേട്ടമുണ്ടാക്കുക. യുഎഇയില്‍ വസ്തുവകകള്‍ വാങ്ങിക്കാനുള്ള വിദേശനിക്ഷേപകരുടെയും പ്രവാസികളുടെയും താല്‍പ്പര്യം ഇതോടെ ഇരട്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മന്ദഗതിയില്‍ വളരുന്ന റിയല്‍ എസറ്റേറ്റ് വിപണി ഇതോടെ വളര്‍ച്ചാവേഗം കൈവരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗോള്‍ഡന്‍ കാര്‍ഡ് വിസ

രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ച സ്ഥിരതാമസ പദ്ധതി. ഓരോ 10 വര്‍ഷം കൂടുമ്പോള്‍ വിസ തനിയേ പുതുക്കപ്പെടും.

ഗുണഭോക്താക്കള്‍

50 ലക്ഷം ദിര്‍ഹം മൂല്യമുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍. യുഎഇയില്‍ പത്ത് മില്യണ്‍ ദിര്‍ഹം മൂല്യമുള്ള നിക്ഷേപവും നിലവില്‍ 500,000 ദിര്‍ഹം ചിലവിലുള്ള പ്രോജക്ട് നടത്തുകയും ചെയ്യുന്ന നിക്ഷേപകര്‍, സംരംഭകര്‍

സ്‌പെഷല്‍ ടാലന്റ് സെക്ഷന്‍

ബിരുദ യോഗ്യതയും യുഎഇയില്‍ അഞ്ച് വര്‍ഷത്തെ അനുഭവപരിചയവും 30,000 ദിര്‍ഹത്തിന് മുകളില്‍ പ്രതിമാസ വരുമാനവും ഉള്ള സീനിയര്‍ ഡയറക്ടര്‍മാര്‍,സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍

ഗവേഷകര്‍

പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍

Comments

comments

Categories: Arabia
Tags: investments, UAE