ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച ഇന്ന് പുനരാരംഭിക്കും

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച ഇന്ന് പുനരാരംഭിക്കും

ദക്ഷിണ, മധ്യ ഏഷ്യയ്ക്കായുള്ള അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ്, ക്രിസ്റ്റഫര്‍ വില്‍സന്റെ നേതൃത്വത്തിലുള്ള സംഘം എത്തി

ന്യൂഡെല്‍ഹി: പരസ്പരം ചുമത്തിയ ഉയര്‍ന്ന ഇറക്കുമതി നികുതികള്‍ പിന്‍വലിക്കാനുള്ള താല്‍പ്പര്യം ഇരു രാഷ്ട്രങ്ങളും പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍, ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച ഇന്ന് പുനരാരംഭിക്കും. ദക്ഷിണ, മധ്യ ഏഷ്യയ്ക്കായുള്ള അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ്, ക്രിസ്റ്റഫര്‍ വില്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചിരുന്നത്. ഇന്ത്യയുടെ അധിക താരിഫ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ട്വിറ്ററിലൂടെ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിലും വ്യാപാര തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ട്രംപ് ഈ ചര്‍ച്ചയിലും ആവശ്യമുന്നയിച്ചിരുന്നു. വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ യുഎസ് നടപടിക്കെതിരെ ഇന്ത്യ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല.

Categories: FK News, Slider