സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തൂക്കുസഞ്ചിക്ക് എത്ര ഭാരം വരെയാകാമെന്നത് രക്ഷിതാക്കളും ആരോഗ്യവിദഗ്ധരും നിരന്തരമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ്. സ്‌കൂള്‍ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരീരഭാരത്തിന്റെ പരമാവധി 10 ശതമാനം ഭാരമേ സ്‌കൂള്‍ കുട്ടികള്‍ വഹിക്കാന്‍ പാടുള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു. സ്‌പെയിനിലെ 49 പ്രൈമറി സ്‌കൂള്‍വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഗ്രാനഡ സര്‍വ്വകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകള്‍. ഗൃഹപാഠപുസ്തകങ്ങള്‍, സംഗീതോപകരണങ്ങള്‍, കലാ പ്രോജക്ടുകള്‍, അല്ലെങ്കില്‍ സ്‌കൂളിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭാരം കൂടുതലാക്കുന്നെങ്കില്‍ ട്രോളി ബാഗുകള്‍ ഉപയോഗിക്കാനും നിര്‍ദേശം. ഇവ സ്‌പെയിനില്‍ സാധാരണമാണ്, 40 ശതമാനം സ്‌കൂള്‍ കുട്ടികളാണ് രാജ്യത്ത് ട്രോളി ബാഗുകള്‍ ഉപയോഗിക്കുന്നത്. അപ്പോഴും, ഒരു ട്രോളി ബാഗിന്റെ പരമാവധി ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 20 ശതമാനമായിരിക്കണമെന്നും നിര്‍ദേശിക്കുന്നു.

മുന്‍കാലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭാരം കൂടിയ ബാഗുകള്‍ ഉപയോഗിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ ഇത് കുട്ടികള്‍ക്ക് ദോഷകരമാണെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കനമുള്ള ബാഗുകളുടെ ഉപയോഗം ചിലപ്പോള്‍ നടുവേദന, കഴുത്ത് വേദന, തോളില്‍ അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കുട്ടികളുടെ ക്ഷീണം വര്‍ധിപ്പിക്കുന്നു. അമിതഭാരം വഹിക്കുന്ന കുട്ടികളുടെ ചലനരീതിയില്‍ വരുന്ന മാറ്റങ്ങള്‍ കാരണം കഴുത്തുവേദനയും നടുവേദനയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒഹായോയിലെ ക്ലീവ്ലാന്റ് ക്ലിനിക്കിലെ ശിശുരോഗവിദഗ്ധനായ ഡോ. ബ്രാഡ്ലി വെയ്ന്‍ബെര്‍ഗര്‍ പറയുന്നു. ബാഗുകളുടെ തൂക്കു വള്ളി പേശീവേദനയ്ക്കു കാരണമാകുന്നു. ഇത് ശരീരസംതുലനാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു, വീഴ്ചയോ ഉളുക്കോ പരിക്കുകളോ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. പേശികള്‍ക്കും തോളുകള്‍ക്കും വേദനയുണ്ടാകുമെന്ന് കിഡ്ക്രൂ പീഡിയാട്രിക്‌സിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ദിനാ കുലിക്കും ചൂണ്ടിക്കാട്ടുന്നു.

സ്‌കൂള്‍ ട്രോളികള്‍ തൂക്കുബാഗുകളേക്കാള്‍ കുട്ടികള്‍ക്ക് നല്ലതായിരിക്കുമെന്ന് ഗ്രാനഡ സര്‍വ്വകലാശാലയിലെ ഗവേഷക ഇവ ഓറേന്റസ് ഗോണ്‍സാലസ് പറയുന്നു. ട്രോളിബാഗുകളുടെ ഉപയോഗം ഭാരം, ക്ഷീണം, നടുവേദന എന്നിവ ഇല്ലാതാക്കും. ഭാരം കൂടിയ തൂക്കുബാഗുകളേക്കാള്‍ ട്രോളി ബാഗുകള്‍ വലിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് അവര്‍ ശുപാര്‍ശ ചെയ്യുന്നു. പരമ്പരാഗത തൂക്കുബാഗുകള്‍ക്ക് ബദല്‍ ട്രോളിബാഗുകളാണെന്നു രക്ഷകര്‍ത്താക്കളും സമ്മതിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൂക്കുബാഗുകള്‍ പ്രശ്‌നമാണ്. മഴക്കാലത്ത് ഇവ ചുമന്നു കൊണ്ടു പോകുന്നത് ക്ലേശകരമാകുന്നു. എന്നാല്‍ ട്രോളികള്‍ വലിച്ചു നീക്കാനാകുന്നതിനാല്‍ കുട്ടികള്‍ക്ക് അത് അനുഗ്രഹമാകാം. എന്നാല്‍ ട്രോളിബാഗുകള്‍ കുട്ടിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെങ്കില്‍, ഭാരം കുറഞ്ഞ തോള്‍സഞ്ചിക്കൊപ്പം ഉപയോഗിക്കാവുന്ന പാഡ് സ്ട്രാപ്പുകള്‍ ഉപയോഗിക്കാമെന്ന് വെയ്ന്‍ബെര്‍ഗര്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ ആവശ്യത്തിനുള്ള സ്‌കൂള്‍ സാമഗ്രികള്‍ മാത്രം ബാഗുകളില്‍ നിറയ്ക്കുക. സ്‌കൂളുകളുടെ താഴത്തെ നിലയില്‍ സാധനങ്ങള്‍ വെക്കാന്‍ ലോക്കറുകള്‍ ഉപയോഗിക്കുക. സ്‌കൂളില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ഒഴിവാക്കാന്‍ വീട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ഇതോടൊപ്പം പ്രായോഗികമാക്കാന്‍ കഴിയുന്ന ചില നുറുങ്ങുവിദ്യകളും ഗവേഷണസംഘം നിര്‍ദേശിക്കുന്നു. കഴിയുന്നത്ര കുറച്ച് പാഠപുസ്തകങ്ങള്‍ സ്‌കൂളിലേക്കും വീട്ടിലേക്കും കൊണ്ടു പോകുകയും കൊണ്ടു വരുകയും ചെയ്യുക. എത്ര ഭാരം വിദ്യാര്‍ത്ഥികള്‍ വഹിക്കണമെന്നും അതു പരിമിതപ്പെടുത്തുന്നതെങ്ങനെയെന്നുമുള്ളതിനെക്കുറിച്ച് ടീച്ചറുമായി സംസാരിക്കുക, അത്യാവശ്യമില്ലാത്ത പഠനോപകരണങ്ങള്‍ ലോക്കറിലോ വീട്ടിലോ സൂക്ഷിക്കുക, ഒറ്റ തോളില്‍ ചുമക്കുന്ന ബാഗിനു പകരം രണ്ട് ചുമലുകളിലുമായി വഹിക്കാന്‍ കഴിയുന്ന ബാഗ് ഉപയോഗിക്കുക, ചക്രങ്ങളുള്ള ബാഗുകള്‍ ഉപയോഗിക്കുക എന്നിവയാണ് കുട്ടികളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന മാറ്റങ്ങള്‍. ക്ലാസില്‍ തന്നെ ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ അവരുടെ ലോക്കറുകളോ ഡെസ്‌കുകളോ ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഓരോ ആഴ്ചയിലും ഉപയോഗിക്കേണ്ട പുസ്തകങ്ങള്‍ മാത്രം കൊണ്ടുവരുന്നത് പോലുള്ള ഉപായങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്നു.

Comments

comments

Categories: Health