വിതരണം തടസപ്പെടുമെന്ന ഭയം: ഹോര്‍മൂസ് കടലിടുക്കിന് ബദല്‍ മാര്‍ഗം തേടി ഇറാഖ്

വിതരണം തടസപ്പെടുമെന്ന ഭയം: ഹോര്‍മൂസ് കടലിടുക്കിന് ബദല്‍ മാര്‍ഗം തേടി ഇറാഖ്

പ്രതിദിനം 4.72 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇറാന്‍ ഉല്‍പ്പാദിപ്പിക്കുന്നത്, ഇതില്‍ 80 ശതമാനവും കയറ്റുമതി ചെയ്യുകയാണ്

ബാഗ്ദാദ്: വിതരണം തടസ്സപ്പെടുമെന്ന ഭയത്തെ തുടര്‍ന്ന് കയറ്റുമതിക്കായി ഇറാഖ് ഹോര്‍മൂസ് കടലിടുക്കിന് ബദലായുള്ള സഞ്ചാരപാത അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി. തുറമുഖങ്ങളുടെ ശരിയായ പ്രവര്‍ത്തനം തടസപ്പെടുകയെന്നത് തങ്ങളുടെ ആശങ്കകളിലൊന്നാണെന്നും തെക്കന്‍ മേഖകളിലെ തുറമുഖങ്ങള്‍ വഴിയാണ് തങ്ങളുടെ കയറ്റുമതിയിലേറെയും നടക്കുന്നതെന്നും അദില്‍ അബ്ദുള്‍ മഹ്ദി പറഞ്ഞു. നിലവിലെ സഞ്ചാരപാത തടസപ്പെടുമെന്ന ഭയത്താല്‍ ബദല്‍ മാര്‍ഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണെന്നും മഹ്ദി വ്യക്തമാക്കി.

ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാഷ്ട്രമായ ഇറാഖ് ബസ്രയിലെ തെക്കന്‍ ടെര്‍മിനലിലൂടെയാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്. ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് ഈ ചരക്കുകളിലേറെയും കടന്നുപോകുന്നത്. ലോകത്തിലെ വന്‍കിട എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യ, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കിടയിലൂടെയുള്ള ഈ സഞ്ചാരപാതയിലൂടെയാണ് ലോകത്തില്‍ കടല്‍ വഴിയുള്ള എണ്ണനീക്കത്തില്‍ മൂന്നിലൊരു ഭാഗവും നടക്കുന്നത്. പ്രതിദിനം 4.72 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇറാന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ 80 ശതമാനവും ഇറാഖ് കയറ്റുമതി ചെയ്യുകയാണെന്ന് ഒപെകില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു. മേയിലും ജൂണിലും ഉണ്ടായ എണ്ണടാങ്കര്‍ ആക്രമണത്തിന് ശേഷം പശ്ചിമേഷ്യയില്‍ ഇറാന്‍-അമേരിക്ക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എണ്ണക്കയറ്റുമതിക്ക് ഇറാഖ് മറ്റ് വഴികള്‍ തേടുന്നത്.

വടക്കന്‍ മേഖലയായ കിര്‍കുകില്‍ നിന്നും തുര്‍ക്കിയുടെ തെക്കന്‍ഭാഗത്തുള്ള സെയ്ഹാനിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന കാര്യം ഇറാഖ് ആലോചിക്കുന്നുണ്ട്. മാത്രമല്ല, പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണനീക്കം ശക്തിപ്പെടുത്താനും ബാഗ്ദാദ് പദ്ധതിയിടുന്നുണ്ട്. നിലവില്‍ പ്രതിദിനം ശരാശരി, 80,000, 90,000 ബാരല്‍ കണക്കില്‍ എണ്ണ കൊണ്ടുപോകുന്ന പൈപ്പ്‌ലൈനുകള്‍ വഴിയുള്ള എണ്ണനീക്കം 100,000 ബിപിഡി ആക്കാനാണ് പദ്ധതി. പക്ഷേ പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണനീക്കം ബുദ്ധിമുട്ടേറിയതാണെന്നുള്ളതാണ് ഒരു വെല്ലുവിളി.

ശുദ്ധീകരിക്കാനുള്ള എണ്ണ ഇറാനിലേക്ക് കയറ്റി അയക്കുന്നതിനെ പറ്റിയും ഇറാഖ് ചിന്തിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. നേരത്തെ 60000 ബിപിഡി വരെ എണ്ണ കൈമാറ്റം ചെയ്യാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ജോര്‍ദാനിലെ അഖാബ വഴി എണ്ണ കയറ്റുമതി ചെയ്യുന്നതിനെ പറ്റിയും ഇറാഖ് ആലോചിക്കുന്നുണ്ട്.ചെങ്കടല്‍ വഴി പ്രതിദിനം പത്ത് ലക്ഷം വരെ എണ്ണ കയറ്റി അയക്കാന്‍ ഈ തുറമുഖത്തിന് ശേഷിയുണ്ട്.

ഗള്‍ഫ് മേഖലയിലൂടെയുള്ള എണ്ണനീക്കത്തിന് സംരക്ഷണം നല്‍കുന്നതിനായി നാവികസഖ്യത്തിന് രൂപം നല്‍കാന്‍ ആലോചിക്കുന്നതായി അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോര്‍മൂസ് കടലിടുക്കിലൂടെയും ബാബ് അല്‍ മന്‍ദെബിലൂടെയും ഉള്ള കപ്പല്‍ ഗതാഗതത്തിന് സംരംക്ഷണം നല്‍കാന്‍ ബഹ്‌റൈനില്‍ താവളമിട്ടിരിക്കുന്ന അമേരിക്കയുടെ ഫിഫ്ത് ഫഌറ്റ് ചില രാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടത്തുന്നതായി മറൈന്‍ ജനറല്‍ ജോഫസ് ഡണ്‍ഫോര്‍ഡ് പറഞ്ഞു.

Comments

comments

Categories: Arabia