പുതിയ ഡീസല്‍ വേരിയന്റില്‍ ഹോണ്ട ഡബ്ല്യുആര്‍-വി

പുതിയ ഡീസല്‍ വേരിയന്റില്‍ ഹോണ്ട ഡബ്ല്യുആര്‍-വി

പുതിയ ‘വി’ വേരിയന്റിന് 9.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എസ്, വിഎക്‌സ് വേരിയന്റുകളുടെ ഇടയിലായിരിക്കും പുതിയ വേരിയന്റിന് സ്ഥാനം

ന്യൂഡെല്‍ഹി : ഡബ്ല്യുആര്‍-വി എസ്‌യുവിയുടെ പുതിയ ഡീസല്‍ വേരിയന്റ് ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ‘വി’ വേരിയന്റിന് 9.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എസ്, വിഎക്‌സ് എന്നീ വേരിയന്റുകളുടെ ഇടയിലായിരിക്കും പുതിയ വി വേരിയന്റിന് സ്ഥാനം.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പൊസിഷന്‍ ലാംപുകള്‍ എന്നിവയോടെ ഹെഡ്‌ലാംപുകള്‍, മുന്നില്‍ ഫോഗ് ലാംപുകള്‍, ഗണ്‍മെറ്റല്‍ ഫിനിഷ് ലഭിച്ച മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍, നാവിഗേഷന്‍ സഹിതം 17.7 സെന്റീ മീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗില്‍ വിവിധ കണ്‍ട്രോളുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് എന്നീ ഫീച്ചറുകളോടെയാണ് പുതിയ വി വേരിയന്റ് വരുന്നത്.

കൂടാതെ, എസ്, വിഎക്‌സ് എന്നീ വേരിയന്റുകളില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, മുന്‍ സീറ്റ് യാത്രക്കാരന് സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നീ അധിക സുരക്ഷാ ഫീച്ചറുകള്‍ നല്‍കി.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹോണ്ട ഡബ്ല്യുആര്‍-വി ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 88 എച്ച്പി കരുത്തും 4,800 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 3,600 ആര്‍പിഎമ്മില്‍ 99 എച്ച്പി കരുത്തും 1,750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

പ്രീമിയം ആംബര്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ആലബാസ്റ്റര്‍ സില്‍വര്‍ മെറ്റാലിക്, കാര്‍നെലിയന്‍ റെഡ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, വൈറ്റ് ഓര്‍ക്കിഡ് പേള്‍ എന്നീ ആറ് നിറങ്ങളില്‍ ഹോണ്ട ഡബ്ല്യുആര്‍-വി ലഭിക്കും. 7.98 ലക്ഷം മുതല്‍ 10.56 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Honda WRV