പ്രതിരോധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ഐഐടികള്‍ക്ക് നിര്‍ദേശം

പ്രതിരോധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ഐഐടികള്‍ക്ക് നിര്‍ദേശം

ഐഐടികള്‍ ബഹിരാകാശ മേഖലയിലെ ഗവേഷണത്തിലും പങ്കാളികളാകണമെന്ന് മോദി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പ്രതിരോധ, ബഹിരാകാശ മേഖലകളിലെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ (ഐഐടികള്‍) ഭാഗഭാഗാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. തദ്ദേശീയമായ പ്രതിരോധ, ബഹിരാകാശ സാങ്കേതിക വിദ്യകളുടെ വികസനം പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ ആവശ്യതകള്‍ മനസിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മേഖലയിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടണമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമാണ് കേന്ദ്ര മാനവ വിഭവശേഷി (എച്ച്ആര്‍ഡി) മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഐഐടികള്‍, ഐഐഐടികള്‍, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിലെ വിദഗ്ധരടങ്ങിയ സംഘത്തിന് രൂപം നല്‍കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 14 ന് നടന്ന ഐഐടി ഡയറക്റ്റര്‍മാരുടെ യോഗത്തില്‍ എച്ച്ആര്‍ഡി മന്ത്രി രമേശ് നിശാങ്ക് പോഖ്രിയാല്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഐഐടികളും ഐഐഐടികളും സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായതിനാല്‍ അവര്‍ രാഷ്ട്ര നിര്‍മിതിയില്‍ സജീവമായ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്ആര്‍ഡി മന്ത്രാലയം വ്യക്തമാക്കുന്നു.

പ്രതിരോധ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ യുദ്ധ വിമാനങ്ങളും നാവിക സേനയ്ക്കുള്ള കപ്പലുകളും ഉള്‍പ്പെടെ ഉയര്‍ന്ന ടെക്‌നോളജികളുപയോഗിച്ചുള്ള എക്യുപ്‌മെന്റുകളുടെ നിര്‍മാണത്തിനാണ് മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഈ ആശയം നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും ആവശ്യമുള്ള പ്രതിരോധ ഉപകരണങ്ങളുടെ പകുതിയിലേറെയും ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഐഐടികളുടെയും മറ്റും സഹകരണം ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്നെ ഐഐടികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുമായി സഹകരിക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗവേഷണ വിഭാഗമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), ഐഎസ്ആര്‍ഒ എന്നിവയുടെ ഗവേഷണ പദ്ധതികളിലാണ് സഹകരണം.

Comments

comments

Categories: FK News
Tags: technology