ഡാറ്റ സംഭരണത്തിന് പദ്ധതിയുമായി അദാനി

ഡാറ്റ സംഭരണത്തിന് പദ്ധതിയുമായി അദാനി
  • ഡാറ്റ പ്രാദേശികമായി സംഭരിച്ച് സൂക്ഷിക്കാനുള്ള വമ്പന്‍ സെര്‍വറുകള്‍ സ്ഥാപിക്കും
  • ഗൂഗിളും ആമസോണുമടക്കം ബഹുരാഷ്ട്ര ടെക് സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കും
  • വിഭാവനം ചെയ്തിരിക്കുന്നത് 700 ബില്യണ്‍ രൂപ ചെലവ് വരുന്ന വമ്പന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഡാറ്റ തദ്ദേശീയമായി സംഭരിക്കേണ്ടത് നിര്‍ബന്ധമാക്കുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉറപ്പായതോടെ വമ്പന്‍ അവസരം പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് രംഗത്ത്. ഡാറ്റ പ്രാദേശികമായി സംഭരിച്ച് സൂക്ഷിക്കാനുള്ള വമ്പന്‍ സെര്‍വറുകള്‍ സ്ഥാപിച്ച് ഗൂഗിളും ആമസോണുമടക്കം ബഹുരാഷ്്ട്ര ഭീമന്‍മാര്‍ക്ക് സേവനം നല്‍കാനാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസസ് തീരുമാനിച്ചിരിക്കുന്നത്. 700 ബില്യണ്‍ രൂപ (10.2 ബില്യണ്‍ ഡോളര്‍) ചെലവ് വരുന്ന വമ്പന്‍ പദ്ധതിയാവും ഗ്രൂപ്പ് നടപ്പാക്കുക. അടുത്ത രണ്ട് ദശകങ്ങളില്‍ ഡിജിറ്റല്‍ ഡാറ്റ സ്റ്റോറേജിന് വേണ്ടിവരുന്ന വന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്രകാരം സ്ഥാപിക്കാനാണ് തീരുമാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാവും അദാനി ഗ്രൂപ്പിന്റെ വമ്പന്‍ ഡാറ്റ പാര്‍ക്കുകളിലൊന്ന് സ്ഥാപിക്കപ്പെടുക.

കേന്ദ്ര സര്‍ക്കാരിന്റെ ഡാറ്റ സംരക്ഷണ നിയമ പ്രകാരം വിദേശ ടെക്‌നോളജി കമ്പനികള്‍ ഇന്ത്യയില്‍ നടത്തുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ തദ്ദേശീയമായി ശേഖരിച്ച് സൂക്ഷിക്കേണ്ടതുണ്ട്. നിലവില്‍ വിദേശത്ത് ഡാറ്റ ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഈ കമ്പനികള്‍ക്ക് വന്‍ അടിസ്ഥാന സൗകര്യ വികസനം ഇതിനായി ഇന്ത്യയില്‍ നടത്തേണ്ടി വരും. സെര്‍വര്‍ പാര്‍ക്കുകള്‍ സ്ഥാപിച്ച് ഡാറ്റ സംഭരണ സംവനം നല്‍കിയാല്‍ ഗൂഗിളടക്കം ആഗോള വമ്പന്‍മാര്‍ ഇത് പ്രയോജനപ്പെടുത്തുമെന്നാണ് അദാനിയുടെ കണക്കുകൂട്ടല്‍. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ധിച്ചു വരുന്ന രാജ്യത്ത് ഡാറ്റ ശേഖരണത്തിന് വരുന്ന വര്‍ഷങ്ങളില്‍ വലിയ രീതിയില്‍ സെര്‍വറുകള്‍ സ്ഥാപിക്കേണ്ടതായി വരും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമയായ മുകേഷ് അംബാനിക്കും ഡാറ്റ സ്റ്റോറേജ് വ്യവസായത്തില്‍ താല്‍പ്പര്യമുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനി ഇപ്പോള്‍ തന്നെ ഡാറ്റ പാര്‍ക്കുകള്‍ സ്ഥാപിച്ച് സേവനം നല്‍കി വരുന്നുണ്ട്. താമസിയാതെ മുകേഷും ഈ വ്യവസായത്തിലേക്ക് കാല്‍ വെയ്ക്കാനുള്ള സാധ്യത ഏറെയാണ്. തുറമുഖ, ഖനി, ഉപഭോക്തൃ ഉല്‍പ്പന്ന വ്യവസായങ്ങളില്‍ വന്‍ വിജയം കൊയ്ത ശേഷമാണ് ടെക്‌നോളജി മേഖലയിലേക്ക് അദാനി ഗ്രൂപ്പ് ചുവടുവെക്കാനൊരുങ്ങുന്നത്. വജ്ര വ്യവസായിയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ ഉടമയായി വളര്‍ന്ന അദാനിയുടെ തന്ത്രം, സര്‍ക്കാരിന്റെ പിന്തുണയും വളര്‍ച്ചാ സാധ്യതയുമുള്ള മേഖല കണ്ടെത്തി വന്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുകയെന്നതാണ്. ഡാറ്റ സംഭരണ മേഖലയിലും ഇതേ തന്ത്രം ആവിഷ്‌കരിക്കാനാവും ഗുജറാത്തുകാരനായ വ്യവസായി ശ്രമിക്കുക.

Categories: FK News, Slider
Tags: Adani, Data adani