രാജ്യത്തെ നിയമന പ്രവര്‍ത്തനങ്ങള്‍ 6% വര്‍ധിച്ചു

രാജ്യത്തെ നിയമന പ്രവര്‍ത്തനങ്ങള്‍ 6% വര്‍ധിച്ചു
  • രാജ്യത്ത് മൊത്തം 2,172 നിയമനങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. 2018 ജൂണില്‍ 2,047 നിയമനങ്ങള്‍ നടന്ന സ്ഥാനത്താണിത്
  • ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ നിയമന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസം ആറ് ശതമാനം വര്‍ധിച്ചു. ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത്. രാജ്യത്ത് ഇക്കാലയളവില്‍ നടന്നിട്ടുള്ള മൊത്തം നിയമനങ്ങളില്‍ 26 ശതമാനം വര്‍ധനയാണ് ഐടി/ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ രേഖപ്പെടുത്തിയത്.

ജോബ് പോര്‍ട്ടലായ നൗക്രിയുടെ തൊഴില്‍ സൂചികയാണ് നിയമന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് മൊത്തം 2,172 നിയമനങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. 2018 ജൂണില്‍ 2,047 നിയമനങ്ങള്‍ നടന്ന സ്ഥാനത്താണിത്. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യവസായ മേഖലകളിലൊന്ന് ഐടി/ സോഫ്റ്റ്‌വെയര്‍ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അഡ്വടൈസിംഗ്, പിആര്‍, എഫ്എംസിജി, മീഡിയ-ഡോട്ട്‌കോം, ഇന്‍ഷുറന്‍സ് എന്നിവയാണ് ജൂണ്‍ മാസത്തെ നിയമന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയ മറ്റ് മേഖലകള്‍. അഡ്വടൈസിംഗ്-പിആര്‍ വിഭാഗത്തിലെ നിയമനങ്ങള്‍ കഴിഞ്ഞ മാസം 14 ശതമാനം വര്‍ധിച്ചു. എഫ്എംസിജി വിഭാഗത്തിലെ നിയമനങ്ങള്‍ എട്ട് ശതമാനവും മീഡിയ-ഡോട്ട്‌കോം വിഭാഗത്തിലെ നിയമനങ്ങള്‍ 11 ശതമാനവും ഇന്‍ഷുറന്‍സ് വിഭാഗത്തിലെ നിയമനങ്ങള്‍ 17 ശതമാനവും വര്‍ധിച്ചു.

അതേസമയം, ഓട്ടോ, അനുബന്ധ മേഖലയിലും ബാങ്കിംഗ് രംഗത്തും നിയമനങ്ങള്‍ കുറഞ്ഞു. ഓട്ടോ, അനുബന്ധ മേഖലയിലെ നിയമനങ്ങളില്‍ 18 ശതമാനവും ബാങ്കിംഗ് രംഗത്ത് 11 ശതമാനവും ഇടിവാണ് ഉണ്ടായത്. എച്ച്ആര്‍, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ നിയമനങ്ങള്‍ 15 ശതമാനവും സെയ്ല്‍സ്, ബിസിനസ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലെ നിയമനങ്ങള്‍ ഏഴ് ശതമാനവും വര്‍ധിച്ചു. അതേസമയം, ബിപിഒ വിഭാഗത്തില്‍ നിയമനങ്ങള്‍ 2 ശതമാനം കുറഞ്ഞു.

മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനങ്ങള്‍ അഞ്ച് ശതമാനം വര്‍ധിച്ചിട്ടുണ്ട്. നാല് മുതല്‍ ഏഴ് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള മിഡ് -ലെവല്‍ എക്‌സിക്യൂട്ടീവുകളുടെ നിയമനം എട്ട് ശതമാനം വര്‍ധിച്ചു. എട്ട് മുതല്‍ 12 വര്‍ഷം വരെ പ്രവര്‍ത്തന പരിചയം ആവശ്യമുള്ള മിഡ് മാനേജ്‌മെന്റ് തസ്തികയിലെ നിയമനം എട്ട് ശതമാനവും 13 മുതല്‍ 16 വര്‍ഷം വരെ പ്രവര്‍ത്തന പരിചയം ആവശ്യമുള്ള സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള നിയമനങ്ങള്‍ രണ്ട് ശതമാനവും വര്‍ധിച്ചു. അതേസമയം, 16 വര്‍ഷം പ്രവര്‍ത്തന പരിചയം ആവശ്യമുള്ള ലീഡര്‍ഷിപ്പ് തസ്തികയിലേക്കുള്ള നിയമനം രണ്ട് ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News