15 ദശലക്ഷം ആന്‍ഡ്രോയ്ഡ് ഡിവൈസുകളെ ‘ഏജന്റ് സ്മിത്ത്’ ബാധിച്ചതായി റിപ്പോര്‍ട്ട്

15 ദശലക്ഷം ആന്‍ഡ്രോയ്ഡ് ഡിവൈസുകളെ ‘ഏജന്റ് സ്മിത്ത്’ ബാധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന പ്രോഗ്രാമാകുളാണല്ലോ മാല്‍വേര്‍. ഏജന്റ് സ്മിത്ത് എന്ന പുതിയ മാല്‍വേര്‍ ആഗോളതലത്തിലുള്ള 25 ദശലക്ഷം ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ കണ്ടെത്തിയതായി ചെക്ക് പോയ്ന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 15 ദശലക്ഷം (ഒന്നര കോടി) ഡിവൈസുകള്‍ ഇന്ത്യയിലുള്ളതാണ്. ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനെയാണു മാല്‍വേര്‍ ഡിവൈസുകളിലേക്ക് എത്തുന്നത്. സുരക്ഷാ സംവിധാനങ്ങളെ മുതലെടുത്ത് അവ സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിവൈസുകളില്‍ പ്രവേശിക്കും. തുടര്‍ന്നു ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന വിവിധ ആപ്പുകളെ കൃത്രിമ പതിപ്പ് കൊണ്ടു മാറ്റിസ്ഥാപിക്കും. അതും ഉപയോക്താക്കളുടെ അറിവില്ലാതെ. വ്യാജ പരസ്യങ്ങള്‍ കാണിച്ചു സാമ്പത്തികലാഭമുണ്ടാക്കുന്നതിനാണ് ഏജന്റ് സ്മിത്ത് എന്ന മാല്‍വേറിനെ ഉപയോഗിക്കുന്നത്. വ്യാജ പരസ്യങ്ങള്‍ കാണിക്കുന്ന ലുട്ടൂര്‍ എന്ന മാല്‍വേറിനു സമാനമാണ് ഏജന്റ് സ്മിത്തും. ഈ മാല്‍വേറുകള്‍ക്ക് യൂസറിന്റെ സെന്‍സിറ്റീവായ ഡാറ്റയിലേക്ക് ആക്‌സസ് നേടാനും എളുപ്പം കഴിയും. ഇത്തരം മാല്‍വേറുകളെ ഹീനമായ മറ്റ് പ്രവര്‍ത്തികള്‍ക്കു വേണ്ടിയും ഉപയോഗിക്കാറുണ്ട്. സമീപവര്‍ഷങ്ങളില്‍ കോപ്പിക്യാറ്റ്, ഗൂളിഗന്‍, ഹമ്മിംഗ് ബേഡ് എന്നീ മാല്‍വേറുകള്‍ പ്രചരിച്ചിരുന്നു. ഇവയുമായി സാമ്യമുള്ളതാണ് ഏജന്റ് സ്മിത്ത് എന്ന മാല്‍വേറെന്നു ചെക്ക് പോയ്ന്റ് റിസര്‍ച്ച് പറഞ്ഞു. കോപ്പിക്യാറ്റ്, ഹമ്മിംഗ് ബേഡ്, ഗൂളിഗന്‍ എന്നീ മൂന്ന് മാല്‍വേറുകളാല്‍ ബാധിച്ച ഉപകരണങ്ങളെ വ്യാജ പരസ്യത്തിലൂടെ വരുമാനം ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ജനപ്രിയമായ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറായ 9ആപ്പ്‌സില്‍നിന്നാണ് ഏജന്റ് സ്മിത്ത് ഉത്ഭവിച്ചതെന്നു കരുതുന്നുണ്ട്. പ്രധാനമായും അറബിക്, ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെയാണ് ഏജന്റ് സ്മിത്ത് ലക്ഷ്യമിട്ടത്.

Comments

comments

Categories: Tech