നയതന്ത്ര പ്രതിസന്ധിയിലേക്കു വളര്‍ന്ന വിമര്‍ശനങ്ങള്‍

നയതന്ത്ര പ്രതിസന്ധിയിലേക്കു വളര്‍ന്ന വിമര്‍ശനങ്ങള്‍

യുഎസ്-യുകെ ബന്ധത്തില്‍ സമീപകാലത്തു സാക്ഷ്യംവഹിക്കാത്ത വിധം അകല്‍ച്ച സംഭവിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ച് പ്രധാനമന്ത്രി തെരേസ മേയ്ക്ക് അയച്ച നയതന്ത്ര സന്ദേശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കുറിച്ചു മോശം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇൗ പരാമര്‍ശം കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടനിലെ മെയ്ല്‍ എന്ന പത്രത്തിലൂടെ പുറത്താവുകയും ചെയ്തു. ഇതേ തുടര്‍ന്ന് ട്രംപ് ബ്രിട്ടീഷ് അംബാസഡറെയും പ്രധാനമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അമേരിക്കയുടെ സഖ്യകക്ഷി രാജ്യമാണ് ബ്രിട്ടന്‍. ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി ഊഷ്മള ബന്ധം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ബന്ധത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദം.

ട്രംപിനെതിരേ യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിന്റേതായി പുറത്തുവന്ന സന്ദേശം ഒരു നയതന്ത്ര പ്രതിസന്ധിയിലേക്കു വളര്‍ന്നിരിക്കുകയാണ്. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ആകെ അരാജകത്വമാണെന്നുമായിരുന്നു കിം ഡറോച്ചിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. ഡിപ്‌ടെല്‍സ് (diptels) എന്നാണ് ഡിപ്ലോമാറ്റിക് കേബിള്‍സ് അറിയപ്പെടുന്നത്. നയതന്ത്രതലത്തില്‍ നടത്തുന്ന ആശയവിനിമയം നടത്തുന്നത് ഡിപ്‌ടെല്‍സിലാണ്. ഇത്തരത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ഡറോച്ച് അയച്ച സന്ദേശത്തിലാണു വിവാദ പരാമര്‍ശമുണ്ടായത്. ഈ സന്ദേശം മെയ്ല്‍ എന്ന പത്രത്തിലൂടെയാണു പുറത്തുവന്നത്. സന്ദേശം എങ്ങനെയാണു ചോര്‍ന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതു ചോര്‍ന്നതാണോ അതോ ഹാക്ക് ചെയ്തതിനു ശേഷം വിവരങ്ങള്‍ പുറത്തുവിട്ടതാണോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഞായറായഴ്ച ഔദ്യോഗിക തലത്തില്‍ യുകെയുടെ വിദേശകാര്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംബസി രേഖകള്‍ പുറത്തുവന്നത് ഒഫീഷ്യല്‍ സീക്രറ്റ്‌സ് ആക്ടിന്റെ ലംഘനമായിട്ടാണു കണക്കാക്കുന്നത്. ഈ രേഖകള്‍ പുറത്തുവിട്ട വ്യക്തിയോ അതുമല്ലെങ്കില്‍ കുറേ വ്യക്തികള്‍ ചേര്‍ന്ന സംഘമാണെങ്കിലും ഒഫീഷ്യല്‍ സീക്രറ്റ്‌സ് ആക്ടിന്റെ കീഴില്‍ വിചാരണ നേരിടേണ്ടി വരും.

രഹസ്യസ്വഭാവമുള്ള നയതന്ത്ര രേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് ഉടലെടുത്തിരിക്കുന്ന തര്‍ക്കം കൂടുതല്‍ മോശം അവസ്ഥയിലേക്കു മാറിയിരിക്കുകയാണ്. യുകെയുമായി ട്രംപിന്റെ വാണിജ്യ സെക്രട്ടറി നടത്താനിരുന്ന വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെച്ചിട്ടുണ്ട്. വിഡ്ഢിത്വം ആഡംബരമാക്കിയ വ്യക്തിയാണു ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഡറോച്ചുമായി താന്‍ ഇനി ഒരു ഇടപാടിനും തയാറാകില്ലെന്നും ട്രംപ് പറഞ്ഞു. ഡറോച്ചിനെ പിന്തുണച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വിഡ്ഢിയെന്നും ട്രംപ് വിളിച്ചു. തന്റെ ഉപദേശങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടു ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തെരേസ മേ വഷളാക്കിയെന്നും അവര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതാണു നല്ലതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ അനാദരവും തെറ്റുമാണെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇതോടെ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം തന്നെ മോശമാകുന്ന തലത്തിലേക്കാണ് വിവാദ പരാമര്‍ശങ്ങളെത്തിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയിരിക്കുന്ന ബോറിസ് ജോണ്‍സണ്‍ ട്രംപിന്റെ വിമര്‍ശനങ്ങളോട് വളരെ മയത്തിലാണ് പ്രതികരിച്ചത്. ട്രംപിനോട് വളരെയടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണു ബോറിസ് ജോണ്‍സണ്‍. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത് ഒരു നിര്‍ണായക സമയത്താണ്. ഇറാനുമായുള്ള യുഎസിന്റെ ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിച്ചുവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. യുഎസും സഖ്യരാജ്യമായ യുകെയും ചേര്‍ന്നു നില്‍ക്കേണ്ട സാഹചര്യവും ഇപ്പോഴുണ്ട്. എന്നാല്‍ അതുണ്ടായില്ല. മറിച്ച് ബന്ധം കൂടുതല്‍ മോശമാകുന്ന തലത്തിലേക്കു നീങ്ങി. മറുവശത്ത് ബ്രിട്ടനിലുമുണ്ട് പ്രശ്‌നങ്ങള്‍. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. രാഷ്ട്രീയ തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട് ബ്രിട്ടനില്‍.

നയതന്ത്രതലത്തില്‍ നടത്തിയ ആശയവിനിമയം ചോര്‍ത്തിയ സംഭവത്തില്‍ വിചാരണയുണ്ടാകുമോ ?

ഔദ്യാഗിക രഹസ്യ നിയമപ്രകാരം അഥവാ ഒഫീഷ്യല്‍ സീക്രറ്റ്‌സ് ആക്ട പ്രകാരമുള്ള വിചാരണകള്‍ വിരളമായിട്ടാണു നടന്നിരിക്കുന്നത്. 2002-ല്‍ എംഐ ഏജന്റ് ഡേവിഡ് ഷെയ്‌ലറുടെ കേസുകളാണു സമീപകാലത്ത് നടന്ന വിചാരണ. വിവരങ്ങള്‍ കൈമാറിയതിന് അദ്ദേഹത്തെ ആറ് മാസം ജയിലിലടച്ചു. ബ്രിട്ടന്‍ ആസൂത്രണം ചെയ്ത അല്‍ഖ്വയ്ദയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയതിന് 2007-ല്‍, സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സിവിലിയന്‍ ഉദ്യോഗസ്ഥനായ തോമസ് ലണ്ട്‌ലാക്കിനെ എട്ട് മാസം തടവിന് ശിക്ഷിച്ചു. തോമസ് സണ്‍ഡേ ടൈംസ് ജേണലിസ്റ്റിനാണു വിവരങ്ങള്‍ കൈമാറിയത്.

തെരേസ മേയുടെ നിലപാട് എന്ത് ?

ഈ മാസം പ്രധാനമന്ത്രി സ്ഥാനം ഒഴിയാനിരിക്കുകയാണ് മേ. അതിനിടയിലാണ് വിവാദം കത്തിപ്പടര്‍ന്നിരിക്കുന്നത്. യുഎസിലെ അംബാസഡര്‍ കിം ഡറോച്ചില്‍ തെരേസ മേ ‘പൂര്‍ണ്ണ വിശ്വാസം’ പ്രകടിപ്പിച്ചുവെങ്കിലും ഡൊണാള്‍ഡ് ട്രംപിനെതിരേ അദ്ദേഹം നടത്തിയ കഴിവുകെട്ട, സുരക്ഷിതമല്ലാത്ത എന്നീ പ്രയോഗങ്ങളെ തള്ളിക്കളഞ്ഞു. നയതന്ത്ര രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. രേഖകള്‍ ചോര്‍ന്നതിനു പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ അതോ ഉന്നത രാഷ്ട്രീയ വ്യക്തിത്വമാണോ എന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. രേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബ്രെക്‌സിറ്റ് അനുകൂലിയെന്ന് അറിയപ്പെടുന്ന ഇസബെല്‍ ഓക്‌ഷോട്ടാണ്.

കിം ഡറോച്ചിന്റെ സ്ഥാനം തെറിക്കുമോ ?

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ സാധ്യത ബോറിസ് ജോണ്‍സനാണ്. അദ്ദേഹം ട്രംപുമായി ഏറ്റവുമടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്. ഇപ്പോള്‍ ഉയര്‍ന്നു വന്ന വിവാദത്തില്‍ മയപ്പെട്ട ശബ്ദത്തിലാണു ജോണ്‍സണ്‍ പ്രതികരിച്ചത്. അതു കൊണ്ടു തന്നെ അദ്ദേഹം പ്രധാനമന്ത്രിയായാല്‍ കിം ഡറോച്ചിനെ നീക്കി പകരം മാര്‍ക്ക് സെഡ്‌വില്ലിനെ നിയമിക്കുമെന്നു കരുതുന്നുണ്ട്. ഇപ്പോള്‍ ബ്രിട്ടനില്‍ കാബിനറ്റ് സെക്രട്ടറിയും സിവില്‍ സര്‍വീസ് തലവനുമാണു സെഡ്‌വില്‍. ഈ വര്‍ഷാവസാനമാണു ഡറോച്ചിന്റെ അംബാസഡര്‍ കാലാവധി പൂര്‍ത്തിയാകുന്നതെങ്കിലും അതിനു മുന്‍പു തന്നെ അദ്ദേഹത്തിനു സ്ഥാനചലനമുണ്ടാകുമെന്നത് ഉറപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രേഖ ചോര്‍ന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കും

നയതന്ത്ര രേഖ ചോര്‍ന്നതിനെ തുടര്‍ന്നു ചില ബ്രെക്‌സിറ്റ് അനുകൂല രാഷ്ട്രീയ നേതാക്കള്‍ ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധി കിം ഡറോചിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. സിവില്‍ സര്‍വീസിന്റെ പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയാണ് ഈ സംഭവം കാണിക്കുന്നതെന്നു ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവ് നീഗല്‍ ഫരാഗ് പറഞ്ഞു. അതോടൊപ്പം ട്രംപിനോടും ബ്രെക്‌സിറ്റിനോടും കൂടുതല്‍ അനുഭാവമുള്ള ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Categories: Top Stories

Related Articles