ഇറാനെതിരെ നാവികസഖ്യത്തിന് രൂപം നല്‍കാന്‍ അമേരിക്കയുടെ പദ്ധതി

ഇറാനെതിരെ നാവികസഖ്യത്തിന് രൂപം നല്‍കാന്‍ അമേരിക്കയുടെ പദ്ധതി

ഗള്‍ഫിലെ സമുദ്രഗതാഗതത്തിന് സംരക്ഷണം നല്‍കുക എന്നതാണ് ലക്ഷ്യം

വാഷിംഗ്ടണ്‍: ഇറാന്‍, യെമന്‍ സമുദ്ര മേഖലകളിലെ കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഒരുക്കുന്നതിനും വ്യാപാരക്കപ്പലുകള്‍ക്ക് നേരയുള്ള ആക്രമണം തടയുന്നതിനും വേണ്ടി നാവിക സഖ്യം രൂപീകരിക്കുമെന്ന് അമേരിക്ക. പശ്ചിമേഷ്യയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നീക്കം.

ഗള്‍ഫിലെ തന്ത്രപ്രധാന സമുദ്ര മേഖലയ്ക്കും അറേബ്യന്‍ ഉപദ്വീപിനും ഹോണ്‍ ഓഫ് ആഫ്രിക്കയ്ക്കും ഇടയിലുള്ള സമുദ്രമേഖലയ്ക്കും സംരംക്ഷണം നല്‍കുന്നതിനായി വിവിധ രാഷ്ട്രങ്ങള്‍ അംഗമായ നാവിക സഖ്യമാണ് അമേരിക്ക പദ്ധതിയിടുന്നത്. ഹോര്‍മൂസ് കടലിടുക്കിലൂടെയും ബാബ് അല്‍-മന്‍ദാബിലൂടെയും കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തുന്നതിനായി ഒരു സഖ്യമുണ്ടാക്കാന്‍ സാധിക്കുമോ എന്ന് പല രാഷ്ട്രങ്ങളുമായി കൂടിയാലോചിച്ച് കൊണ്ടിരിക്കുകയാണെന്ന് അമേരിക്കയിലെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്, മറൈന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് പറഞ്ഞു.

ഇതിനായി പെന്റഗണ്‍ വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഡണ്‍ഫോര്‍ഡ് അറിയിച്ചു. ഏതൊക്കെ രാഷ്ട്രങ്ങളാണ് ഈ കൂട്ടായ ഉദ്യമത്തില്‍ പങ്കാളികളാകുകയെന്നത് വരും ആഴ്ചകളില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗള്‍ഫില്‍ ടാങ്കറുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനും അനുകൂല ശക്തികളുമാണെന്നാണ് അമേരിക്കയുടെ ആരോപണം. ആഗോള എണ്ണക്കയറ്റുമതിയുടെ അഞ്ചില്‍ ഒരു ഭാഗവും ഗള്‍ഫ് മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ഗള്‍ഫിലെ തന്ത്രപ്രധാന സമുദ്രമേഖലയ്ക്ക് സംരക്ഷണം ഒരുക്കാന്‍ സഖ്യസേനയ്ക്ക് രൂപം നല്‍കാന്‍ അമേരിക്ക ശ്രമിക്കുന്നത്.

അതേസമയം ഈ സേനയുടെ ചെലവ് അമേരിക്ക വഹിക്കില്ലെന്നും ഇതൊരു അന്താരാഷ്ട്ര സേനയായിരിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തങ്ങളുടെ മുഖ്യശത്രുവായ ഇറാനെതിരായ സഖ്യം തന്നെയാണ് അമേരിക്കയുടെ മനസില്‍.

അമേരിക്കയുടെ ആളില്ലാ നിരീക്ഷണവിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെയാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ പോര് മുറുകുന്ന സാഹചര്യം വന്നെത്തിയത്. വിലയേറിയ ഡ്രോണ്‍ വിമാനം വെടിവെച്ചിട്ടതിന് പകരമായി ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ് ഉത്തരവിട്ടെങ്കിലും അവസാനനിമിഷത്തില്‍ ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. പക്ഷേ, രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനെയി ഉള്‍പ്പടെ ഇറാനിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി.

2015ലെ ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറുകയും ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് അമേരിക്കയും ഇറാനും തമ്മില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അമേരിക്ക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുമെന്ന് ഇറാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകശക്തികള്‍ 2015ലെ ആണവ കരാറില്‍ ഒപ്പുവെച്ചത്. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിന് പകരമായി ഇറാനെതിരായ ഉപരോധം പിന്‍വലിക്കുമെന്നായിരുന്നു ഉടമ്പടി. പക്ഷേ കരാറില്‍ നിന്നും പിന്മാറി അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ആണവായുധ നിര്‍മാണത്തിന് വേണ്ട യുറേനിയം സമ്പുഷ്ടീകരണത്തിലടക്കമുള്ള വ്യവസ്ഥകള്‍ ലംഘിക്കാനുള്ള ഒരുക്കത്തിലാണ് ഇറാന്‍. എന്നാല്‍ ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

Comments

comments

Categories: Arabia
Tags: US-Iran