യുഎം മോട്ടോര്‍സൈക്കിള്‍സും ലോഹ്യ ഗ്രൂപ്പും വഴിപിരിയുന്നു

യുഎം മോട്ടോര്‍സൈക്കിള്‍സും ലോഹ്യ ഗ്രൂപ്പും വഴിപിരിയുന്നു

അഞ്ച് വര്‍ഷത്തെ പങ്കാളിത്തം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല എന്ന് തിരിച്ചറിഞ്ഞു

ന്യൂഡെല്‍ഹി : യുഎസ് ബ്രാന്‍ഡായ യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ ലോഹ്യ ഓട്ടോയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തെ പങ്കാളിത്തം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല എന്ന തിരിച്ചറിവിനെതുടര്‍ന്നാണ് ഇപ്പോള്‍ വേര്‍പിരിയുന്നത്.

ഇന്ത്യയില്‍ യുഎം ഇന്റര്‍നാഷണല്‍ എന്ന ഉപ കമ്പനിയാണ് പ്രവര്‍ത്തിക്കുന്നത്. ഇനി യുഎം പ്ലസ് എന്ന ബ്രാന്‍ഡ് നെയിമില്‍ കമ്പനി തനിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ ഇക്കാര്യം ഇരു കമ്പനികളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തീരുമാനത്തില്‍ എത്തിയതായാണ് വിവരം.

പുതിയ കമ്പനി രൂപീകരിക്കുന്നതോടെ, യുഎം-ലോഹ്യ പങ്കാളിത്തത്തില്‍നിന്ന് നിലവിലെ ഡീലര്‍മാര്‍ രാജിവെയ്ക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടും. പകരം പുതിയ കമ്പനിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടേണ്ടിവരും. ഹൈദരാബാദില്‍ യുഎം പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും.

റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ, റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്‌പോര്‍ട്‌സ് എസ് എന്നീ നാല് മോഡലുകളാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. എല്ലാ മോഡലുകളിലും എബിഎസ് നല്‍കുകയും എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്നതാക്കി വിപണിയില്‍ അവതരിപ്പിക്കുകയും വേണം.

Comments

comments

Categories: Auto