തന്ത്രപ്രധാന പങ്കാളിത്തം ഊട്ടിയുറപ്പിച്ച് കൊണ്ട് യുഎഇ മന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം

തന്ത്രപ്രധാന പങ്കാളിത്തം ഊട്ടിയുറപ്പിച്ച് കൊണ്ട് യുഎഇ മന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം
  • യുഎഇയുമായുള്ള ബന്ധം പുതിയ തലങ്ങളിലെത്തിക്കുമെന്ന് മോദി
  • എല്ലാ തുറകളിലും തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കും
  • ഊര്‍ജസുരക്ഷയ്ക്കായി കൂടുതല്‍ സഹകരണം

ന്യൂഡെല്‍ഹി: സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് തയാറെടുക്കുകയാണ് ഇന്ത്യയും യുഎഇയും. ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിടുന്നതായിരുന്നു യുഎഇ വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഷേഖ് അബ്ദുള്ള നടത്തി.

ഇന്ത്യാസന്ദര്‍ശനത്തിന്റെ അവസാനദിവസമാണ് ഷേഖ് അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലെത്തിക്കുമെന്ന് ഷേഖ് അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്്ക്ക് ശേഷം മോദി പറഞ്ഞു. വ്യാപാരം, ഊര്‍ജം തുടങ്ങി സുപ്രധാന മേഖലകളില്‍ യുഎഇയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ മുന്‍കൈ എടുക്കുമെന്നും മോദി ഷേഖ് അബ്ദുള്ളയ്ക്ക് വാക്ക് നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി സന്തോഷം രേഖപ്പെടുത്തി.

ഇന്ത്യയും യുഎഇയും തമ്മില്‍ ഇത്രയും മികച്ച രീതിയിലുള്ള ബന്ധം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഷേഖ് അബ്ദുള്ള പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവും സമാധാനവും അഭിവൃദ്ധിയും മേഖലയുടെ സ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് ഉഭയകക്ഷിബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനുള്ള യുഎഇയുടെ താല്‍പ്പര്യവും ഷേഖ് അബ്ദുള്ള മോദിയെ അറിയിച്ചു.

തീവ്രവാദം, ഊര്‍ജ സുരക്ഷ, പശ്ചിമേഷ്യയിലെ പുതിയ സംഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച നടത്തി. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള സംഭവവികാസങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു. അന്യോന്യമുള്ള താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. വ്യാപാരം, സാമ്പത്തികം, ഊര്‍ജം, ടൂറിസം അടക്കം യുഎഇയുമായി സഹകരണം കാത്തുസൂക്ഷിക്കുന്ന എല്ലാ മേഖലകളിലുമുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി യുഎഇ മന്ത്രിക്ക് ഉറപ്പ് നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തമെന്ന കാഴ്ചപ്പാടിനെ ആധാരമാക്കി ഇരുരാജ്യങ്ങള്‍ക്കും വിവിധ മേഖലകളിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരം തുറന്നുനല്‍കുന്നതായിരുന്നു യുഎഇ മന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനമെന്ന് ഇന്ത്യ വിലയിരുത്തി.

പൊതു തെരഞ്ഞെടുപ്പിലെ ഈജ്വലവിജയത്തില്‍ ഷേഖ് അബ്ദുള്ള മോദിയെ അഭിനന്ദിച്ചു. മോദിയെ യുഎഇയിലേക്ക് ക്ഷണിക്കുന്നതായും ഷേഖ് അബ്ദുള്ള അറിയിച്ചു. യുഎഇയുടെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ സായിദ് മെഡലിന് തെരഞ്ഞെടുത്തതില്‍ യുഇഎ പ്രസിഡന്റ് ഷേഖ് ഖലീഫയ്ക്കും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും മോദി നന്ദി അറിയിച്ചു. 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ആ ബഹുമതി ഏറ്റുവാങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

ത്രിദിന സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഷേഖ് അബ്ദുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഊര്‍ജ സുരക്ഷ എന്നീ മേഖലകളിലെ വിഷയങ്ങളാണ് ഷേഖ് അബ്ദുള്ളയും ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം കല്‍പ്പിച്ചതിന് ശേഷം ഊര്‍ജസുരക്ഷാരംഗത്ത് ഇന്ത്യ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് യുഎഇ മന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയും നാലാമത്തെ വലിയ ഊര്‍ജദാതാവുമാണ് യുഎഇ. ഏതാണ്ട് 50 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് യുഎഇ.

ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്തിനിടയ്ക്ക് രണ്ടുതവണ മോദി യുഎഇ സന്ദര്‍ശിച്ചിട്ടുണ്ട്. 2015ലെ ആദ്യ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സമഗ്ര തന്ത്രപ്രധാന പങ്കാളിത്ത’മെന്ന നിലയിലേക്ക് ഉയര്‍ന്നത്.

Comments

comments

Categories: Arabia
Tags: India- UAE