ടിസിഎസിന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിരാശ

ടിസിഎസിന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിരാശ
  • വരുമാനം 2.2 ശതമാനം വര്‍ധിച്ച് 38,172 കോടി രൂപയിലെത്തി
  • ഏപ്രില്‍-ജൂണ്‍ പാദത്തിലെ സംയോജിത അറ്റാദായം 8,131 കോടി രൂപയാണ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) നിരാശ. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിലെ (ബിഎഫ്എസ്‌ഐ) ഇടിവാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ആദ്യ പാദത്തില്‍ തിരിച്ചടിയായത്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ നാമമാത്രമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 1.6 ശതമാനം വര്‍ധിച്ച് 5.5 ബില്യണ്‍ ഡോളറിലെത്തി (ഡോളറില്‍). 2.4-2.6 ശതമാനം വര്‍ധനയാണ് ടിസിഎസിന്റെ വരുമാനത്തില്‍ പ്രതീക്ഷിച്ചിരുന്നത്. വരുമാനത്തിന്റെയും പ്രവര്‍ത്തന നേട്ടത്തിന്റെയും കാര്യത്തില്‍ അനലിസ്റ്റുകളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

ഏപ്രില്‍-ജൂണ്‍ പാദത്തിലെ കമ്പനിയുടെ സംയോജിത അറ്റാദായം 8,131 കോടി രൂപയാണ്. ബ്ലൂംബെര്‍ഗ് അനലിസ്റ്റുകള്‍ 7,870.9 കോടി രൂപയുടെ അറ്റ ലാഭം പ്രതീക്ഷിച്ച സ്ഥാനത്താണിത്. വിദേശ വിനിമയ നിരക്കില്‍ നിന്നുള്ള നേട്ടവും കുറഞ്ഞ നികുതി നിരക്കുമാണ് ലാഭം വര്‍ധിക്കാനിടയാക്കിയത്.

38,172 കോടി രൂപയുടെ വരുമാനമാണ് ടിസിഎസ് രേഖപ്പെടുത്തിയത്. അനലിസ്റ്റുകള്‍ 38,541.8 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 2.2 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായത്. 9,220 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ടിസിഎസ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് പ്രവര്‍ത്തന ലാഭം മൂന്ന് ശതമാനം കുറഞ്ഞു.

ബിഎഫ്എസ്‌ഐ മേഖലയില്‍ സമ്മര്‍ദം നേരിട്ടതാണ് വരുമാനത്തില്‍ പ്രതിഫലിച്ചതെന്ന് ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. അതേസമയം, ലോകവ്യാപാകമായുള്ള ക്ലൈന്റുകള്‍ നിന്നും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായുള്ള ആവശ്യകതകള്‍ ഉണ്ടെന്നും രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.

ബിഎഫ്എസ്‌ഐ വിഭാഗത്തില്‍ ആഗോള തലത്തിലെ തന്നെ ഏറ്റവും വലിയ സേവനദാതാക്കളാണ് ടിസിഎസ്. 9.2 ശതമാനം വര്‍ധനയാണ് ഈ വിഭാഗത്തിലെ വരുമാനത്തില്‍ ഉണ്ടായത്. ലൈഫ് സയന്‍സ്, ഹെല്‍ത്ത്‌കെയര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 18.1 ശതമാനവും റീട്ടെയല്‍ സിപിജി വിഭാഗത്തില്‍ നിന്നുള്ള വരുമാനം 7.9 ശതമാനവും കമ്മ്യൂണിക്കേഷന്‍, മീഡിയ വിഭാഗത്തിലെ വരുമാനം 8.4 ശതമാനവും ഉയര്‍ന്നു. ടെക്‌നോളജി, സര്‍വീസസ് വിഭാഗത്തില്‍ 7.8 ശതമാനം വരുമാന വര്‍ധനയും മാനുഫാക്ച്ചറിംഗ് വിഭാഗത്തില്‍ 5.5 ശതമാനം വരുമാന നേട്ടവും കമ്പനി രേഖപ്പെടുത്തി.

കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 32.2 ശതമാനം പങ്കാണ് ഡിജിറ്റല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തിനുള്ളത്. ജൂണ്‍ പാദത്തില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 42.1 ശതമാനം ഉയര്‍ന്നതായും രാജേഷ് ഗോപിനാഥന്‍ അറിയിച്ചു. പുതിയ വെല്ലുവിളികളൊന്നും കമ്പനിക്ക് മുന്നിലില്ലെന്നും നേരത്തെയുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: TCS