ഹിമവാന്റെ മടിത്തട്ടില്‍ സര്‍വീസ് സെന്ററുകള്‍ തുറന്ന് റോയല്‍ എന്‍ഫീല്‍ഡ്

ഹിമവാന്റെ മടിത്തട്ടില്‍ സര്‍വീസ് സെന്ററുകള്‍ തുറന്ന് റോയല്‍ എന്‍ഫീല്‍ഡ്

ഹിമാചല്‍ പ്രദേശിലെ കാസ, കെയ്‌ലോംഗ് എന്നിവിടങ്ങളിലാണ് സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചത്

കൊച്ചി : ലേയിലേക്കും ഹിമാലയന്‍ മലനിരകളിലേക്കും മറ്റും യാത്ര ചെയ്യുന്നവര്‍ക്കായി സര്‍വീസ് സെന്ററുകള്‍ തുറന്നിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലാണ് പുതിയ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന റൈഡര്‍മാര്‍ക്ക് ഇത് വളരെ സഹായകരമാകും. ലാഹോല്‍-സ്പിതി ജില്ലയിലെ കാസ, കെയ്‌ലോംഗ് എന്നിവിടങ്ങളിലാണ് സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് സെന്ററുകളുടെ എണ്ണം 943 ആയി വര്‍ധിച്ചു.

1500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് അംഗീകൃത സര്‍വീസ് സെന്ററുകള്‍. നാല് സര്‍വീസ് ബേ ഉണ്ടായിരിക്കും. മുഴുവന്‍ സേവനങ്ങളും പുതിയ സര്‍വീസ് സെന്ററുകള്‍ വാഗ്ദാനം ചെയ്യുന്നു. പരിശീലനം ലഭിച്ച അംഗീകൃത റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ടെക്‌നീഷ്യന്‍മാരായിരിക്കും ഇവിടെയുള്ളത്. ഇതുവഴി യാത്ര ചെയ്യുന്ന റൈഡര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും മേഖലയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്വാധീനം വര്‍ധിപ്പിക്കാനും പുതിയ സര്‍വീസ് സെന്ററുകള്‍ തുറന്നതിലൂടെ സാധിക്കും.

റൈഡര്‍മാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മലനിരകളുടെ വഴിയില്‍തന്നെയാണ് സര്‍വീസ് സെന്ററും സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കുന്ന കേന്ദ്രവും തുറന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡുകളില്‍ ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ശ്രദ്ധിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ബിസിനസ് മേധാവി ഷാജി കോശി പറഞ്ഞു. ഏറ്റവും ദുഷ്‌ക്കരമായ ഭൂപ്രദേശങ്ങളിലും ഉയര്‍ന്ന സ്ഥലങ്ങളിലും റൈഡര്‍മാര്‍ക്ക് ആവശ്യത്തിന് പിന്തുണ ലഭിക്കുന്നു എന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പാക്കുകയാണ്. മണാലിയില്‍ നിന്നോ ഷിംലയില്‍ നിന്നോ ലേയിലേക്ക് പോകുന്ന റൈഡര്‍മാര്‍ക്ക് ഈ സര്‍വീസ് സെന്ററുകളുടെ സേവനം ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Auto