റിവോള്‍ട്ട് ആര്‍വി 400; ആമസോണില്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചു

റിവോള്‍ട്ട് ആര്‍വി 400; ആമസോണില്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ആയിരം രൂപ നല്‍കി പ്രീ-ബുക്കിംഗ് നടത്താം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രീ-ബുക്കിംഗ് നടത്താന്‍ കഴിയുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി മാറുകയാണ് റിവോള്‍ട്ട്

ന്യൂഡെല്‍ഹി : റിവോള്‍ട്ട് ആര്‍വി 400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രീ-ബുക്കിംഗ് ആമസോണില്‍ ആരംഭിച്ചതായി റിവോള്‍ട്ട് ഇന്റലികോര്‍പ്പ് അറിയിച്ചു. ഇതോടെ, ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രീ-ബുക്കിംഗ് നടത്താന്‍ കഴിയുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി മാറുകയാണ് റിവോള്‍ട്ട്. ആയിരം രൂപ നല്‍കി മോട്ടോര്‍സൈക്കിള്‍ ആമസോണില്‍ പ്രീ-ബുക്ക് ചെയ്യാം. പരമ്പരാഗത വില്‍പ്പന രീതികളില്‍നിന്ന് മാറുകയാണെന്ന് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വിപണന വിഭാഗം മേധാവിയും ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറുമായ ശുഭോദീപ് പാല്‍ പറഞ്ഞു.

ജൂണ്‍ 18 നാണ് റിവോള്‍ട്ട് ആര്‍വി 400 അനാവരണം ചെയ്തത്. ഇന്ത്യയിലെ ആദ്യ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-കൃത്രിമ ബുദ്ധി) അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. റിവോള്‍ട്ട് മോട്ടോഴ്‌സ് വെബ്‌സൈറ്റിലൂടെ ഡെല്‍ഹി, പുണെ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കായി പ്രീ-ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഇതുവരെ രണ്ടായിരത്തില്‍ കൂടുതല്‍ പ്രീ-ഓര്‍ഡര്‍ നേടാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.

റെബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് റിവോള്‍ട്ട് ആര്‍വി 400 ലഭിക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന റിവോള്‍ട്ട് ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ബൈക്ക് ലൊക്കേറ്റര്‍, വീട്ടുപടിക്കല്‍ ബാറ്ററി എത്തിച്ചുതരല്‍, മൊബീല്‍ ബാറ്ററി സ്വാപ്പിംഗ് സ്‌റ്റേഷനുകള്‍, ആന്റി തെഫ്റ്റ് ഫീച്ചറുകള്‍, എക്‌സ്‌ഹോസ്റ്റ് ശബ്ദം തെരഞ്ഞെടുക്കാനുള്ള സൗകര്യം തുടങ്ങിയവ ഫീച്ചറുകളാണ്. റിവോള്‍ട്ട് ആര്‍വി 400 ഈ മാസം ഔദ്യോഗികമായി പുറത്തിറക്കിയേക്കും.

Comments

comments

Categories: Auto