റെയ്ല്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രം

റെയ്ല്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രം

21,443 കിലോമീറ്ററോളം വരുന്ന 189 പുതിയ പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തില്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍. രണ്ട് ട്രെയ്‌നുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശുപാര്‍ശ റെയ്ല്‍വേ പരിഗണിച്ചു വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രി വിഷയത്തില്‍ വ്യക്തത വരുത്തിയത്. ഡല്‍ഹി- ലഖനൗ തേജസ് എക്‌സ്പ്രസ് സ്വകാര്യവല്‍ക്കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് 21,443 കിലോമീറ്ററോളം വരുന്ന 189 പുതിയ പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും ഗോയല്‍ ലോക്‌സഭയെ അറിയിച്ചു.

നാല് ലക്ഷം സീറ്റുകള്‍

ഒക്ടോബര്‍ മാസം മുതല്‍ എല്ലാ ദിവസവും നാല് ലക്ഷത്തിലധികം അധിക ബര്‍ത്തുകള്‍ റെയ്ല്‍വേ യാത്രക്കാര്‍ക്ക് ലഭ്യമാക്കും. ലൈറ്റിംഗ്, എയര്‍കണ്ടീഷനിംഗ് എന്നിവയ്ക്കായി പവര്‍ കാറുകള്‍ക്ക് പകരം എഞ്ചിനുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഹെഡ് ഓണ്‍ ജനറേഷന്‍ സാങ്കേതിക വിദ്യയിലേക്ക് റെയ്ല്‍വേ നീങ്ങുകയാണ്. ഇതോടെ ഓരോ ട്രെയ്‌നിനുമൊപ്പമുള്ള രണ്ട് പവര്‍ കാറുകള്‍ക്ക് പകരം ബോഗികള്‍ ഘടിപ്പിക്കാനാകും. അയ്യായിരത്തിലധികം കോച്ചുകള്‍ പുതിയ സാങ്കേതികവിദ്യയിലേക്ക് മാറും. പ്രതിവര്‍ഷം 6,000 കോടി രൂപ ഇന്ധന ഇനത്തിലും ലാഭിക്കാനാകും.