പത്ത് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ച് മഹീന്ദ്ര പ്ലാന്റുകള്‍

പത്ത് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ച് മഹീന്ദ്ര പ്ലാന്റുകള്‍

ചാകണ്‍, സഹീറാബാദ്, ഹരിദ്വാര്‍ പ്ലാന്റുകള്‍ ഓരോന്നും പത്ത് ലക്ഷം വീതം വാഹനങ്ങള്‍ നിര്‍മ്മിച്ചതായി മഹീന്ദ്ര

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ചാകണ്‍, സഹീറാബാദ്, ഹരിദ്വാര്‍ പ്ലാന്റുകള്‍ ഓരോന്നും പത്ത് ലക്ഷം വീതം വാഹനങ്ങള്‍ നിര്‍മ്മിച്ചതായി മഹീന്ദ്ര പ്രഖ്യാപിച്ചു. നാസിക്, കാന്ദിവലീ പ്ലാന്റുകള്‍ ഈ നാഴികക്കല്ല് നേരത്തെ താണ്ടിയിരുന്നു. ഇതോടെ മഹീന്ദ്രയുടെ അഞ്ച് പ്ലാന്റുകളും വണ്‍ മില്യണ്‍ ക്ലബ്ബിലെത്തി. പത്ത് ലക്ഷമെന്ന എണ്ണം തികഞ്ഞ വാഹനമായി ചാകണ്‍ പ്ലാന്റില്‍നിന്ന് മഹീന്ദ്ര എക്‌സ്‌യുവി 500 മോഡലാണ് പുറത്തെത്തിച്ചത്.

കെയുവി 100 മുതല്‍ അല്‍ട്ടുറാസ് ജി4 എന്ന ഫുള്‍ സൈസ് പ്രീമിയം എസ്‌യുവി വരെയുള്ള മോഡലുകളാണ് പാസഞ്ചര്‍ വാഹനങ്ങളായി മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. മൂന്നുചക്ര വാഹനങ്ങളും ലഘു വാണിജ്യ വാഹനങ്ങളും വലിയ വാണിജ്യ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും മഹീന്ദ്ര നിര്‍മ്മിക്കുന്നു. മഹീന്ദ്രയുടെ ഇതുവരെയുള്ള സഞ്ചാരത്തിലെ സുപ്രധാന നിമിഷമാണ് ഇതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കോര്‍പ്പിയോ, ബൊലേറോ എന്നിവ കൂടാതെ ആല്‍ഫ എന്ന ചെറു വാണിജ്യ വാഹനവുമാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. ട്രാക്ടറുകള്‍ കൂടാതെ ബൊലേറോ ക്യാംപര്‍, ടൂറിസ്റ്റര്‍, ആല്‍ഫ ഓട്ടോറിക്ഷ, ജീത്തോ, കംഫിയോ, ജയോ എന്നീ മറ്റ് ചെറു വാണിജ്യ വാഹനങ്ങള്‍ തെലങ്കാനയിലെ സഹീറാബാദ് പ്ലാന്റില്‍നിന്ന് വിപണിയിലെത്തിക്കുന്നു. എക്‌സ്‌യുവി 500, ടിയുവി 300, കെയുവി 100, അല്‍ട്ടുറാസ് ജി4, മറാറ്റ്‌സോ എന്നിവ കൂടാതെ മാക്‌സിമോ, സുപ്രോ, സ്‌കോര്‍പ്പിയോ പിക്ക്-അപ്പ് എന്നീ ചെറു വാണിജ്യ വാഹനങ്ങളും മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റില്‍നിന്ന് പുറത്തിറക്കുന്നു.

Comments

comments

Categories: Auto
Tags: Mahindra