ജന്‍ ധന്‍ നിക്ഷേപങ്ങള്‍ ലക്ഷം കോടി കടന്നു

ജന്‍ ധന്‍ നിക്ഷേപങ്ങള്‍ ലക്ഷം കോടി കടന്നു

നിലവിലുള്ള 36.06 കോടി ജന്‍ ധന്‍ എക്കൗണ്ടുകളിലെ ആകെ നിക്ഷേപം 1,00,495.94 കോടി രൂപ

ന്യൂഡെല്‍ഹി: ജന്‍ ധന്‍ ബാങ്ക് എക്കൗണ്ടുകളിലെ നിക്ഷേപ മൂല്യം ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഈ മാസം മൂന്നുവരെയുള്ള കണക്കനുസരിച്ച് നിലവിലുള്ള 36.06 കോടി ജന്‍ ധന്‍ എക്കൗണ്ടുകളിലെ ആകെ നിക്ഷേപം 1,00,495.94 കോടി രൂപയാണ്. അതിവേഗതയിലാണ് നിക്ഷേപ വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ആറിന് 99,649.84 കോടി രൂപയായിരുന്നു നിക്ഷേപം. ഇതിന് ഒരാഴ്ച മുന്‍പ് 99,232.71 കോടി രൂപയുടെ നിക്ഷേപമാണ് ജന്‍ ധന്‍ എക്കൗണ്ടുകളിലുണ്ടായിരുന്നത്.

സീറോ ബാലന്‍സുള്ള ജന്‍ ധന്‍ എക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞതായി ധനകാര്യ മന്ത്രാലയം അടുത്തിടെ രാജ്യസഭയിലറിയിച്ചിരുന്നു. 2018 മാര്‍ച്ചില്‍ 5.10 കോടിയായിരുന്ന (ആകെ എക്കൗണ്ടുകളുടെ 16.22 ശതമാനം) സീറോ ബാലന്‍സ് എക്കൗണ്ടുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 5.07 കോടിയായിട്ടാണ് (14.37 %) കുറഞ്ഞത്. 28.44 കോടിയിലധികം എക്കൗണ്ട് ഉടമകള്‍ റുപേ ഡെബിറ്റ് കാര്‍ഡ് നേടിയിട്ടുണ്ട്.

പിഎംജെഡിവൈ പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് 2018 ഓഗസ്റ്റ് 28 നുശേഷം പുതിയ എക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ ഓവര്‍ഡ്രാഫ്റ്റ് പരിധി 10,000 രൂപയാക്കിയും വര്‍ധിപ്പിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും ഒരു ബാങ്ക് എക്കൗണ്ട് എന്ന ആദ്യത്തെ അജണ്ടക്കു പകരം രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഒരു ബാങ്ക് എക്കൗണ്ട് എന്ന പുതിയ ആശയമാണ് പദ്ധതി വഴി ഇപ്പോള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 2014 ഓഗസ്റ്റ് 28 നാണ് ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) സ്‌കീം അവതരിപ്പിച്ചിരുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പിലാക്കാനും ജന്‍ ധന്‍ എക്കൗണ്ടുകള്‍ സഹായിക്കുന്നുണ്ട്. എക്കൗണ്ട് ഉടമകളില്‍ 50 ശതമാനവും വനിതകളാണ്.

Categories: FK News, Slider