അടിസ്ഥാനസൗകര്യ, ബാങ്കിംഗ് മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം

അടിസ്ഥാനസൗകര്യ, ബാങ്കിംഗ് മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം

ഷിപ്പിംഗ് നിര്‍മാണ മേഖലയിലെ സഹകരണത്തിനും ഇരു രാജ്യങ്ങളും പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാനത്ത് നടന്ന രണ്ടാമത് ഇന്ത്യ-റഷ്യ സാമ്പത്തികതല നയതന്ത്ര ചര്‍ച്ചയില്‍ അടിസ്ഥാനസൗകര്യം, ബാങ്കിംഗ് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ഗതാഗതമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെയും ടെക്‌നോളജികളുടെയും വികസനം, കൃഷി, അനുബന്ധ സംസ്‌കരണ മേഖലകളുടെ വികസനം, ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് പിന്തുണ, ഡിജിറ്റല്‍ പരിവര്‍ത്തനവും ടെക്‌നോളജികളും, വാണിജ്യം, ബാങ്കിംഗ്, സാമ്പത്തികം, വ്യവസായം, ടൂറിസം, കണക്റ്റിവിറ്റി എന്നീ ആറ് മേഖലകളിലെ സഹകരണം പ്രോല്‍സാഹിപ്പിക്കാനാണ് തീരുമാനം. നിതി ആയോഗ് ഉപാധ്യക്ഷന്‍ ഡോ. രാജീവ് കുമാറിന്റെയും റഷ്യയുടെ സാമ്പത്തിക വികസന വിഭാഗം സഹമന്ത്രി തിമൂര്‍ മക്‌സിമോവിന്റെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 2018 ഒക്‌റ്റോബറില്‍ നടന്ന 19 ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി വാര്‍ഷിക ഉച്ചകോടിയില്‍ നിതി ആയോഗും റഷ്യന്‍ സാമ്പത്തിക വികസന മന്ത്രാലയവും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ-റഷ്യ സാമ്പത്തികതല നയതന്ത്ര ചര്‍ച്ച സംഘടിപ്പിക്കുന്നത്.

ഷിപ്പിംഗ് നിര്‍മാണ മേഖലയിലെ സഹകരണത്തിനും ഇരു രാജ്യങ്ങളും പദ്ധതിയിടുന്നുണ്ട്. റഷ്യന്‍ മുന്‍ ഉപ പ്രധാനമന്ത്രിയും റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവിയുമായ ദിമിത്രി റോഗോസിന്‍ ഇന്ന് ന്യൂഡെല്‍ഹിയില്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിനായി ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നതടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ രംഗത്തെ സഹകരണം ശക്തമാക്കുന്നതിനായുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യും.

Categories: FK News, Slider
Tags: India Russia