ഇവിടം സ്വര്‍ഗമാക്കാം

ഇവിടം സ്വര്‍ഗമാക്കാം

ജനസംഖ്യാ വിസ്‌ഫോടനവും അതിന്റെ ഉപോല്‍പ്പന്നമായ ആഗോള താപനവും ഇന്നത്തെ നിലയ്ക്ക് തുടര്‍ന്നാല്‍ അധികം താമസമില്ലാതെ ഭൂമി വാസയോഗ്യമല്ലാതായി തീരുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു

ഏഴുനൂറ്റിയെഴുപത് കോടി കടന്ന് ലോക ജനസംഖ്യ കുതിക്കവെയാണ് ഇത്തവണത്തെ ജനസംഖ്യാ ദിനം കടന്നു വന്നിരിക്കുന്നത്. 100 വര്‍ഷം മുന്‍പത്തെ 190 കോടിയില്‍ നിന്നാണ് മനുഷ്യര്‍ നാലിരട്ടിയോളം പെരുകിയിരിക്കുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷം 2050 ല്‍ ആഗോള ജനസംഖ്യ 970 കോടിയിലേക്കെത്തുമെന്നും ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് കണക്കാക്കി അനുമാനിക്കുന്നു. 2,100 എത്തുമ്പോള്‍ 1090 കോടിയും! അന്ന് ഒരുപക്ഷേ വനങ്ങള്‍ അവശേഷിക്കില്ല. താഴ്‌വരകളും മൊട്ടക്കുന്നുകളും അവശേഷിക്കില്ല. മനുഷ്യര്‍ക്ക് ആവാസവ്യവസ്ഥയൊരുക്കാനും ഭക്ഷണവും കുടിവെള്ളവും ഊര്‍ജവും മറ്റ് സുഖസൗകര്യങ്ങളുമൊരുക്കാനും മാത്രമുള്ള ഇടങ്ങളായി ഭൂമിയുടെ ഓരോ ഇഞ്ചും മാറിക്കഴിഞ്ഞിരിക്കും. പരിസ്ഥിതി വാദികളഅ#ക്ക് വംശനാശം വരും. പരിസ്ഥിതി ശേഷിച്ചാലല്ലേ അവരുടെ ആവശ്യമുണ്ടാകൂ. നദികളും മരങ്ങളും മഴയും മറ്റ് ജീവജാലങ്ങളും കാണാന്‍ കിട്ടുമോയെന്ന് ശാസ്ത്രലോകത്തിന് പിടിയില്ല. മരുഭൂമികള്‍ തീര്‍ച്ചയായും ഉണ്ടാവും. ചൂടുകൂടുന്നതിനനുസരിച്ച് നിരവധി രാജ്യങ്ങള്‍ മനുഷ്യവാസത്തിന് യോജിച്ചവയല്ലാതായി മാറും. ധ്രുവങ്ങളിലെയും പര്‍വതങ്ങളിലെയും ഉരുകിയ മഞ്ഞുപാളികളില്‍ നിന്നും ഹിമാനികളില്‍ നിന്നുമുള്ള ജലം മൂലം കടലില്‍ മുങ്ങിപ്പോകുന്ന നാടുകള്‍ വേറെ. ജനസംഖ്യാ വിസ്‌ഫോടനവും അതിന്റെ ഉപോല്‍പ്പന്നമായ ആഗോള താപനവും ഇന്നത്തെ നിലയ്ക്ക് തുടര്‍ന്നാല്‍ അധികം താമസമില്ലാതെ ഭൂമി വാസയോഗ്യമല്ലാതായി തീരുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. അഭയാര്‍ത്ഥി പ്രശ്‌നവും സംഘര്‍ഷങ്ങളും ലോകത്തെ ശ്വാസം മുട്ടിക്കും.

ഇന്ത്യയിലും സ്ഥിതിഗതികള്‍ ഒട്ടും ആശാവഹമല്ല. നിലവില്‍ 135 കോടി കടന്ന ജനസംഖ്യയാണ് ഇന്ത്യക്കുള്ളത്. ഏഴു വര്‍ഷം കൂടി കഴിയുമ്പോള്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യക്ക്, വര്‍ധിക്കുന്ന ജനതയെ പോറ്റുന്നതിനും കുടിവെള്ളമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ദാരിദ്ര്യവും പോഷകക്കുറവും പരിഹരിക്കുന്നതിനും വന്‍ മുതല്‍മുടക്ക് നടത്തേണ്ടി വരും. ലോകത്തെ ഏറ്റവും വലിയ ചെറുപ്പക്കാരുടെ രാഷ്ട്രമെന്ന മുന്‍തൂക്കം ഇപ്പോള്‍ രാജ്യത്തിനുണ്ട്. 2020 ഓടെ രാജ്യത്തെ ശരാശരി പ്രായം 29 ആകും. 64 ശതമാനം ജനങ്ങളും ജോലി ചെയ്യുന്നവരായിരിക്കും. വലിയ സാമ്പത്തിക മുന്നേറ്റത്തിനുള്ള ഊര്‍ജം ഇത് രാജ്യത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ 2050 ഓടെ സ്ഥിതിഗതികള്‍ മാറും. ചെറുപ്പക്കാര്‍ക്ക് വയസാകും. ജനസംഖ്യയുടെ 20 ശതമാനവും (34 കോടി) അന്ന് 60 വയസിന് മുകളിലുള്ളവരായിരിക്കും. ഇന്ന് ജപ്പാനും പല യൂറോപ്യന്‍ രാജ്യങ്ങളും നേരിടുന്ന, വയോജനങ്ങളുടെ ജനസംഖ്യ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം ഇന്ത്യയും നേരിടും. ഇന്ന് യുവത്വം പേറുന്ന ചൈനയുടെയും അവസ്ഥ വ്യത്യസ്തമായിരിക്കില്ല. ജനസംഖ്യ ഉടരുകയും വൃദ്ധരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയൊക്കെ ഉറപ്പാക്കാനുള്ള പരിപാടികളെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളതാണ്. 2050 എത്തുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ 56വ ശതമാനം വളര്‍ന്ന് 200 കോടി കവിയുമെന്ന് യുഎന്‍ കണക്കാക്കുന്നു.

1989 മുതലാണ് ഐക്യരാഷ്ട്ര സഭ, ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. 1987 ജൂലൈ 11 ന് ലോക ജനസംഖ്യ 500 കോടിയെത്തിയതിന്റെ ഓര്‍മക്കായിരുന്നു ഇത്. അതിനു ശേഷം ഓരോ 14 മാസവും 10 കോടി വീതം ജനസംഖ്യ വര്‍ധിച്ചു. കാര്യങ്ങള്‍ പൂര്‍ണമായി കൈവിട്ടു പോകുന്നതിന് മുന്‍പ് പഴയ ലോകത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ടും പുനരുപയോഗിക്കാവുന്ന ഊര്‍ജശേഷി വര്‍ധിപ്പിച്ചുകൊണ്ടും ആഗോള താപനത്തെ നേരിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് സ്വാഗതാര്‍ഹമാണ്. ജനസംഖ്യാ വര്‍ധനവിന്റെ അപകടങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുകയും ജനനനിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കേണ്ടതുമുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നത് ഈ ശ്രമങ്ങളില്‍ നിര്‍ണായകമാകും. വാസയോഗ്യമായ ഇതര ഗ്രഹങ്ങള്‍ അന്തരീക്ഷത്തിലുണ്ടോയെന്ന അന്വേഷണം പല ഏജന്‍സികളും നടത്താനാരംഭിച്ചിട്ടുണ്ട്. മനുഷ്യനെ അവിടേക്ക് പറിച്ചുനട്ട് പുതിയൊരു ഭൂമി സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. സ്വര്‍ഗതുല്യമായ ഒരു ഗ്രഹത്തെ നരകമാക്കിയ ശേഷം രക്ഷപെട്ടു പോകാന്‍ മനുഷ്യന് ഒരു അവകാശവുമില്ല എന്ന് മറക്കരുത്. ഈ ഭൂമിയെ തന്നെ ആ പഴയ സ്വര്‍ഗമാക്കി മാറ്റാനുള്ള പ്രയത്‌നമാണ് വേണ്ടത്.

Categories: Editorial, Slider