പ്രതിവര്‍ഷം 500 യൂണിറ്റ് കോന ഇലക്ട്രിക് വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ്

പ്രതിവര്‍ഷം 500 യൂണിറ്റ് കോന ഇലക്ട്രിക് വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ്

ഇന്ത്യയില്‍ ഹ്യുണ്ടായ് ഇതാദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നത്. ദക്ഷിണ കൊറിയന്‍ കമ്പനിയുടേത് ധീരമായ തീരുമാനമാണ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വര്‍ഷം തോറും 500 യൂണിറ്റ് കോന ഇലക്ട്രിക് എസ്‌യുവി വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന ബിസിനസ്സില്‍ ഈ വിധത്തില്‍ മാത്രമേ ഇറങ്ങിച്ചെല്ലാന്‍ കഴിയൂ എന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ കരുതുന്നു. 2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഏഴര ലക്ഷം യൂണിറ്റ് താണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഹ്യുണ്ടായുടെ കോന ഇലക്ട്രിക് എസ്‌യുവിക്ക് ഇന്ത്യയില്‍ മികച്ച ഭാവിയാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ ക്രെറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ കോന ഇലക്ട്രിക്കിന് റണ്ണിംഗ് ചെലവുകള്‍ കുറവാണ്. കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ മാത്രമാണ് ചെലവ്.

ഇന്ത്യയില്‍ ഹ്യുണ്ടായ് ഇതാദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നത്. ദക്ഷിണ കൊറിയന്‍ കമ്പനിയുടേത് ധീരമായ തീരുമാനമാണ്. 25.30 ലക്ഷം രൂപയാണ് ഇലക്ട്രിക് കാറിന് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രാരംഭ വില മാത്രമാണ്. ഇരട്ട നിറത്തിലും (ഡുവല്‍ ടോണ്‍) ഹ്യുണ്ടായ് കോന ഇലക്ട്രിക് ലഭിക്കും. 20,000 രൂപ അധികം നല്‍കണമെന്ന് മാത്രം. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനത്തിന്റെ വില പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശീയമായി ചെന്നൈയിലെ സ്വന്തം പ്ലാന്റിലാണ് ഇലക്ട്രിക് കോന അസംബിള്‍ ചെയ്യുന്നത്.

ഉപയോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്ന രീതികളും അറിയുന്നതിനുവേണ്ടിയാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സീനിയര്‍ ജനറല്‍ മാനേജറും മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് ഹെഡുമായ പുനീത് ആനന്ദ് പറഞ്ഞു. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പിന്നീട് വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് കോനയുടെ കാര്യത്തില്‍, ആദ്യ വര്‍ഷം 500 യൂണിറ്റില്‍ കൂടുതല്‍ വില്‍പ്പന മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് പുനീത് ആനന്ദ് പറഞ്ഞു.

Comments

comments

Categories: Auto