വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പരസ്യങ്ങള്‍

വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പരസ്യങ്ങള്‍

ബ്രാന്‍ഡുകള്‍ ജനങ്ങളിലേക്കെത്തിക്കുകയും അവരുടെ ഉപബോധ മനസില്‍ പതിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഉപാധിയാണ് പരസ്യങ്ങള്‍. അവ ശ്രദ്ധിക്കപ്പെട്ടാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും കുതിച്ചുയരുമെന്നതിന് ഏറെ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ വിവാദങ്ങളിലകപ്പെടുകയും അതിന്റെ പേരില്‍ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തെയും വിശ്വാസ്യതയെയും ഇടിച്ച താഴ്ത്തുകയും ചെയ്ത പരസ്യങ്ങളും ധാരാളമുണ്ട്. പരസ്യങ്ങളുടെ വിശാല ലോകത്തെക്കുറിച്ച് അറിയാം…

സഭ്യതയുടെ, സദാചാരബോധത്തിന്റെ, മൂല്യങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വിവാദത്തില്‍പ്പെട്ട പരസ്യങ്ങളുണ്ട്. നല്ല ഹ്യൂമറിലൂടെ ശ്രദ്ധ നേടിയ പരസ്യങ്ങളുമുണ്ട്, ഹ്യൂമര്‍ പാളിപ്പോയ അനുഭവങ്ങളുമുണ്ട്. പൂര്‍ണ നഗ്നരായി പ്രശസ്ത മോഡല്‍ മിലിന്ദ് സോമനും മധു സാപ്രേയും കെട്ടിപ്പുണരുന്ന, ഒപ്പം സെക്‌സ് സിംബലായി ഒരു പാമ്പ് അവരുടെ ശരീരത്തില്‍ ചുറ്റും ഇഴയുന്ന ടെലിവിഷന്‍ പരസ്യത്തെ അശ്ലീലത്തിന്റെയും ആഭാസത്തിന്റെയും സംസ്‌കാര അപച്യുതിയുടെയും പേരില്‍ ജനം നിശിതമായി വിമര്‍ശിച്ചു. ടഫ് ഷൂസിനുവേണ്ടി 1995 ല്‍ ഇറക്കിയ പരസ്യത്തിനെതിരെ കോടതിയില്‍ അശ്ലീലത്തിന്റെ പേരിലും മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലും കേസുകള്‍ വന്നു. വന്‍ വിവാദമായതിനെ തുടര്‍ന്ന് അവസാനം പരസ്യം പിന്‍വലിച്ചു.

ഇതേരീതിയില്‍ വിവാദങ്ങളായ വേറെ പരസ്യങ്ങളും ഒരുകാലത്ത് സ്വീകരണ മുറികളിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ കടന്നുവന്നു. 1998 ല്‍ സ്വിസ് ബ്രാന്‍ഡായ കാലിസാ ഇന്നര്‍ വെയറിന്റെ പരസ്യത്തില്‍ നടി ബിപാഷ ബസുവിന്റെ ഇന്നര്‍ വെയര്‍ കടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്ന മോഡലും നടനുമായ ഡിനോ മോറിയയെയാണ് കണ്ടത്. ടാഗ്‌ലൈന്‍ എഴുതാന്‍ പറ്റാത്തവിധം അസഭ്യത നിറഞ്ഞതായിരുന്നുവത്. സ്ത്രീകളുടെ പ്രതിച്ഛായയെ മോശമാക്കി ചിത്രീകരിച്ചതിനെതിരെ ഫെമിനിസ്റ്റുകളും സ്ത്രീവിമോചന ആക്റ്റിവിസ്റ്റുകളും രംഗത്തെത്തിയതോടെ പരസ്യം പിന്‍വലിക്കപ്പെട്ടു.

2003 ല്‍ എസി ബ്ലാക് ആപ്പിള്‍ ജ്യൂസിനുവേണ്ടി ചിത്രീകരിച്ച പരസ്യത്തില്‍, വിസ്‌കിയാണെന്ന് തോന്നും വിധം മോഡല്‍ സുന്ദരി ഗ്ലാസ് ഉയര്‍ത്തി ‘കുച്ച് ഭി ഹോ സക്താ ഹേ’ എന്ന് മൊഴിഞ്ഞു. ഈ ടാഗ്‌ലൈന്‍ തങ്ങളെ അവഹേളിക്കുന്നതാണെന്ന് സ്ത്രീസമൂഹം പരാതിപ്പെട്ടു. പരസ്യം വളരെ വേഗം സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായി. പൂജാ ബേദിയും മാര്‍ക് റോബിന്‍സണും കെട്ടിപുണരുന്ന രംഗവുമായി 1991 ല്‍ ഇറങ്ങിയ കാമസൂത്ര പരസ്യവും മോശമായ അവതരണം എന്ന നിലയില്‍ ജനം പ്രതിരോധിച്ചു. കാമസൂത്ര പരസ്യത്തിലെ വാക്കുകളുടെ തുടര്‍ച്ചയെന്നോണം എംആര്‍ ഇന്‍സ്റ്റന്റ് കോഫി (1993 ല്‍) മലൈകാ അറോറയെയും അര്‍ബാസ് ഖാനെയും വെച്ച് അവതരിപ്പിച്ച പരസ്യത്തിന്റെയും ടാഗ്‌ലൈന്‍ ജനത്തിന് രുചിച്ചില്ല. ‘Real pleasure can’t come in an instant’ എന്ന കുറിപ്പോടെ കെട്ടിപ്പുണരുന്ന മോഡലുകള്‍, കാപ്പിയുടെ ഗുണം പ്രചരിപ്പിക്കാന്‍ എല്ലാ സീമകളും ലംഘിച്ചു. കുറേ സുന്ദരികള്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന ഫോര്‍ഡ് ഫിഗോ കാര്‍ പരസ്യം, ടാഗ്‌ലൈന്‍ ‘നിങ്ങളുടെ അസ്വസ്ഥതകള്‍ പിന്നിലേക്ക് മാറ്റൂ’ ( ‘Leave your worries behind’). കാറിലെ സുഖകരമായ യാത്ര, തമാശരൂപേണ അവതരിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു അത്. സ്ത്രീകളെ അപമാനിക്കുന്ന വിഷ്വല്‍ പരസ്യത്തെ വിവാദത്തില്‍പ്പെടുത്തി. അനാവശ്യ വിവാദമുണ്ടാക്കിയ മറ്റ് പരസ്യങ്ങളുടെ ഗതി തന്നെയായിരുന്നു ഇതിനും.

ടൈംസ് ഓഫ് ഇന്ത്യ പത്രം, ദ ഹിന്ദു പത്രത്തിന്റെ കളിക്കളമായ തെക്കേയിന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുവിനെ ഒരു ബോറന്‍ പത്രമായി വിശേഷിപ്പിച്ചു. ഏറ്റവും മികച്ച പത്രം എന്നവകാശപ്പെട്ടിരുന്ന ഹിന്ദു ‘Sense not Sensual’ എന്ന ടാഗ് ലൈനോടെ തിരിച്ചടിച്ചു. ടൈംസ് സെന്‍സേഷണല്‍ അഥവാ വിവാദ വാര്‍ത്തകള്‍ക്കും തങ്ങള്‍ വിവേകത്തിനുമാണ് പ്രധാന്യം കൊടുക്കുന്നതെന്നുമായിരുന്നു ഹിന്ദു ഉദ്ദേശിച്ചത്. ‘ടൈംസ് വന്നതോടെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിന് അഭിനന്ദനങ്ങള്‍’ എന്ന് ഹിന്ദുവിനെ കളിയാക്കിക്കൊണ്ട് ടൈംസ് തിരിച്ചടിച്ചു. നടീനടന്‍മാരുടെ വസ്ത്രധാരണത്തിലെ പിഴവുകള്‍ക്കല്ല, സര്‍ക്കാരിന്റെ പിഴവുകള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്നായിരുന്നു അല്‍പ്പം ഗ്ലാമറുള്ള ടൈംസ് ഓഫ് ഇന്ത്യയെ ഹിന്ദു ഒരു പരസ്യത്തിലൂടെ ഓര്‍മിപ്പിച്ചത്. ഇതിനിടെ ടൈംസ്, വാര്‍ത്തകളില്‍ ഗൗരവം കാണിക്കുന്നില്ലെന്ന് കാണിക്കാന്‍ ഹിന്ദു നടത്തിയ ശ്രമം അല്‍പ്പം പാളിപ്പോയി. ഹിന്ദുവിന്റെ പരസ്യത്തില്‍ ‘ടൈം ഓഫ് ഇന്ത്യ’ എന്ന ശീര്‍ഷകം അബദ്ധത്തിലോ മനപൂര്‍വമോ കടന്നു കൂടിയത് അവര്‍ക്ക് വിനയായി. ഇതേ പരസ്യം ടൈംസ് പുനപ്രസിദ്ധീകരിച്ചു. ‘നന്ദി ഹിന്ദു! ഞങ്ങള്‍ക്ക് പരസ്യം നല്‍കിയതിന്’. സാമാനമായ രീതിയിലുള്ള പരസ്യയുദ്ധം ഒരുകാലത്ത് മലയാളത്തിലെ മുത്തശ്ശി പത്രങ്ങള്‍ തമ്മിലും ഉണ്ടായിരുന്നു, എന്നാലത് വായനക്കാരുടെ എണ്ണം സംബന്ധിച്ചാണെന്ന് മാത്രം.

52 വര്‍ഷം മുന്‍പ് അമൂല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടിയെ ഓര്‍മയില്ലേ? പോള്‍ക്കാ ഫ്രോക്കില്‍ നീല നിറത്തിലുള്ള പോണിടെയ്ല്‍ മുടിയുമായി? കൈ കൊണ്ട് വരച്ച കാര്‍ട്ടൂണ്‍ മാത്രമായിരുന്നു അത്. 52 വര്‍ഷം കഴിഞ്ഞിട്ടും അമൂല്‍ ബേബി, ബേബി തന്നെ. പരസ്യരംഗത്തെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ മാസ്‌കോട്ടുകളിലൊന്നാണിത്. കാലിക പ്രാധാന്യമുള്ള പഞ്ച്‌ലൈന്‍ കൊണ്ട് ശ്രദ്ധയമായ പരസ്യങ്ങളായിരുന്നു അവയെല്ലാം. സത്യം കംപ്യൂട്ടേഴ്‌സിന്റെ ഉടമസ്ഥര്‍ (രാമലിംഗ രാജു) നടത്തിയ വെട്ടിപ്പിന്റെ കഥ ‘സത്യം, ശരം, സ്‌കാന്‍ഡലം’ എന്ന തലക്കെട്ടുകൊണ്ടാണ് അമൂല്‍ പരിഹസിച്ചത്.

ഏഷ്യന്‍ ഒളിംപിക്‌സ് അഴിമതിയില്‍ സുരേഷ് കല്‍മാഡി ശിക്ഷിക്കപ്പെട്ടപ്പോള്‍ പുറത്തുവന്ന മേനേ ക്യാ ഖ്യായ (what did i eat) എന്ന അമൂല്‍ പരസ്യത്തിന്റെ തലക്കെട്ട് കല്‍മാഡി അനുയായികളെ ചൊടിപ്പിച്ചു. പൂനെയിലെ അമൂല്‍ ഹോര്‍ഡിംഗ് അവര്‍ തകര്‍ത്തു. ഇന്ത്യയില്‍ കുടുങ്ങിയ ഊമയായ പാകിസ്ഥാനി പെണ്‍കുട്ടിയെ തിരികെ അവളുടെ വീട്ടിലെത്തിക്കുന്ന ബജ്‌രംഗി ഭായ്ജാന്‍ എന്ന സല്‍മാന്‍ ഖാന്‍ സിനിമയുടെ പേര് ‘ബട്ടറങ്കി ഭായ്ജാന്‍’ എന്നാക്കി അമൂല്‍. അമുല്‍ ബട്ടറിന്റെ പരസ്യമായിരുന്നു ഇതിലൂടെ നല്‍കിയത്. ‘Amul loved across borders’ എന്നായിരുന്നു അടിക്കുറിപ്പ്. സല്‍മാന്‍ ഖാന്‍ 2016 ലെ ഒളിംപിക്‌സ് ബ്രാന്‍ഡ് അംബാസഡറായപ്പോള്‍ സല്‍മാനല്ല ആദരവാണ് (samman not salman) കായികതാരങ്ങള്‍ക്ക് വേണ്ടതെന്ന പരസ്യവും അമൂല്‍ ഇറക്കി. ‘അമൂല്‍ ഓപ്പണ്‍ ടു ഓള്‍’ എന്ന ഹോര്‍ഡിംഗാണ് നടന്‍ ഷാരൂഖ് ഖാന്‍ അഞ്ചു കൊല്ലത്തെ വിലക്കിനുശേഷം 2015 ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ പ്രവേശിച്ചപ്പോള്‍ സ്ഥാപിച്ചത്. പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഓര്‍മിപ്പിച്ചുകൊണ്ട് അമൂല്‍ ‘Paks A punch’, കാര്‍ഗിലില്‍ നിന്ന് നുഴഞ്ഞുകയറിയ നവാസ് ഷെരീഫിനോട് ‘pak up and leave’ എന്നു പറയുന്ന അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയവയൊക്കെ കാലിക പ്രാധാന്യത്തോടെ ഹോര്‍ഡിംഗുകളില്‍ നിറഞ്ഞു.

ഐഎസ്ആര്‍ഒ 2008 ല്‍ ചന്ദ്രനിലേക്ക് ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചപ്പോള്‍ ‘ചാര്‍ ചാന്ദ്് ലഗ് ഗയേ’ (ചന്ദ്രനെപ്പോലെ വിളങ്ങുന്നു….) എന്ന് പറയുന്ന അമൂല്‍ ബേബി പ്രത്യക്ഷപ്പെടുന്നത് ബഹിരാകാശസഞ്ചാരിയുടെ വേഷത്തില്‍! 2014 ല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ രൂപീകരണ വേളയില്‍ സാര്‍ക് രാജ്യത്തലവന്‍മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതിനെ സൂചിപ്പിച്ച് , അയല്‍ക്കാരെ ക്ഷണിക്കൂ എന്ന പഞ്ച്‌ലൈനോടെ ഭാരതീയ സാാാര്‍കാര്‍ (Bharatiya Saarcar!) എന്ന് പ്രതികരിച്ചു അമൂല്‍. അരവിന്ദ് കെജ്രിവാള്‍ ഡെല്‍ഹിയില്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ വന്നു, അമൂല്‍ ‘clean sweep’ എന്ന പഞ്ച്‌ലൈന്‍.

(തുടരും)

Categories: FK Special, Slider