ഫേസ്ബുക്കും ഗൂഗിളും സംശയനിഴലില്‍

ഫേസ്ബുക്കും ഗൂഗിളും സംശയനിഴലില്‍
  • കമ്പനികള്‍ ഇന്ത്യയിലെ വരുമാനം കുറച്ചുകാണിച്ചെന്ന് ആദായ നികുതി വകുപ്പിന് സംശയം
  • ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും വരുമാന സ്രോതസുകള്‍ വിശദമായി പരിശോധിക്കാനൊരുങ്ങുന്നു
  • കമ്പനികളുടെ വരുമാനവും പരസ്യദാതാക്കളില്‍ നിന്നുള്ള വരുമാനവും പൊരുത്തപ്പെടുന്നില്ല

ന്യൂഡെല്‍ഹി: ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ആഗോള വമ്പന്‍മാര്‍ ഇന്ത്യയില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയം ബലപ്പെട്ടു. കമ്പനികള്‍ ഇന്ത്യയിലെ വരുമാനം കുറച്ചുകാണിച്ചെന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. കമ്പനികള്‍ നേടുന്ന പരസ്യങ്ങള്‍ക്ക് അനുപാതമല്ല വരുമാനക്കണക്കുകളെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും വരുമാന സ്രോതസുകളും മറ്റും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, നടപ്പു വര്‍ഷത്തെ നികുതി വെട്ടിപ്പുകാരെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയില്‍ മാതൃകമ്പനികളുടെ സേവനങ്ങള്‍ പുനര്‍ വില്‍പ്പന നടത്തുന്ന ഈ കമ്പനികളുടെ വരുമാനം, രാജ്യത്തെ പരസ്യദായകരില്‍ നിന്ന് ലഭിച്ച വരുമാനവുമായി തട്ടിച്ച് നോക്കുമ്പോള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ഐടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

2016 ല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈക്വലൈസേഷന്‍ ടാക്‌സിന്റെ പശ്ചാത്തലത്തിലാണ് കമ്പനികള്‍ വരുമാനം കുറച്ചു കാണിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. 2016 ലാണ് സര്‍ക്കാര്‍ ആറ് ശതമാനം ഈക്വലൈസേഷന്‍ നികുതി ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള ആഗോള ഡിജിറ്റല്‍ കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്നത്. സൈറ്റുകളില്‍ പരസ്യം നല്‍കുന്നവരില്‍ നിന്നാണ് ഈ നികുതി ഈടാക്കുന്നത്. മറ്റ് ആഗോള കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 40 ശതമാനം കോര്‍പ്പറേറ്റ് നികുതിയില്‍ നിന്നും വ്യത്യസ്തമാണിത്.

ഡിജിറ്റല്‍ ഇക്കോണമി കമ്പനികള്‍ നടത്തുന്ന നികുതി വെട്ടിപ്പുകള്‍ അത്രയും വേഗം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ മാസമാദ്യം നടന്ന ജി20 ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ എടുത്തു പറഞ്ഞിരുന്നു. ഗൂഗിള്‍, ഫേസ്ബുക്, ആമസോണ്‍, നെറ്റ്ഫഌക്‌സ് തുടങ്ങിയ ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ക്ക് മേല്‍ ആഗോള സംയോജിത നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. നികുതി കുറഞ്ഞ രാജ്യങ്ങളില്‍ സാധനങ്ങളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വിറ്റഴിക്കുന്ന തന്ത്രമാണ് ഈ കമ്പനികള്‍ നികുതി വെട്ടിക്കാന്‍ പയറ്റി വരുന്നത്. ആഗോള തലത്തില്‍ 2015 ല്‍ 240 ബില്യണ്‍ ഡോളറിന്റെ നികുതി നഷ്ടമാണ് ഈ കമ്പനികള്‍ വിവിധ രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിയതെന്നാണ് പാരീസ് ആസ്ഥാനമായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) കണ്ടെത്തിയിരിക്കുന്നത്. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ബെര്‍മുഡ തുടങ്ങിയ രാജ്യങ്ങളുടെ സംവിധാനങ്ങളുപയോഗിച്ച് 2016 ല്‍ ഗൂഗിള്‍ മാത്രം 3.7 ബില്യണ്‍ ഡോളറാണ് അധികമായി സമ്പാദിച്ചത്. ആഗോള ഓണ്‍ലൈന്‍ ഡിജിറ്റല്‍ കമ്പനികളുടെ നികുതി വെട്ടിപ്പ് തടയാന്‍ 129 രാജ്യങ്ങള്‍ ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

Categories: FK News, Slider
Tags: Facebook, Google