യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ് : എ380 വിമാനങ്ങളില്‍ എമിറേറ്റ്‌സ് പരിശോധന നടത്തുന്നു

യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ് : എ380 വിമാനങ്ങളില്‍ എമിറേറ്റ്‌സ് പരിശോധന നടത്തുന്നു

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഒമ്പത് വിമാനങ്ങളിലാണ് പരിശോധന

ദുബായ്: വിമാനത്തിന്റെ ചിറകുകളില്‍ വിള്ളലുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് എ380 വിമാനങ്ങളില്‍ പരിശോധന നടത്തുകയാണെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി സ്ഥിരീകരിച്ചു. യൂറോപ്യന്‍ യൂണിയന്റെ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ(ഇഎഎസ്എ) നിര്‍ദ്ദേശപ്രകാരമാണ് എമിറേറ്റ്‌സ് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള എ380 വിമാനങ്ങളില്‍ സുരക്ഷാപരിശോധന നടത്തുന്നത്.

പരിശോധനാ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും ഒമ്പത് എ380 വിമാനങ്ങളിലാണ് പരിശോധന നടത്തുകയെന്നും എമിറേറ്റ്‌സ് അറിയിച്ചു. വിമാനങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികളാണ് സ്വീകരിക്കുന്നതെന്നും എമിറേറ്റ്‌സ് അറിയിച്ചു.

യൂറോപ്പിലെ എയര്‍ബസ് കമ്പനി നിര്‍മിക്കുന്ന എ380 വിമാനമോഡലുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വിമാനക്കമ്പനിയാണ് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ്. 111 എ380 വിമാനങ്ങളാണ് എമിറേറ്റ്‌സിനുള്ളത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറകില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എ380 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സര്‍വീസിനുമായി ലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമാണ് എയര്‍ബസിന് ഉണ്ടായത്. എയര്‍ബസിന്റെ മറ്റൊരു സവിശേഷ മോഡലായ ഡബിള്‍ഡക്കര്‍ എ380 സൂപ്പര്‍ജംബോ വിമാനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനി അറിയിച്ചിരുന്നു.

സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും വിമാനങ്ങളില്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ഇഎഎസ്എയുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ ആരംഭിച്ചെങ്കിലും പരിശോധന പൂര്‍ത്തിയായ വിമാനങ്ങളില്‍ ഇതുവരെ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

പത്ത് വര്‍ഷത്തിലധികം സര്‍വീസ് നടത്തിയ ചില എയര്‍ബസ് എ380 വിമാനങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ചിറകുകളില്‍ വിള്ളല്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഇഎഎസ്എ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടത്.

പരിശോധനയുടെ ആവശ്യമില്ലെന്ന് ഇത്തിഹാദ്

അതേസമയം തങ്ങളുടെ കൈവശമുള്ള എ380 വിമാനങ്ങള്‍ പത്ത് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതാണെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. അതിനാല്‍ ഇഎഎസ്എ മുമ്പോട്ട് വെച്ച പരിശോധനാ നിര്‍ദ്ദേശം തങ്ങളുടെ വിമാനങ്ങള്‍ക്ക് ബാധകമല്ലെന്നും ഇത്തിഹാദ് അറിയിച്ചു.

Comments

comments

Categories: Arabia
Tags: emirates

Related Articles