അസ്ഥിക്ഷതം ചെറുക്കാന്‍ മുട്ടത്തോട്

അസ്ഥിക്ഷതം ചെറുക്കാന്‍ മുട്ടത്തോട്

ഒടിഞ്ഞ എല്ലുകളെ കൂട്ടിച്ചേര്‍ക്കാന്‍ മുട്ടത്തോട് ഉപയോഗിക്കാമെന്ന് മസാച്യുസെറ്റ്‌സ് സര്‍വ്വകലാശാലാ ഗവേഷകര്‍ കണ്ടെത്തി

ലോകമെമ്പാടുമുള്ള അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്ന ഇനങ്ങളില്‍ ഒന്നാണ് മുട്ടത്തോടുകള്‍. മുട്ട പൊട്ടിച്ച ശേഷം തോടുകള്‍ സാധാരണയായി ചവറ്റുകുട്ടയില്‍ നിക്ഷേപിക്കപ്പെടാറാണു പതിവ്. കൂടി വന്നാല്‍ ചെടികള്‍ക്കു വളമായി ഉപയോഗിക്കുമെന്നു മാത്രം. എന്നാല്‍ ഇവ കാല്‍സ്യം കാര്‍ബണേറ്റാല്‍ നിര്‍മ്മിതമാണെന്ന ശാസ്ത്രസത്യം ഇവിടെ അവഗണിക്കപ്പെടുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിക്കുന്ന രാസസംയുക്തമാണ് കാല്‍സ്യം കാര്‍ബണേറ്റ്. ഇക്കാരണത്താല്‍, അസ്ഥികള്‍ക്ക് സ്വാഭാവിക കാല്‍സ്യം സപ്ലിമെന്റായി ഇവയെ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഇത് തീര്‍ത്തും അപകടരഹിതമായ ഒരു പരീക്ഷണമല്ല, മുട്ടത്തോടില്‍ സാല്‍മൊണല്ല എന്ററിറ്റിഡിസ് എന്ന ബാക്റ്റീരിയ അടങ്ങിയതിനാല്‍ ഇതുപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകും.

എങ്കിലും മുട്ടത്തോടിന്റെ ചികില്‍സാസാധ്യത പരിശോധിക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. തകര്‍ന്ന എല്ലുകളുടെ കേടുപാടുകള്‍ പരിഹരിച്ച് അവയെ കൂട്ടിയോജിപ്പിക്കാന്‍ മുട്ടത്തോട് ഉപയോഗിക്കാനാകുമെന്ന് മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. ഒരു നൂതന പ്രക്രിയയിലൂടെ മുട്ടത്തോട് ഉപയോഗിച്ച് പുതിയ അസ്ഥി കോശജാലം വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞു. അസിസ്റ്റന്റ് പ്രൊഫസര്‍ ഗുല്‍ഡന്‍ കാംസി-ഉനലും സഹപ്രവര്‍ത്തകരുമാണ് ഈ ചികില്‍സാരീതി വികസിപ്പിച്ചെടുത്തത്. എലികളില്‍ വിജയിച്ച പരീക്ഷണം മനുഷ്യരിലും സുരക്ഷിതമായി ചെയ്യാനാകുമെന്ന് ഗവേഷകര്‍ വ്യക്തമായിട്ടുണ്ട്. ബയോമെറ്റീരിയല്‍ സയന്‍സസ് ജേണലില്‍ പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിസ്സാരമായി കണ്ട് ഉപേക്ഷിക്കുന്ന അടുക്കള മാലിന്യത്തിന്റെ ചികില്‍സാസാധ്യതയാണ് ഗുല്‍ഡന്‍ കാംസി-ഉനലും സംഘവും വികസിപ്പിച്ചെടുത്തത്. ഈ പ്രവര്‍ത്തനത്തില്‍ കോഴിമുട്ടയുടെ തോടുകള്‍ ഒരു ഹൈഡ്രോജല്‍ മിശ്രിതത്തിലേക്ക് ചേര്‍ക്കേണ്ടതുണ്ട്. അസ്ഥി കോശങ്ങളില്‍ നിന്ന് പുതിയ അസ്ഥി രൂപപ്പെടുന്ന ഒരു ഫ്രെയിം രൂപപ്പെടുത്താന്‍ ഇത് അവരെ സഹായിക്കുന്നു. മുട്ടത്തോടുകള്‍ കാല്‍സ്യം സംപുഷ്ടമാണ്. ഇത് അസ്ഥി കോശജാലങ്ങളെ വികസിപ്പിക്കുകയും വേഗത്തില്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എല്ലുകള്‍ അതിവേഗം കൂട്ടി യോജിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരമ്പരാഗത ചികില്‍സകളേക്കാള്‍ ഇത് രോഗവിമുക്തി കൈവരിക്കാന്‍ സഹായകമാണ്. പ്രത്യേകശസ്ത്രക്രിയയിലൂടെ കേടായ അസ്ഥിയുടെ സ്ഥലത്ത് പുതിയ കോശജാലം പറിച്ചുനടുകയാണ് ഇതില്‍ ചെയ്യുന്നത്.

ശസ്ത്രക്രിയക്കായി ആരോഗ്യവിദഗ്ധര്‍ ഈ ട്രാന്‍സ്പ്ലാന്റ് ആവശ്യമുള്ള ആളുകളില്‍ നിന്ന് അസ്ഥി കോശങ്ങള്‍ ശേഖരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. തുടര്‍ന്ന് കോശജാലവും സ്വീകര്‍ത്താവിന്റെ ശരീരവുമായുള്ള ശരിയായ പൊരുത്തം ഉറപ്പാക്കും. ശരീരം അത് നിരസിക്കില്ലെന്നും ഉറപ്പാക്കാനാണിത്. കേടു വന്ന അസ്ഥി നന്നാക്കാനായി ഒരു ഹൈഡ്രോജല്‍ മാട്രിക്‌സില്‍ മുട്ടത്തോടുകള്‍ ഉപയോഗിക്കുന്ന ആദ്യ പഠനമാണിതെന്ന് കാംസി-ഉനാല്‍ പറയുന്നു. ഗവേഷണഫലം മനുഷ്യരിലേക്ക് എത്തിക്കുന്നതിനു തങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനകം ഒരു പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്. കണ്ടുപിടിത്തും പല സുപ്രധാന ചികില്‍സകള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തരുണാസ്ഥി, പല്ലുകള്‍, ഞരമ്പുകള്‍ എന്നിവയുള്‍പ്പെടെ ഏത് അവയവങ്ങളിലെയും കോശജാലങ്ങള്‍ക്കും ഇത് പ്രയോഗിക്കാമെന്ന് സംഘം അവകാശപ്പെടുന്നു. ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതിനായി കോശജാലം എടുക്കാന്‍ മുട്ടത്തോടുകള്‍ ഉപയോഗിക്കുന്നത് ചികില്‍സാരീതികളെ ശക്തമാക്കുകയും കൂടുതല്‍ സുസ്ഥിരജീവിതനിസവാരം കരസ്ഥമാക്കാന്‍ പ്രയോജനപ്പെടുമെന്നും സര്‍വ്വോപരി ഇത് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ വിശദീകരിച്ചു. ഗാര്‍ഹിക, വാണിജ്യ പാചകമേഖലയില്‍ നിന്ന് പ്രതിവര്‍ഷം ആഗോള മാലിന്യക്കൂട്ടത്തില്‍ ചേരുന്ന മുട്ടത്തോട് ദശലക്ഷക്കണക്കിന് ടണ്‍ വരും. ഇവ അടിഞ്ഞു കൂടുന്നത് സമ്പദ്വ്യവസ്ഥയെയും പരിസ്ഥിതിയെയും നേരിട്ട് ബാധിക്കും, അതേസമയം, ചികില്‍സാ ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നത് ഇതിനു വലിയൊരു പരിധി വരെ പരിഹാരമാകുന്നതായി കാംസി-ഉനാല്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health
Tags: Egg shell