ഹിമാചല്‍പ്രദേശില്‍ പ്രസവശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നു

ഹിമാചല്‍പ്രദേശില്‍ പ്രസവശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നു

ഹിമാചല്‍ പ്രദേശില്‍ പ്രസവശസ്ത്രക്രിയകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവം ശസ്ത്രക്രിയയിലൂടെയാക്കുന്നവരുടെ എണ്ണം കൂടിയതായാണു റിപ്പോര്‍ട്ട്. അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കുന്നതിനും വീണ്ടും ഗര്‍ഭം ധരിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുന്നതിനുമായി ആളുകള്‍ പൊതുവേ സാധാരണ പ്രസവമാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇതിനു വിരുദ്ധമായ സാഹചര്യമാണ് ഇപ്പോള്‍ കാണുന്നതെന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നു. മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവശസ്ത്രക്രിയയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2015-16ല്‍ പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം 9414 ആയിരുന്നുവെങ്കില്‍ 2016-17 ല്‍ 9900 ഉം 2017-18 ല്‍ 11319 ഉം ആയി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളെ അപേക്ഷിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ ഇത്തരം കേസുകളില്‍ ഇടിവ് കാണിക്കുന്നു.

2015-16ല്‍ സ്വകാര്യ ആശുപത്രികളില്‍ പ്രസവശസ്ത്രക്രിയകളുടെ എണ്ണം 5820 ആയിരുന്നു. 2016-17 ല്‍ ഇത് 5501 ആയി, 2017-18 ല്‍ ഇത് 5801 ആയി. പ്രസവശസ്ത്രക്രിയകള്‍ വര്‍ദ്ധിച്ചുവരുന്നത് പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആരായുമെന്ന് ആരോഗ്യമന്ത്രി വിപിന്‍ പര്‍മര്‍ പറഞ്ഞു. നവജാത ശിശുക്കളെയും അമ്മമാരെയും പരിപാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പ്രസവശസ്ത്രക്രിയകള്‍ നടത്തുന്നത്. എങ്കിലും ഞങ്ങള്‍ ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്ന് പര്‍മര്‍ പറഞ്ഞു. സാമ്പത്തികലാഭത്തിനായി സ്വകാര്യ ആശുപത്രികളാണ് സിസേറിയന്‍ കേസുകള്‍ വര്‍ധിപ്പിക്കാറെന്നതാണ് പൊതുധാരണ. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് നേരേ തിരിച്ചാമ്. സര്‍ക്കാര്‍ ആശുപത്രികളില്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ദരിദ്രരുടെ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പരാതിയും കൂുതലാണ്.

Comments

comments

Categories: Health