ചിക്കാഗോ ഡിഫെന്‍ഡര്‍ അച്ചടി നിര്‍ത്തുന്നു

ചിക്കാഗോ ഡിഫെന്‍ഡര്‍ അച്ചടി നിര്‍ത്തുന്നു

ലണ്ടന്‍: പതിറ്റാണ്ടുകളായി അമേരിക്കയിലെ കറുത്ത ജീവിതത്തിന്റെ കഥ പറഞ്ഞ ദ ചിക്കാഗോ ഡിഫെന്‍ഡര്‍ പത്രം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പരസ്യവരുമാനത്തിലുണ്ടായ ഇടിവാണു പത്രത്തിന്റെ നിലനില്‍പ്പിനു ഭീഷണിയായത്. ഭീതിജനകമായ കാലഘട്ടങ്ങളിലൂടെ, വേദനാജനകമായ, അപകടകരമായ കഥകള്‍, ലിഞ്ചിംഗുകളുടെ (ആള്‍ക്കൂട്ട വിചാരണ) വിശദമായ വിവരങ്ങള്‍, സ്‌കൂള്‍ സംയോജനത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടല്‍, വെളുത്ത പോലീസ് ഉദ്യോഗസ്ഥര്‍ കറുത്തവരെ വെടിവച്ചുകൊന്നത് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച പത്രം അച്ചടി നിറുത്തുമ്പോള്‍ ഒരു കാലഘട്ടത്തിനാണു തിരശീല വീഴുന്നത്.

ഒരു നൂറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിച്ചതിനു ശേഷമാണു ചിക്കാഗോ ഡിഫെന്‍ഡര്‍ പത്രം ബുധനാഴ്ചയ്ക്കു ശേഷം അതിന്റെ അച്ചടിപതിപ്പുകള്‍ അവസാനിപ്പിക്കുമെന്നു പത്രത്തിന്റെ ഉടമ അറിയിച്ചത്. പത്രത്തിന്റെ ഡിജിറ്റല്‍ ഓപറേഷന് ഇനി മുതല്‍ ദ ഡിഫന്‍ഡര്‍ എന്ന മാധ്യമ സ്ഥാപനം നേതൃത്വം കൊടുക്കുമെന്നും റിയല്‍ ടൈംസ് മീഡിയ ചീഫ് എക്‌സിക്യൂട്ടീവ് ഹിരം ഇ.ജാക്ക്‌സണ്‍ പറഞ്ഞു. ദ ചിക്കാഗോ ഡിഫെന്‍ഡര്‍ പത്രം അടച്ചുപൂട്ടുന്നത്, ചിക്കാഗോയില്‍ വളര്‍ന്ന നിരവധി ആളുകള്‍ക്കും ഈ നഗരത്തിനപ്പുറത്ത് അതിന്റെ സ്വാധീനത്തിന്റെ ഓര്‍മകള്‍ ഉള്ളവര്‍ക്കും വേദനാജനകമായ ഒരു കാര്യമാണ്. 1905-ലാണ് ആഫ്രിക്കന്‍-അമേരിക്കന്‍ വായനക്കാരെ ലക്ഷ്യമിട്ട് ദ ചിക്കാഗോ ഡിഫെന്‍ഡര്‍ പത്രം ആരംഭിച്ചത്. 2008 മുതല്‍ ഇത് ആഴ്ചയില്‍ ഒന്ന് എന്ന രീതിയിലാക്കി. പത്രത്തിന്റെ സുവര്‍ണകാലത്തില്‍ ഓരോ ആഴ്ചയിലും അഞ്ച് ലക്ഷത്തിലേറെ കോപ്പികള്‍ ആഴ്ചയില്‍ വില്‍പ്പന നടത്തിയിരുന്നു. ഒരു ലക്ഷത്തിലധികം പ്രചാരമുള്ള ആദ്യത്തെ കറുത്തവര്‍ഗക്കാരുടെ പത്രമാണ് ചിക്കാഗോ ഡിഫെന്‍ഡര്‍. ആരോഗ്യരംഗത്തെ കാര്യങ്ങളെ കുറിച്ച് കോളം ആദ്യമായി ആരംഭിച്ചതും, കോമിക് സ്ട്രിപ്പുകള്‍ക്കു വേണ്ടി ഒരു പൂര്‍ണമായി നീക്കിവച്ച ആദ്യ പത്രവും ചിക്കാഗോ ഡിഫെന്‍ഡറാണ്.

Comments

comments

Categories: World