ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മികച്ച തൊഴിലിടം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മികച്ച തൊഴിലിടം

സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പരിശീലനം നല്‍കി മികച്ച തൊഴില്‍ കണ്ടെത്തി നല്‍കുന്ന സംരംഭമാണ് പെരിഫെറി.

സമൂഹത്തില്‍ ഇന്നും തുറിച്ചു നോട്ടത്തിന്റെ കണ്ണുകള്‍ അഭിമുഖീകരിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇക്കൂട്ടരെ യാചനയില്‍ നിന്നും ലൈംഗികത്തൊഴിലില്‍ നിന്നും പൂര്‍ണമായി പിന്തിരിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മികച്ച തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇവരില്‍ ഭൂരിഭാഗവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം പ്രകാരം ഡല്‍ഹി-എന്‍സിആര്‍, യുപി എന്നിവിടങ്ങളിലെ പതിനഞ്ച് ശതമാനം ട്രാന്‍സ്‌ജെന്‍ഡറുകളും തൊഴിലില്ലാത്തവരാണ്. തൊഴിലുള്ളവരുടെ നിര പരിശോധിച്ചാല്‍ അവരുടെ വരുമാനം ഒരു നല്ല സാധാരണ ജീവിതം നയിക്കാന്‍ പോലും തികയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് രാജ്യത്തെ ചെറിയ രണ്ട് സ്ഥലങ്ങളിലെ മാത്രം കണക്കുകളാണ്. ഇന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഒരു ഏകദേശ ചിത്രം ഇതുവഴി നമുക്ക് മനസിലാക്കാനാകും. സമൂഹത്തില്‍ ഇവര്‍ക്കിടയിലുള്ള ഈ ദുരിതത്തിന് ഒരു മറുകര തേടാനുള്ള ശ്രമമാണ് ചെന്നൈ ആസ്ഥാനമാക്കി തുടക്കമിട്ട പെരിഫെറി എന്ന സ്റ്റാര്‍ട്ടപ്പ്.

രണ്ടു വര്‍ഷം മുമ്പ് നീലം ജെയിന്‍ തുടക്കമിട്ട സംരംഭമാണ് പെരിഫെറി. കുടുംബപരമായി ബിസിനസ് പശ്ചാത്തലമുള്ള അവര്‍ സ്വന്തം സംരംഭം ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനായി മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മതിയായ വേതനത്തില്‍ മാന്യമായ തൊഴില്‍, അതാണ് പെരിഫെറിയുടെ ലക്ഷ്യം. സൗജന്യ തൊഴില്‍ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പഠനം, കംപ്യൂട്ടര്‍ പരിജ്ഞാനം, മാന്യമായ പെരുമാറ്റം എന്നിവയില്‍ മികച്ച പരിശീലനം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് സംരംഭം. ” ട്രാന്‍സ്‌ജെന്‍ഡറുകളില്‍ ഒരു വലിയ വിഭാഗം സമൂഹത്തിന്റെ അവഗണനയും വെറുപ്പും കാരണം ഭിക്ഷ യാചിക്കുന്നതിലേക്കും ലൈംഗിക തൊഴിലിലേക്കും കടന്നു ചെല്ലുന്നുണ്ട്. വിശപ്പാണ് മുഖ്യ പ്രശ്‌നം. ഒരു തൊഴില്‍ ലഭിച്ചാല്‍, മതിയായ വേതനം ലഭിച്ചാല്‍ തീരാവുന്ന ദുരിതമാണിത്. അതിനാണ് എന്റെ ശ്രമം,” നീലം പറയുന്നു.

നീലം ജെയിന്‍

സംരംഭം തുടങ്ങി ഇതുവരെ 85 ഓളം പേര്‍ക്ക് ചെറുതും വലുതുമായ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാന്‍ പെരിഫെറിക്ക് കഴിഞ്ഞു. തൊഴില്‍ കണ്ടെത്തി നല്‍കിയാല്‍ അവിടം കൊണ്ട് സംരംഭത്തിന്റെ ഉത്തരവാദിത്തം തീരുന്നില്ല എന്നതാണ് പെരിഫെറിയുടെ മറ്റൊരു പ്രധാന സവിശേഷത. ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കുറഞ്ഞത് ആറു മാസം കൂടുമ്പോള്‍ ഉടമയോട് അവരുടെ തൊഴില്‍ നിലവാരത്തേക്കുറിച്ചും തൊഴിലാളികളോട് തൊഴില്‍ സംതൃപ്തിയേക്കുറിച്ചുമുള്ള അന്വേഷണം പതിവായി നടത്താറുണ്ട്. പ്രശ്‌നപരിഹാരത്തിനും ഇവര്‍ മുന്‍കൈയെടുക്കും.

മികച്ച തൊഴിലിടങ്ങള്‍

സോഫ്റ്റ്‌വെയര്‍, എച്ച്ആര്‍, ഗ്രാഫിക് ഡിസൈന്‍, എക്കൗണ്ട്‌സ്, ടെക്‌നോളജി, ഹോസ്പിറ്റാലിറ്റി, ഫുഡ് ഡെലിവറി, മേക്കപ്പ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മികച്ച തൊഴിലിടങ്ങളാണ് പെരിഫെറി ഒരുക്കുന്നത്. തങ്ങളുടെ സഹായം ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് അവരുടെ അഭിരുചികള്‍ കണ്ടറിഞ്ഞുള്ള പരിശീലനം നല്‍കി സംരംഭം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നത് ഇന്നും ഒരു വലിയ വെല്ലുവിളിയാണെന്നാണ് നീലത്തിന്റെ അഭിപ്രായം. ഇത്തരക്കാര്‍ ചെറുപ്പത്തില്‍ തന്നെ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്നതിനാല്‍ പഠനവും പെരുമാറ്റവുമടക്കമുള്ളവയില്‍ സാധാരണക്കാരുടേതില്‍ നിന്നും വ്യത്യസ്തമാകും. ”പരിശീലനത്തിലൂടെ അവരെ പുതിയ മനുഷ്യരാക്കി മാറ്റുകയാണിവിടെ. വിദ്യാഭ്യാസമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് മികച്ച വേതനം ഉറപ്പാക്കാനും സംരംഭത്തിനു കഴിയുന്നുണ്ടിപ്പോള്‍,” നീലം പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതു കൂടാതെ എല്‍ജിബിടിക്യൂഐഎ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാനും സംരംഭം മുന്നിട്ടിറങ്ങുന്നുണ്ട്. മാത്രമല്ല ഈ വിഭാഗത്തിലുള്ളവരെ സമൂഹത്തില്‍ നിന്നും ചെറുപ്പം മുതല്‍ അകറ്റി നിര്‍ത്താതെ വിദ്യ അഭ്യസിപ്പിക്കുന്നതിനും മറ്റുമുള്ള ബോധവല്‍ക്കരണ പരിപാടികളും ഇവര്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്.

Categories: Entrepreneurship