6 സീറ്റര്‍ മാരുതി സുസുകി ഓഗസ്റ്റ് 21 ന് വിപണിയിലെത്തും

6 സീറ്റര്‍ മാരുതി സുസുകി ഓഗസ്റ്റ് 21 ന് വിപണിയിലെത്തും

മൂന്ന് നിരകളിലായി ആറ് സീറ്റുകള്‍ നല്‍കിയ വാഹനമാണ് പുറത്തിറക്കുന്നത്. നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും വില്‍പ്പന

ന്യൂഡെല്‍ഹി : പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. മൂന്ന് നിരകളിലായി ആറ് സീറ്റുകള്‍ നല്‍കിയ വാഹനമാണ് പുറത്തിറക്കുന്നത്. മാരുതി സുസുകി എര്‍ട്ടിഗയുടെ അതേ അണ്ടര്‍പിന്നിംഗ്‌സ് പുതിയ മോഡല്‍ ഉപയോഗിക്കും. പുതിയ 6 സീറ്റര്‍ ഓഗസ്റ്റ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും വില്‍പ്പന.

എര്‍ട്ടിഗയുടെ ചില ബോഡി പാനലുകള്‍ പുതിയ വാഹനം ഉപയോഗിക്കും. എന്നാല്‍ മുന്നിലെ സ്‌റ്റൈലിംഗ് പുതിയതായിരിക്കും. ക്രോം അലങ്കരിച്ച ഗ്രില്‍ വളരെ ഉയരമേറിയതായിരിക്കും. ഹെഡ്‌ലാംപുകള്‍ സിയാസിലേതുപോലെ ആയിരിക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ റഗ്ഗഡ് ലുക്ക് ലഭിക്കുന്നതിന് വശങ്ങളില്‍ ബോഡി ക്ലാഡിംഗ് നല്‍കും.

വാഹനത്തിനകത്ത്, മധ്യനിരയില്‍ രണ്ട് ക്യാപ്റ്റന്‍ ചെയറുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മൂന്നാം നിരയില്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ച് സീറ്റ് നല്‍കും. കാബിന്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലായിരിക്കും. ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ വലിയ വാഹനഘടകങ്ങള്‍ നിലവിലെ എര്‍ട്ടിഗയില്‍നിന്ന് സ്വീകരിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം മാരുതിയുടെ പുതിയ ‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ എര്‍ട്ടിഗയില്‍ ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇനിയും നല്‍കിയിട്ടില്ല.

സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ ഉപയോഗിക്കുന്ന മാരുതിയുടെ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുതിയ വാഹനത്തിന് കരുത്തേകും. ഈ എന്‍ജിന്റെ ബിഎസ് 6 വേര്‍ഷന്‍ ഈ പുതിയ ക്രോസ്ഓവറില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസല്‍ എന്‍ജിന്‍ നല്‍കില്ല എന്നാണ് ലഭിക്കുന്ന വിവരം. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. എന്നാല്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് പിന്നീട് നല്‍കും.

Comments

comments

Categories: Auto