നഗരം നരകമാവാതിരിക്കാന്‍…

നഗരം നരകമാവാതിരിക്കാന്‍…

ഭൂമിയിലേക്ക് മഴവെള്ളം താഴുന്നത് തടയുന്ന കോണ്‍ക്രീറ്റ് നടപ്പാതകളും മറ്റും പൊട്ടിച്ചുമാറ്റാന്‍ നഗര ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

വെല്ലൂരിലെ റെയ്ല്‍വേ പട്ടണമായ ജോലാര്‍പേട്ടയില്‍ നിന്ന് ദാഹാര്‍ത്തയായി വലയുന്ന ചെന്നൈ നഗരം ലക്ഷ്യമാക്കി ഇന്നലെ മുതല്‍ ജലതീവണ്ടികള്‍ സഞ്ചരിക്കാനാരംഭിച്ചു. ഗുഡ്‌സ് ട്രെയ്‌നുകളുടെ പ്ലാറ്റ്‌ഫോമുകളില്‍ അടുക്കിയ ടാങ്കറുകളില്‍ ഒരു മഹാനഗരത്തിന്റെയാകെ ദാഹം ശമിപ്പിക്കാനുള്ള വെള്ളം. ഒരു കോടിയിലേറെ വരുന്ന നാഗരിക ജനതയ്ക്ക്, കടലില്‍ കായം കലക്കിയതു പോലെയാകും ഇത് അനുഭവപ്പെടുകയെന്ന ആശങ്കകള്‍ സജീവമാണ്. എന്നിരുന്നാലും ജീവന്‍ നിലനിര്‍ത്താന്‍ ഇതുപകരിക്കുമെന്നുറപ്പ്.

ജലം എത്ര അമൂല്യമാണെന്ന വലിയ പാഠമാണ് ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന ദക്ഷിണേന്ത്യന്‍ നഗരം പഠിച്ചിരിക്കുന്നത്. മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ഉറപ്പായും കണ്ടുപഠിക്കേണ്ട അനുഭവപാഠം കൂടിയാണിത്. ഒരു കാലത്ത് രണ്ട് ഡസനിലേറെ ജലസ്രോതസുകളാല്‍ സമൃദ്ധമായിരുന്നു ഈ നഗരം. കൂവം, അടയാര്‍, കോസത്തലൈയാര്‍ എന്നിങ്ങനെ മൂന്നു നദികളും അവയെ ബന്ധിപ്പിച്ച് ബ്രിട്ടീഷ് കാലത്ത് പണിത ബക്കിംഗ്ഹാം കനാലും ഡസനിലേറെ തടാകങ്ങളും ചതുപ്പു നിലങ്ങളും നഗരത്തിന്റെ ദാഹം ശമിപ്പിച്ചു. കാണെക്കാണെ ജനസംഖ്യ പെരുകുകയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗമേറുകയും വ്യവസായവത്കരണം ശക്തമാകുകയും ചെയ്തതോടെ ഈ വെള്ളത്തുരുത്തുകള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു കാലത്ത് പാടിയ തിരുവള്ളുവരുടെ സ്മാരകം സ്ഥാപിക്കാന്‍ 1970 ല്‍ നുങ്കമ്പാക്കം തടാകം നികത്തിയത് ഈ ഭാവനാശൂന്യതയുടെ ഉത്തമദൃശ്യമാണ്. ഏതായാലും നഗരത്തിലെ ജലസ്രോതസുകളില്‍ 33 ശതമാനവും അപ്രത്യക്ഷമായിരിക്കുന്നു. ആഴങ്ങളോളം കുഴിച്ചു ചെന്നാലും ഭൂമിയുടെ മടിത്തട്ടില്‍ ഒരിറ്റു വെള്ളമില്ലാത്ത അവസ്ഥ. സമാനമായ സ്ഥിതിയാണ് ബെംഗളൂരു നഗരത്തിലും ഉരുണ്ടുകൂടുന്നത്. രാസവസ്തുക്കളാല്‍ മലിനമാക്കപ്പെട്ട തടാകങ്ങളും വറ്റിവരണ്ട ജലസ്രോതസുകളും ഐടി ഹബ്ബിനെ ദാഹാര്‍ത്തമാക്കാനാരംഭിച്ചിട്ടുണ്ട്. രാജ്യത്തെ 255 ജില്ലകളും 756 നഗരങ്ങളും 1,597 ബ്ലോക്ക് പഞ്ചായത്തുകളും ജലക്ഷാമത്താല്‍ വലയുന്നെന്നാണ് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

നഗരങ്ങള്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ഭരണകൂടങ്ങള്‍ ഇപ്പോഴെങ്കിലും ചിന്തിക്കാനാരംഭിച്ചിരിക്കുന്നു എന്നതാണ് ഏക ആശ്വാസം. കേന്ദ്ര നഗര വികസന മന്ത്രാലയം എല്ലാ നഗര ഭരകൂടങ്ങള്‍ക്കും അയച്ച കത്താണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നഗരത്തിലെ ജലലഭ്യത ഉറപ്പാക്കാനും ജലമലിനീകരണവും വെള്ളം പാഴാക്കുന്നതും തടയാനും എല്ലാറ്റിനുമുപരി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനുമുള്ള നിര്‍ദേശങ്ങളാണിവ. മഴക്കൊയ്ത്തിന് സംവിധാനമൊരുക്കാനാണ് ‘ജല്‍ ശക്തി അഭിയാന്‍’ പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായുള്ള നിര്‍ദേശം. ‘മഴവെള്ളക്കൊയ്്ത്ത് സെല്ലുകള്‍’ രൂപീകരിച്ച് കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും ഭൂഗര്‍ഭ ജല ചൂഷണം തടയുകയും ജല റീചാര്‍ജിംഗ് ഉറപ്പാക്കുകയും വേണം. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ മഴവെള്ള സംഭരണത്തിനുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണം. മലിനമാക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്ത ഒരു ജലസ്രോതസെങ്കിലും (തടാകം, പുഴ) എല്ലാ നഗരവും പുനരുജ്ജീവിപ്പിക്കണം. ഏറ്റവും പ്രധാനമായി ഭൂമിയിലേക്ക് മഴവെള്ളം താഴുന്നത് തടയുന്ന കോണ്‍ക്രീറ്റ് നടപ്പാതകളും മറ്റും പൊട്ടിച്ചുമാറ്റണമെന്നും നിര്‍ദേശമുണ്ട്. നഗര വനവല്‍ക്കരണം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ തദ്ദേശ ഭരണകൂടങ്ങള്‍ സത്വരമായി നടപ്പാക്കിയാല്‍ നഗരങ്ങള്‍ നരകങ്ങളാകുന്നത് വൈകിപ്പിക്കാനെങ്കിലും സാധിക്കും.

Categories: Editorial, Slider
Tags: Water Crisis