രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്

രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്
  • മികച്ച മൂലധന അടിത്തറയും കരുതല്‍ ധനശേഖരവും
  • മാക്രോ ഇക്കണോമിക് സാഹചര്യവും സാമ്പത്തിക നയങ്ങളും അനുകൂലം
  • ബാങ്കിംഗ് മേഖലയെ വാഴ്ത്തി സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട്

ദുബായ്: യുഎഇയിലെ ബാങ്കിംഗ് മേഖല വളരെ ശക്തമെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. അനുകൂലമായ മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ക്കും സാമ്പത്തിക നയങ്ങള്‍ക്കും ഇടയില്‍ മതിയായ മൂലധന അടിത്തറയും കരുതല്‍ ധന ശേഖരവുമായി മികച്ച പ്രകടനമാണ് കഴിഞ്ഞ വര്‍ഷം രാാജ്യത്തെ ബാങ്കുകള്‍ കാഴ്ചവെച്ചതെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്(സിബിയുഎഇ) പുറത്തിറക്കിയ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച റിപ്പോര്‍ട്ടില്‍(എഫ്എസ്ആര്‍) വ്യക്തമാക്കുന്നു. സമീപകാല ആഗോള, പ്രാദേശിക മാക്രോ ഫിനാന്‍ഷ്യല്‍ റിസ്‌കുകള്‍ക്കിടെയും ജിസിസിയിലെ ആറംഗ സാമ്പത്തിക കൂട്ടായ്മയിലെ രണ്ടാമത്തെ വലിയ ബാങ്കിംഗ് സംവിധാനമായ രാജ്യത്തെ ബാങ്കിംഗ് മേഖല തളരാതെ നിലകൊണ്ടുവെന്ന് റെഗുലേറ്ററി സ്‌ട്രെസ് ടെസ്റ്റില്‍ ബാങ്കിംഗ് മേഖല തെളിയിച്ചുവെന്നും സിബിയുഎഇ അറിയിച്ചു.

മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കുറഞ്ഞ മൂലധന പരിധിക്ക് മുകളിലാണ് യുഎഇ ബാങ്കുകളിലെ മൂലധന അടിത്തറ. മാത്രമല്ല, ഫണ്ടിംഗ്, ലിക്വിഡിറ്റി സൂചകങ്ങള്‍ ആവശ്യത്തിന് ധനശേഖരവും ഫണ്ടിംഗ് ശേഷിയും ബാങ്കുകള്‍ക്ക് ഉണ്ടെന്നാണ് വെളിവാക്കുന്നതെന്ന് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നു. മാത്രമല്ല, ശക്തമായ സാമ്പത്തിക പ്രകടനവും പ്രവര്‍ത്തന ക്ഷമതയും ബാങ്കുകളുടെ മൊത്തത്തിലുള്ള, വര്‍ധിച്ചുവരുന്ന ലാഭശതമാനത്തില്‍ പ്രകടമാണെന്നും സെന്‍ട്രല്‍ ബാങ്ക് പറയുന്നു.

മാക്രോ ഫിനാന്‍ഷ്യല്‍ സാഹചര്യങ്ങളുടെയും യുഎഇയിലെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച മറ്റ് പ്രധാന ഘടകങ്ങളുടെയും റെഗുലേറ്ററി സെട്രസ് ടെസ്റ്റിംഗ് അടക്കം രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ കുറിച്ചുള്ള വിശദമായ അവലോകനമാണ് റിപ്പോര്‍ട്ടില്‍ സിബിയുഎഇ നടത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിനെയും രാജ്യത്തെ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച, കഴിഞ്ഞ വര്‍ഷം പാസാക്കിയ സര്‍ക്കാര്‍ നിയമവിജ്ഞാപനം 14നെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രാജ്യത്തെ ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നതില്‍ സെന്‍ട്രല്‍ ബാങ്കിനുള്ള പങ്കും അധികാരവും ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു ആ നിയമം.

രാജ്യത്തെ ധനകാര്യ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതില്‍ തങ്ങളുടെ കടമ ഒന്നുകൂടി ദൃഢപ്പെടുത്തുന്നതായിരുന്നു നിയമമെന്ന് സിബിയുഎഇ ഗവര്‍ണര്‍ മുബാറക് അല്‍ മന്‍സൂറി സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിനൊപ്പം പുറത്തുവിട്ട പ്രത്യേക പ്രസ്താവനയിലൂടെ അറിയിച്ചു. ഈ കടമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി 2018ല്‍ സാമ്പത്തിക സ്ഥിരതാ നയ കമ്മിറ്റിക്ക് രൂപം നല്‍കിയെന്നും പ്രസ്താവനയില്‍ അല്‍ മന്‍സൂറി വ്യക്തമാക്കി.

2014 മുതല്‍ മുന്നുവര്‍ഷക്കാലം രാജ്യം നേരിട്ട സാമ്പത്തിക വെല്ലുവിളി സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2014 മധ്യത്തില്‍ ബാരലിന് 115 ഡോളര്‍ വിലയുണ്ടായിരുന്ന എണ്ണയ്ക്ക് 2016 ആദ്യപാദത്തില്‍ 30 ഡോളര്‍ വരെ ആയി വിലയിടിഞ്ഞ ആ കാലയളവില്‍ രാജ്യം നേരിട്ട എണ്ണവിലത്തകര്‍ച്ച യുഎഇയിലെ ബാങ്കിംഗ് രംഗത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കടുത്ത വെല്ലുവിളി സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വായ്പാ വളര്‍ച്ചയും ലാഭവളര്‍ച്ചയും നിലനിര്‍ത്താന്‍ ബാങ്കുകള്‍ വളരെ പാടുപെട്ടതായും റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ ബാങ്ക് സമ്മതിക്കുന്നു.

അതിന് ശേഷം ബാരലിന് 60 ഡോളര്‍ വിലനിലവാരവുമായി എണ്ണവില തകര്‍ച്ചയില്‍ നിന്ന് കരകയറി. 2018 അവസാനപാദത്തില്‍ ബാരലിന് 80 ഡോളര്‍ വരെ വില കയറി. എണ്ണവിലയിലെ സ്ഥിരതയും ഫെഡറല്‍ തലത്തിലും എമിറേറ്റ് തലത്തിലും ഉണ്ടായ നടപടികളും (അബുദാബിയിലെ 50 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് അടക്കം) രാജ്യത്ത് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ സഹായകമായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബാങ്കുകളുടെ ലാഭത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019ല്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗം കൈവരിക്കുമെന്നും രണ്ട് ശതമാനം വരെ എത്തുമെന്നും സെന്‍ട്രല്‍ ബാങ്ക് അഭിപ്രായപ്പെടുന്നു. ദുബായിലെ എക്‌സ്‌പോ 2020യുടെ തയാറെടുപ്പുകള്‍ക്കും സ്വകാര്യ മേഖല സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയും സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവിടും. വിദേശ ഉടമസ്ഥാവകാശ നിബന്ധനകളിലും വിസാചട്ടങ്ങളിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകളുടെ വായ്പാവളര്‍ച്ചയില്‍ 2018ല്‍ കൂടുതല്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. കോര്‍പ്പറേറ്റ് മേഖലയ്ക്കാണ് ഇക്കാലയളവില്‍ ബാങ്കുകള്‍ കൂടുതല്‍ വായ്പകള്‍ അനുവദിച്ചിട്ടുള്ളത്. അതേസമയം റീറ്റെയ്ല്‍ മേഖലയ്ക്കുള്ള വായ്പയില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയന്ത്രണങ്ങളുടെയും നിബന്ധനകളുടെയും ചട്ടക്കൂട് സെന്‍ട്രല്‍ ബാങ്ക് ഒന്നുകൂടി കര്‍ശനമാക്കിയിട്ടുണ്ട്.

രാജ്യത്തെ മാക്രോ-ഫിനാന്‍ഷ്യല്‍ കാഴ്ചപ്പാട് സാമ്പത്തിക സ്ഥിരതയ്ക്ക് അനുകൂലമാണെങ്കിലും ആഗോള, പ്രാദേശികതലത്തിലുള്ള മാക്രോ ഫിനാന്‍ഷ്യല്‍ റിസ്‌കുകളെ കരുതിയിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Arabia