പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി
  • അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനാണ് ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ പദ്ധതി
  • ഐപിഒ നടക്കുന്നതോടെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി ഒയോ ഹോട്ടല്‍സ് മാറും
  • ഒയോ ഹോട്ടല്‍സിന്റെ മൂല്യം 18 ബില്യണ്‍ ഡോളര്‍ വരെ ഉയരും

ബെംഗളൂരു: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഹോട്ടല്‍ ശൃംഖലയായ ഒയോ റൂംസ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്താനാണ് ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ പദ്ധതിയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിക്ഷേപകരുടെ ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്ന് ഐപിഒ ആണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ഈ നിര്‍ണായക ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള നിരവധി നടപടികള്‍ കമ്പനി എടുക്കുന്നതുമായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പ്രാഥമിക ഓഹരി വില്‍പ്പന നടക്കുന്നതോടെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് മാറും. പേടിഎം ആണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പ്. ഐപിഒ നടക്കുന്നതോടെ ഒയോ ഹോട്ടല്‍സിന്റെ മൂല്യം 18 ബില്യണ്‍ ഡോളര്‍ വരെ ഉയരുമെന്നും ഒയോയുടേത് അല്ലാത്ത നാല് നിക്ഷേപകര്‍ അറിയിച്ചു.

ഏത് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം ഒയോ തീരുമാനിച്ചിട്ടില്ല. ഒയോ വിദേശ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് സാധ്യത കൂടുതലെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഒയോ ഇതുവരെ ലാഭശേഷി പ്രകടമാക്കാത്തതിനാലും ഇത്തരം ബിസിനസ് ആശയങ്ങളോട് യുഎസ് വിപണി കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നതിനാലും ഒരു വിദേശ ലിസ്റ്റിംഗിനാണ് സാധ്യതയെന്ന് ഇവര്‍ പറയുന്നു.

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്നും 800 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി കഴിഞ്ഞ വര്‍ഷം ഒയോ വെളിപ്പെടുത്തിയിരുന്നു. സെക്വേയ കാപിറ്റല്‍, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഗ്രീനോക്‌സ് കാപിറ്റല്‍ എന്നിവരാണ് ഒയോയുടെ മറ്റ് നിക്ഷേപകര്‍. ഇത് കൂടാതെ 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനവും സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് നല്‍കിയിട്ടുണ്ട്.

ഈ സമയത്ത് ഒയോ ഹോട്ടല്‍സിന്റെ മൊത്തം മൂല്യം അഞ്ച് ബില്യണ്‍ ഡോളറായിരുന്നു. 2017ലെ കമ്പനിയുടെ മൂല്യത്തിന്റെ അഞ്ച് മടങ്ങ് കൂടുതലാണിത്. ഒയോ സാന്നിധ്യമറിയിക്കുന്ന ഓരോ പുതിയ വിപണികളില്‍ നിന്നും 2-3 ബില്യണ്‍ ഡോളര്‍ കമ്പനി മൊത്തം മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കും. മികച്ച രീതിയില്‍ ബിസിനസ് വിപുലീകരണം നടപ്പാക്കുകയാണെങ്കില്‍ യൂബര്‍ പോലെ ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി മാറാന്‍ ഒയോയ്ക്ക് സാധിക്കുമെന്നും പാപ്പര്‍ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപകന്‍ വിവേക് ദുരൈ പറഞ്ഞു.

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ ഒയോ ആരംഭിച്ചുകഴിഞ്ഞു. കമ്പനി സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന്റെ കൈവശമുള്ള ഓഹരി തിരികെ വാങ്ങല്‍, ബിസിനസിനെ ഇന്ത്യന്‍ ഹോട്ടല്‍ ബിസിനസ്, ഇന്റര്‍നാഷണല്‍ ആന്‍ഡ് ടെക്‌നോളജി ബിസിനസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കുക തുടങ്ങിയ പദ്ധതികളാണ് ഇതോടൊപ്പം ഒയോയ്ക്കുള്ളത്.

കമ്പനിയുടെ മുന്‍കാല നിക്ഷേപകരായ സെക്വേയ കാപിറ്റല്‍, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവരില്‍ നിന്നും ഓഹരി തിരികെ വാങ്ങുന്നതിനുള്ള നീക്കങ്ങള്‍ റിതേഷ് അഗര്‍വാളും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഒയോയുടെ 9.43 ശതമാനം ഓഹരികളാണ് അഗര്‍വാളിന്റെ കൈവശമുള്ളത്. സെക്വേയ 10.24 ശതമാനം ഓഹരികളും ലൈറ്റ്‌സ്പീഡ് 13.4 ശതമാനം ഓഹരികളും കൈവശം വെച്ചിട്ടുണ്ട്.

2017 മുതല്‍ സെക്വേയ കാപിറ്റലും ലൈറ്റ്‌സ്പീഡും ഒയോയില്‍ മറ്റ് നിക്ഷേപങ്ങളൊന്നും നടത്തിയിട്ടില്ല. കൂടുതല്‍ മൂലധനം ഒയോ സമാഹരിക്കുന്നു എന്നതാണ് കമ്പനിയുടെ പ്രശ്‌നം. ഐപിഒയുടെ അവസാന നിമിഷം വരെ ഒയോയില്‍ അവശേഷിക്കുന്ന നിക്ഷേപകന്‍ സോഫ്റ്റ്ബാങ്ക് മാത്രമാകാനാണ് സാധ്യത. അതികൊണ്ട് നിലവിലെ നിക്ഷേപരെ പോലെ വലിയൊരു സഹ നിക്ഷേപകനെ കണ്ടെത്താനുള്ള അവസരമാണ് ഐപിഒയില്‍ കമ്പനിക്ക് മുന്നിലുള്ളത്.

Comments

comments

Categories: Business & Economy