സുപ്രീം കോടതിയെ സമീപിച്ച് ജിയോ

സുപ്രീം കോടതിയെ സമീപിച്ച് ജിയോ

പോര്‍ട്ടിംഗ് ചാര്‍ജ് കുറച്ച ട്രായ് നടപടി റദ്ദാക്കിയ ഡെല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി

കൊല്‍ക്കത്ത: മൊബീല്‍ നമ്പര്‍ പോര്‍ട്ടിംഗിന്റെ ഫീസ് 80 ശതമാനത്തോളം കുറയ്ക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) തീരുമാനം റദ്ദാക്കിയ ഡെല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് റിലയന്‍സ് ജിയോ. 2018 ജനുവരിയിലാണ് ട്രായ്, പോര്‍ട്ട് ട്രാന്‍സാക്ഷന്‍ ചാര്‍ജ് 19 രൂപയില്‍ നിന്ന് നാല് രൂപയായി കുറച്ചത്. എന്നാല്‍ തീരുമാനം നിയമവിരുദ്ധവും അസ്ഥിരവുമാണെന്ന് നിരീക്ഷിച്ച ഡെല്‍ഹി ഹൈകോടതി ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ഇത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയ പശ്ചാത്തലത്തിലാണ് ജിയോ സുപ്രീംകോടതിയെ സമീപിച്ചത്.

നിരക്ക് കുറച്ച നടപടി തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി എംഎന്‍പി സേവനദാതാക്കള്‍ ട്രായ്‌ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. പോര്‍ട്ടിംഗ് ഫീ ഇനത്തില്‍ ടെലികോം സേവനദാതാക്കളില്‍ നിന്ന് ലഭിക്കാനുള്ള 2018 ഫെബ്രുവരി മുതലുള്ള കുടിശിക വീണ്ടെടുക്കാനുള്ള സൈനിവേഴ്‌സ് ടെക്, എംഎന്‍പി ഇന്റര്‍കണക്ഷന്‍ തുടങ്ങിയ എംഎന്‍പി സേവനദാതാക്കളുടെ ശ്രമം വൈകിപ്പിക്കാന്‍ റിലയന്‍സിന്റെ നീക്കം കാരണമാകും. 120 കോടി രൂപയോളമാണ് ഫീസ് കുടിശികയിനത്തില്‍ ഇവര്‍ക്ക് ലഭിക്കാനുള്ളത്.

Categories: Business & Economy, Slider
Tags: Jio