ഇന്തൊനേഷ്യ മാലിന്യങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചയച്ചു

ഇന്തൊനേഷ്യ മാലിന്യങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചയച്ചു

ജക്കാര്‍ത്ത: പുനചംക്രമണം ചെയ്യാന്‍ സാധിക്കില്ലെന്നു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്കു ഇന്തൊനേഷ്യ മാലിന്യങ്ങള്‍ തിരിച്ചയച്ചു. വിദേശമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമല്ല തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെന്ന പ്രഖ്യാപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം. ഓസ്‌ട്രേലിയയില്‍നിന്നെത്തിയ കണ്ടെയ്‌നറില്‍ ഇ-മാലിന്യം, ഉപയോഗിച്ച ക്യാനുകള്‍, പ്ലാസ്റ്റിക് ബോട്ടില്‍, എന്‍ജിന്‍ ഓയിലിന്റെ പഴയ ബോട്ടില്‍, ഉപേയാഗിച്ചു പഴകിയ ഷൂസുകള്‍ എന്നിവയുണ്ടായിരുന്നു. ഇത് വിഷലിപ്തവും മാരകവുമായ വസ്തുക്കളാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം മാലിന്യങ്ങളടങ്ങിയ 210.3 ടണ്‍ വരുന്ന എട്ട് കണ്ടെയ്‌നറുകള്‍ ഓസ്‌ട്രേലിയയിലേക്കു തിരിച്ച് അയയ്ക്കുമെന്ന് ഇന്തൊനേഷ്യ അറിയിച്ചു. വിദേശമാലിന്യങ്ങള്‍ ഇത്രയും കാലം റീസൈക്ലിംഗ് ചെയ്തിരുന്നത് ചൈനയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വിദേശമാലിന്യങ്ങളുടെ റീസൈക്ലിംഗ് ചൈന നിരോധിച്ചതോടെ ഇന്തൊനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് പോലുള്ള തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലാണ് വിദേശ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇതിനെതിരേ ഈ രാജ്യങ്ങള്‍ സമീപകാലത്ത് രംഗത്തുവരികയും ചെയ്തിരുന്നു. ഇതോടെ വിദേശരാജ്യങ്ങള്‍ക്ക് അവരുടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പുതിയ ഇടം കണ്ടെത്തേണ്ട സാഹചര്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

Comments

comments

Categories: World