ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യയില്‍

ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 25.30 ലക്ഷം രൂപ

കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 25.30 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവിയാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക്. വലുപ്പത്തിന്റെയും സ്ഥലസൗകര്യത്തിന്റെയും കാര്യത്തില്‍, ഹ്യുണ്ടായ് ക്രെറ്റ പോലെ കോംപാക്റ്റ് ക്രോസ്ഓവറാണ് ഹ്യുണ്ടായ് കോന. ഹ്യുണ്ടായുടെ തനത് കാസ്‌കേഡിംഗ് ഗ്രില്‍ പാറ്റേണ്‍ ഇലക്ട്രിക് കോനയുടെ ബംപറില്‍ കാണാം. ബൈ-ഫംഗ്ഷന്‍ (ഹൈ ബീം, ലോ ബീം) എല്‍ഇഡി ഹെഡ്‌ലാംപുകള്‍ അല്‍പ്പം താഴ്ത്തിയാണ് നല്‍കിയിരിക്കുന്നത്. ബോഡിയുടെ അതേ നിറത്തിലുള്ളതാണ് ബംപര്‍. വിര്‍ച്വല്‍ എന്‍ജിന്‍ സൗണ്ട് സിസ്റ്റമാണ് ഇലക്ട്രിക് കോനയുടെ പ്രധാന പ്രത്യേകത. ഇന്ത്യയില്‍ ഹ്യുണ്ടായുടെ ചെന്നൈ പ്ലാന്റിലാണ് കോന ഇലക്ട്രിക് തദ്ദേശീയമായി നിര്‍മ്മിക്കുന്നത്.

ആഗോളതലത്തില്‍ 39.2 കിലോവാട്ട്അവര്‍, 64 കിലോവാട്ട്അവര്‍ എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ 39.2 കിലോവാട്ട്അവര്‍ ബാറ്ററിയില്‍ മാത്രം വരുന്നു. സിംഗിള്‍ ചാര്‍ജില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാം. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് 7-8 മണിക്കൂര്‍ വേണ്ടിവരും. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. കൂടെകൊണ്ടുപോകാന്‍ കഴിയുന്ന ചാര്‍ജറും എസി വാള്‍ബോക്‌സ് ചാര്‍ജറും ഇലക്ട്രിക് കോനയുടെ കൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഏതൊരു ത്രീ-പിന്‍ 15 ആംപിയര്‍ സോക്കറ്റിലും പ്ലഗ്-ഇന്‍ ചെയ്യാന്‍ കഴിയുന്നതാണ് പോര്‍ട്ടബിള്‍ ചാര്‍ജര്‍. 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന് മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി ടോപ് അപ്പ് ചെയ്യാന്‍ കഴിയും. 7.2 കിലോവാട്ട് വാള്‍ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ച്, 50 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് ഒരു മണിക്കൂറിനുള്ളില്‍ വാഹനത്തിലെ ബാറ്ററി ടോപ് അപ്പ് ചെയ്യാം.

100 കിലോവാട്ട് മോട്ടോര്‍ നല്‍കിയാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ മോട്ടോര്‍ 131 ബിഎച്ച്പി കരുത്തും 395 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് കൈമാറുന്നത്. ആഗോളതലത്തില്‍ 150 കിലോവാട്ട് മോട്ടോറിലും ഹ്യുണ്ടായ് കോന ഇലക്ട്രിക് ലഭിക്കും. ഈ മോട്ടോര്‍ 200 ബിഎച്ച്പി കരുത്തും 395 എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് ഇന്ത്യാ സ്‌പെക് ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിക്ക് 9.7 സെക്കന്‍ഡ് മതി. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകള്‍.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, തുകല്‍ സീറ്റുകള്‍, പത്ത് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ഇലക്ട്രിക് കോനയുടെ സവിശേഷതകള്‍. ആറ് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി), ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, എല്ലാ ചക്രങ്ങളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

Comments

comments

Categories: Auto