ഉപഭോക്താകര്‍ഷണ യന്ത്രം… 14 ദിവസത്തില്‍ ഫലപ്രാപ്തി നിശ്ചയം!

ഉപഭോക്താകര്‍ഷണ യന്ത്രം… 14 ദിവസത്തില്‍ ഫലപ്രാപ്തി നിശ്ചയം!

ഏതൊരു വിജയകരമായ കൊടുക്കല്‍ വാങ്ങലിന്റെയും അന്തഃസത്ത ഉപഭോക്താവിനെ പൂര്‍ണമായും ഉള്‍കൊള്ളിച്ചു കൊണ്ട് ചര്‍ച്ചയില്‍ വ്യാപൃതരാക്കുക എന്നതാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങളും മനോനിലയും തിരിച്ചറിഞ്ഞ് ഉല്‍പ്പന്ന പരിചയം നല്‍കാന്‍ സാമര്‍ത്ഥ്യമുള്ള ജീവനക്കാര്‍ വ്യവസായത്തിന് അനുഗഹം തന്നെയാണ്. ജീവനക്കാരെ ഊര്‍ജസ്വലരാക്കിയും ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ഗ്രാഹ്യം വര്‍ധിപ്പിച്ചും സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് അടിത്തറ പാകാം

ഞാന്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയപ്പോള്‍ ലാപ്‌ടോപ്പ് മൗസ് കൊണ്ടുപോവാന്‍ മറന്നു. എന്നാല്‍ ഒന്ന് വാങ്ങിയേക്കാം എന്ന് കരുതി ആദ്യം കണ്ട വലിയ ഒരു കടയില്‍ തന്നെ കയറി. കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും വെച്ചിരിക്കുന്ന മേഖലയില്‍ ചെന്ന് വിവിധ തരത്തിലുള്ള മൗസുകള്‍ നോക്കാന്‍ തുടങ്ങി. അവിടെ നില്‍ക്കുന്ന സുമുഖനായ വില്‍പ്പനക്കാരന്‍ തികച്ചും യാന്ത്രികമായി ഒരു മൗസ് എടുത്ത് ഡിസ്‌പ്ലേ മേശയില്‍ വെച്ച് താടിക്കു കെയും കൊടുത്തു നിന്നു. ഞാന്‍ വെറുതെ ഒന്ന് എടുത്ത് നോക്കി അവിടെ തിരിച്ചു വെച്ച ശേഷം പെട്ടെന്ന് തന്നെ കടയില്‍ നിന്നും പുറത്തിറങ്ങി. ഭാഗ്യവശാല്‍ അടുത്തു തന്നെ വേറെ ഒരു സ്ഥാപനമുണ്ടായിരുന്നു. അവിടെ നിന്നും സന്തോഷത്തോടുകൂടി ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ നല്ല മൗസ് വാങ്ങുകയും ചെയ്തു. ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് നോക്കാം…

1. ആകര്‍ഷണ യന്ത്രം

ഇയാളെന്താ ജ്യോതിഷവും തുടങ്ങിയോ എന്ന് കരുതിയോ? പേടിക്കണ്ട. വ്യാപാര സംരംഭങ്ങളിലും ഏറ്റവും പ്രധാനം ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നത് തന്നെയാണ്. നിങ്ങളുടെ സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താവ് അകത്തു കയറുമ്പോള്‍ തന്നെ അല്ലെങ്കില്‍ ആദ്യം കാണുന്ന ആളോട് സംസാരിക്കുമ്പോള്‍ തന്നെ ശ്രദ്ധ പിടിച്ചെടുക്കുക. അതെങ്ങിനെ കഴിയും? നിങ്ങളുടെ ആദ്യ പ്രസ്താവനയിലാണ് കാര്യം. അത് അത്രയും ശക്തമായിരിക്കണം. അല്ലാതെ ‘സുഖം തന്നെയല്ലേ സര്‍/ മാഡം, ഞാന്‍ നിങ്ങളെ സഹായിക്കട്ടെ?’ എന്നുള്ള സ്റ്റീരിയോ ടൈപ്പ് പ്രസ്താവനകള്‍ മാത്രമല്ലാതെ ‘ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ അപ്രതീക്ഷിതമായ വിലയില്‍ ലഭിക്കുന്ന ഞങ്ങളുടെ സ്ഥാപനം തിരഞ്ഞെടുത്തതിന് നന്ദി’ എന്നത് പോലെയുള്ള വാക്യങ്ങള്‍ നല്ല ‘ജോഷ്’ ശബ്ദത്തില്‍ പ്രയോഗിക്കുക. അവര്‍ക്ക് നിങ്ങളെക്കാളും നിങ്ങള്‍ക്ക് അവരെയാണ് ആവശ്യം എന്നത് മറക്കരുത്. ഉദ്ദീപിപ്പിക്കുന്ന വാക്കുകള്‍ തന്നെ ആദ്യത്തെ 50% നിങ്ങള്‍ വിജയിച്ചു എന്നതിന്റെ ലക്ഷണമാണ്.

2. ആവശ്യം തിരിച്ചറിയുക

രണ്ടാമത് ചെന്ന സ്ഥാപനത്തിലെ വില്‍പ്പനക്കാരിയായ സ്ത്രീ, മൗസുകള്‍ വെച്ചിരിക്കുന്ന സ്ഥലത്തു നില്‍ക്കുന്ന എന്നോട് സാര്‍ താങ്കള്‍ മൗസ് ആണോ നോക്കുന്നത് എന്ന് ചോദിച്ചില്ല എന്ന് മാത്രമല്ല ഇവിടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള മൗസുകള്‍ ഉണ്ട് അതില്‍ പലതിലും ഇന്നത്തെ ദിവസം പ്രത്യേക ഓഫറുകള്‍ ഉണ്ടെന്നും പറഞ്ഞു. ഡിസൈന്‍ ചെയ്യുന്നവര്‍ക്കുള്ള മൗസ്, കളികള്‍ക്ക് ഉപയോഗിക്കുവാനുള്ള മൗസ്, ദൈനം ദിന ഉപയോഗത്തിനുള്ള മൗസ് എന്നിങ്ങനെ വിവിധങ്ങളായ മൗസുകളെക്കുറിച്ചു പറഞ്ഞ ശേഷം എന്റെ ആവശ്യം മനസ്സിലാക്കി അവയില്‍ ഏറ്റവും ഉപയോഗപ്രദമായ മൗസും നല്‍കി. ആദ്യത്തെ കടയില്‍ കണ്ട മൗസിനെക്കാള്‍ വില അല്‍പ്പം കൂടുതല്‍ ആയിരുന്നെങ്കിലും അവരുടെ വിശദീകരണങ്ങളില്‍ സംതൃപ്തനായ ഞാന്‍, സന്തോഷത്തോടെ ഉല്‍പ്പന്നം വാങ്ങുകയും തടര്‍ന്ന് എന്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വേണമെങ്കിലും ഇവിടെ വരാം എന്ന് വാഗ്ദാനം ചെയ്ത് പുറത്തിറങ്ങുകയും ചെയ്തു.

3. താല്‍പ്പര്യം ജനിപ്പിക്കുക

രണ്ടാമത്തെ കടയില്‍ അവര്‍ സാമര്‍ഥ്യത്തോടെ ചെയ്ത ഒരു കാര്യം അവിടെയുള്ള ഓരോ ഉല്‍പ്പന്നത്തിലും താല്‍പ്പര്യം ജനിപ്പിക്കുക എന്നതായിരുന്നു. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പോലും ആ മൗസ് കൊണ്ട് ചെയ്യാന്‍ പറ്റും എന്ന് അവര്‍ കാണിച്ചു തന്നു. അത് എന്നില്‍ ഉണര്‍ത്തിയ കൗതുകം അപാരം തന്നെയായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, വെറും ഒരു മൗസ് ആണ് അവര്‍ വിറ്റത്. അവര്‍ക്ക് ഓരോ ഉല്‍പ്പന്നത്തിലുമുള്ള അവഗാഹം, ചെയ്യുന്ന ജോലിയോടുള്ള പ്രതിബദ്ധത ഇതൊക്കെ തന്നെയല്ലേ അവരുടെ വിജയം?

4. പ്രമാണ പത്രം

സെയില്‍സ് സ്റ്റാഫ് എന്തൊക്കെ പറഞ്ഞാലും ഉപഭോക്താവെന്ന നിലക്ക് എപ്പോഴും ഒരു ചെറിയ വിശ്വാസക്കുറവ് ഉണ്ടായിരിക്കും, പ്രത്യേകിച്ച് ആദ്യത്തെ തവണ ഒരു സ്ഥാപനത്തില്‍ ചെല്ലുമ്പോഴോ അല്ലെങ്കില്‍ പുതിയ ഉല്‍പ്പന്നം വാങ്ങുമ്പോഴോ. അത് അറിയുന്ന സമര്‍ത്ഥനായ വില്‍പ്പനക്കാരന്‍ എന്താണ് ചെയ്യുക. ആ ഉല്‍പ്പന്നം അവിടെ നിന്നും വാങ്ങിയവരുടെ ഒരു സാക്ഷ്യ പത്രം വാങ്ങി വെക്കും. ഇതാണ് സത്യത്തില്‍ വജ്രായുധം. ഉല്‍പ്പന്നം വാങ്ങിയ വ്യക്തികളുടെ സാക്ഷ്യം കാണുമ്പോള്‍ തീര്‍ച്ചയായും വാങ്ങുവാനുള്ള പ്രചോദനം ഉണ്ടാവും.

5. വ്യാപൃതരാക്കുക

ഏതൊരു വിജയകരമായ കൊടുക്കല്‍ വാങ്ങലിന്റെയും അന്തഃസത്ത ഉപഭോക്താവിനെ പൂര്‍ണമായും ഉള്‍കൊള്ളിച്ചു കൊണ്ട് ചര്‍ച്ചയില്‍ വ്യാപൃതരാക്കുക എന്നതാണ്. ഈ മൗസ് വാങ്ങിക്കുമ്പോള്‍ അവര്‍ ചെയ്തത് വ്യത്യസ്തങ്ങളായ ഓരോന്നും എടുത്ത് എന്റെ കൈ കൊണ്ട് തന്നെ അവ ഓരോന്നും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ആ സമയത്ത് ഓരോന്നിന്റെയും പ്രത്യേകത വളരെ അധികം താല്‍പ്പര്യം ജനിപ്പിക്കുന്ന വിധം വിശദീകരിക്കുകയും ചെയ്യുക എന്നതായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് അവരുമായി വളരെ സാധാരണമായി ഇടപഴകാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല എനിക്ക് യോജിച്ച ഉല്‍പ്പന്നം തിരഞ്ഞെടുക്കുവാനും കഴിഞ്ഞു.

മുകളില്‍ പറഞ്ഞ പശ്ചാത്തലത്തിലൂടെ ഉപഭോക്താവെന്ന നിലയിലും വ്യാപാരി എന്ന നിലയിലും നിങ്ങളും തീര്‍ച്ചയായും കടന്നു പോയിരിക്കാം. ഈ പ്രക്രിയയില്‍ ഏറ്റവും പ്രധാനം, വ്യാപാരിക്കോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ / സേവനങ്ങള്‍ വിപണനം ചെയ്യുന്ന വ്യക്തിക്കോ ചെയ്യുന്ന പ്രവര്‍ത്തിയോട് പ്രതിബദ്ധതയും അറിവും ഉണ്ടായിരിക്കണം എന്നതാണ്. ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ നിങ്ങളുടെ സ്ഥാപനത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേറെ എന്തെല്ലാം കഴിവുകള്‍ ഉണ്ടെങ്കിലും ആദ്യം ചെയ്യേണ്ടത് അവരെ ഊര്‍ജസ്വലരാക്കുവാനുള്ള പരിശീലനം നല്‍കുക എന്നതാണ്. അതിനു ശേഷം ഉല്‍പ്പന്നത്തിലുള്ള അവബോധം കഴിയുന്നതും വര്‍ദ്ധിപ്പിക്കുക. ഇതിനു വേണ്ടി നിങ്ങള്‍ ചിലവഴിക്കുന്ന തുക തീര്‍ച്ചയായും നിങ്ങളുടെ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ഉപകരിക്കുമെന്ന് ഉറപ്പ്. പക്ഷെ…ഇതെല്ലാം ചെയ്തിട്ടും ആ വ്യക്തിയില്‍ ആവശ്യമായ വ്യക്തി വികാസം ജനിക്കുന്നില്ലെങ്കില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് അവരെ എത്രയും പെട്ടെന്ന് സ്ഥാപനത്തില്‍ നിന്നും പുറത്തു പോകുവാന്‍ നിര്‍ബന്ധിക്കുക എന്നതാണ്. ഇല്ലെങ്കില്‍ ഇവരുടെ അസുഖം നല്ല വിധത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സെയില്‍സ് സ്റ്റാഫുകളെയും ബാധിക്കും എന്ന് മാത്രമല്ല അധികം സാമസിയാതെ മണിച്ചിത്രത്താഴിട്ടു പൂട്ടുന്ന സ്ഥിതിയില്‍ എത്തിക്കും. നിങ്ങള്‍ ഓരോ സംരംഭകനും ഈ വിഷയത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തുമല്ലോ അല്ലെ?

( കല്യാണ്‍ജി പേര്‍സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400 )

Categories: FK Special, Slider