ഉന്നത മാനേജ്മെന്റില്‍ അഴിച്ചുപണി നടത്തിയതായും ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍
ന്യൂഡെല്‍ഹി : ഉന്നത മാനേജ്മെന്റില്‍ അഴിച്ചുപണി നടത്തിയതായി ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മാര്‍ക്കസ് ബ്രൗണ്സ്പെര്ഗറിന് പകരം വിക്രം കസ്ബേക്കറെ പുതിയ ചീഫ് ടെക്നോളജി ഓഫീസറായി (സിടിഒ) നിയമിച്ചു. പുതുതായി രൂപീകരിച്ച ‘എമര്‍ജിംഗ് മൊബിലിറ്റി’ ബിസിനസ് യൂണിറ്റിന്റെ ചുമതല രജത് ഭാര്ഗവയ്ക്കാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം എമര്‍ജിംഗ് മൊബിലിറ്റി യൂണിറ്റിന് ആയിരിക്കും. ഹീറോ മോട്ടോകോര്‍പ്പ് ചെയര്മാന് പവന് മുഞ്ജാല്‍ മുമ്പാകെയാണ് വിക്രം കസ്ബേക്കറും രജത് ഭാര്‍ഗവയും തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വാഹന വ്യവസായത്തിലെ പുത്തന്‍ പ്രവണതകളിലേക്ക് കടന്നുചെല്ലുകയാണ് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം.
നിലവില്‍ കോര്‍പ്പറേറ്റ് സ്ട്രാറ്റജി & പെര്‍ഫോമന്‍സ് ട്രാന്സ്ഫോര്മേഷന്റെയും ആഗോള ബിസിനസ്സിന്റെയും തലവനാണ് രജത് ഭാര്‍ഗവ. നിക്ഷേപം നടത്തിയും ഉചിതമായ ആളുകളെ നിയമിച്ചും വാഹന വ്യവസായത്തിന്റെ ഈ പരിവര്‍ത്തന ഘട്ടത്തില്‍ മുന്‍ നിരയില്‍ കളിക്കാനാണ് തീരുമാനമെന്ന് ഭാര്‍ഗവ പറഞ്ഞു. ഹീറോ മോട്ടോകോര്‍പ്പ് ഓപ്പറേഷന്‍സ് (പ്ലാന്റ്സ്) വിഭാഗം എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് നിലവില്‍ വിക്രം കസ്ബേക്കര്‍. ഇനി അദ്ദേഹം ആഗോളതലത്തില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ഗവേഷണ വികസന വിഭാഗത്തിന് മേല്‍നോട്ടം വഹിക്കും. ഹീറോ ഇലക്ട്രിക് കൂടാതെ, ഹീറോ മോട്ടോകോര്പ്പില്നിന്നുതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനാണ് എമര്‍ജിംഗ് മൊബിലിറ്റി വിഭാഗം സൃഷ്ടിച്ചിരിക്കുന്നത്.
ഹീറോ മോട്ടോകോര്‍പ്പിന് രണ്ട് ഗവേഷണ വികസന കേന്ദ്രങ്ങളാണ് ഉള്ളത്. ജയ്പുരില്‍ പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി സെന്ററും മ്യൂണിക്കില്‍ സ്ഥിതി ചെയ്യുന്ന ഹീറോ ടെക് സെന്റര്‍ ജര്‍മ്മനിയുമാണ് ഇവ. രണ്ട് ആര്&ഡി കേന്ദ്രങ്ങളും യഥാക്രമം 2016 ലും 2019 ലുമാണ് സ്ഥാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാര്‍ക്കസ് ബ്രൗണ്സ്പെര്ഗര് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ എക്സ്ട്രീം മോട്ടോര്‍സൈക്കിളുകള്‍, എക്സ്പള്‍സ് മോട്ടോര്‍സൈക്കിളുകള്‍, ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 125 തുടങ്ങി നാല്‍പ്പത് പുതിയ മോഡലുകളും വേരിയന്റുകളുമാണ് വിപണിയിലെത്തിച്ചത്. യൂറോപ്പ് ആയിരിക്കും ഇനി മാര്‍ക്കസിന്റെ കര്‍മ്മ മണ്ഡലം.